Friday, June 12, 2009

ലാവലിന് കേസ്: അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്ട്ട്: പ്രസക്തഭാഗങ്ങള്

തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ. സംസ്ഥാന മന്ത്രി സഭയുടെ ശുപാർശയെ ധിക്കരിച്ച് കോൺഗ്രസ്സിന്റെ താളത്തിനു തുള്ളിയ ഗവർണർ ആർ എസ് ഗവായ് തട്ടിക്കളഞ്ഞത് ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടിയാണ്. ലാവ്ലിൻ കേസിൽ സി ബി ഐ കെട്ടിപ്പൊക്കിയ വാദമുഖങ്ങൾ യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും നിയമപരമായി നിലനില്പില്ലാത്തതാണെന്നും അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദ് വ്യക്തമാക്കുന്നു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ

ഇടപെട്ടത് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍

കേരളത്തില്‍ കടുത്ത വൈദ്യുതിക്ഷാമം നിലനില്‍ക്കുന്ന കാലത്താണ് 1995 ആഗസ്ത് പത്തിന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനും പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തെ സംബന്ധിച്ച് ധാരണപത്രം ഒപ്പിടുന്നത്. അക്കാലത്ത് രൂക്ഷമായിരുന്ന വൈദ്യുതിക്ഷാമം പരിഹരിക്കേണ്ടത് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും അടിയന്തര ഉത്തരവാദിത്തമായിരുന്നു. ഈ പദ്ധതികള്‍ എസ്എന്‍സി ലാവ്ലിനെ ഏല്‍പ്പിക്കുന്നത് ഇടുക്കി പദ്ധതിപോലെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലാവ്ലിന്റെ മുന്‍പരിചയംകൂടി പരിഗണിച്ചായിരുന്നു. മാത്രമല്ല, അക്കാലത്തുതന്നെ കുറ്റ്യാടി പദ്ധതി നിര്‍വഹണം എംഒയു റൂട്ടിലൂടെ ലാവ്ലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ എസ്എന്‍സി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടെന്ന് ആരോപിക്കാന്‍ സാധിക്കില്ല. 1995 ആഗസ്ത് പത്തിന് ഒപ്പുവച്ച എംഒയു പ്രകാരം 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായി കെഎസ്ഇബി പദ്ധതി നടത്തിപ്പിന് കരാറിലേര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം 181.51 കോടി രൂപ മൂന്ന് പദ്ധതിക്കുമായി കനേഡിയന്‍ സാധന സാമഗ്രികള്‍ക്കായി ചെലവുവരുമെന്ന് കണക്കാക്കിയിരുന്നു. പിണറായി വിജയന്‍ 1996 മേയില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തിനുവേണ്ടി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു കരാര്‍ നിലവിലുണ്ടായിരുന്നു. 24.2.1996ലെ ഈ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. 246 കോടി രൂപ കസള്‍ട്ടന്‍സി ഫീ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നെങ്കില്‍ കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നു. ഇത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നു. മാത്രമല്ല, സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ അപ്രകാരം ഒരു തീരുമാനമെടുക്കുന്നത് യുക്തിരഹിതമാണ്. 1996 ഫെബ്രുവരി 24ന് പിഎസ്പി(പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാര്‍ ഒപ്പിട്ട അന്നുതന്നെയാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുള്ള സപ്ലൈ കരാര്‍ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ടത്. ആ പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ പിന്നീട് മന്ത്രിയായി വന്ന പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കു മാത്രമാണ് 1996 ഒക്ടോബറില്‍ കനഡയിലേക്ക് പോയത്. പിണറായി വിജയന്റെ കനഡയാത്രയുടെ മിനിട്സ് പരിശോധിച്ചാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി വായ്പ ലഭിക്കുന്നതിനായാണ് പോയതെന്നും മറിച്ച് കനഡയില്‍നിന്ന് വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചുറപ്പിക്കാനല്ല എന്നും കാണാവുന്നതാണ്. പിണറായി വിജയന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ 1996 ഫെബ്രുവരി 24ലെ കരാര്‍പ്രകാരം പദ്ധതി നടത്തിപ്പിനായി യന്ത്രസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനും അത് വാങ്ങുന്നതിനുള്ള വായ്പ കനഡയില്‍നിന്ന് വാങ്ങാനും തീരുമാനിച്ചിരുന്നു. ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ലൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തതിനുശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഏതെങ്കിലും രൂപത്തിലുള്ള ദുരുദ്ദേശ്യം കരാര്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നില്ല എന്നതാണ്.

ഗൂഢാലോചന സാങ്കല്‍പ്പികം

അടിസ്ഥാനമായി ഐപിസി 120 ബി, 420 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സിബിഐ ആരോപിക്കുന്നത്. 120 ബി വകുപ്പു പരാമര്‍ശിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രതികള്‍ തമ്മില്‍ ഒരു നിയമ വിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ന്യായമായ പ്രവൃത്തിയെ നിയമവിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതിനുള്ള കൂട്ടായ പരിശ്രമം നടത്തണം. അതിനായി പ്രതികള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഒരു കരാറാണ് യഥാര്‍ഥത്തില്‍ കുറ്റകരമായ ഗൂഢാലോചന. ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധികള്‍ നിരവധിയുണ്ട്. ഈ നിയമ വ്യാഖ്യാനത്തിന്റെകൂടി അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഈ കേസിലെ പ്രതികള്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിയമപരമായോ അല്ലാതെയോ ഒരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി സിബിഐ ആരോപിക്കുന്നുപോലുമില്ല. മുമ്പ് വൈദ്യുതമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്ത് 10 നാണ് പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുമായി ബന്ധപ്പെട്ട് ആദ്യം എംഒയു ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്റെ കാലത്തു തന്നെ 1996 ഫെബ്രുവരി 24ന് വിശദമായ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ പലേടത്തും ജി കാര്‍ത്തികേയനാണ് ഈ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതെന്നും ഇത്തരമൊരു ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതെന്നും ആരോപിക്കുന്നുണ്ടെങ്കിലും കാര്‍ത്തികേയനെതിരായി ഒരു വിധ തെളിവും ഇല്ലെന്നും പറയുന്നു. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒരു ഗൂഢാലോചനക്കുറ്റവും മറ്റു പ്രതികള്‍ക്കെതിരായും നിലനില്‍ക്കുന്നതല്ല. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതുംതുടക്കമിട്ടതുമായ വ്യക്തിക്കെതിരെ തെളിവില്ലെന്ന് സിബിഐ തന്നെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നതിനാല്‍ അവര്‍ ആരോപിക്കുന്ന ഗൂഢാലോചനതന്നെ നിയമപരമായി നിലനില്‍ക്കില്ല. പ്രതികള്‍ കുറ്റക്കാരായ ഒരു ഗൂഢാലോചനയ്ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയോ അതിനായി ഒരു കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തതായി ഒരു ആരോപണംപോലും സിബിഐ ഉന്നയിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഐപിസി 120 ബി പ്രകാരമുള്ള കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഒരു തെളിവുമില്ല. ആരോപണം അടിസ്ഥാനപരമായി നിലനില്‍ക്കുന്നതുമല്ല.

ദുരുദ്ദേശ്യം എവിടെ?

സിബിഐ റിപ്പോര്‍ട്ടിലെ ഒരാരോപണം ഐപിസി 420- ാം വകുപ്പു പ്രകാരമുള്ള വഞ്ചനക്കുറ്റം ചെയ്തുവെന്നതാണ്. ഐപിസി 415-ാം വകുപ്പ് വഞ്ചനക്കുറ്റം നിര്‍വചിക്കുന്നു. അതു പ്രകാരം ഒരു വ്യക്തി കളവായോ വഞ്ചിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ മറ്റൊരു വ്യക്തിയെ സ്വാധീനിച്ച് നഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. വഞ്ചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ ദുരുദ്ദേശ്യത്തോടുകൂടിയ വഞ്ചന നടത്തിയിരിക്കണം. അതുവഴി മറ്റൊരാളെ സ്വാധീനിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്യണം. എന്നാല്‍, സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങളും രേഖകളും പരിശോധിച്ചാല്‍ പ്രതികള്‍ ദുരുദ്ദേശ്യത്തോടെ പദ്ധതിനടത്തിപ്പിന്റെ കാര്യത്തില്‍ ഇടപെട്ടതായി കാണുന്നില്ല. ഐപിസി 420-ാം വകുപ്പുപ്രകാരം ആരോപിക്കുന്ന കുറ്റം ഈ കരാറുകള്‍ക്ക് തുടക്കംകുറിച്ച കാര്‍ത്തികേയനെതിരായി സിബിഐ ആരോപിക്കുന്നില്ല. അക്കാരണത്താല്‍തന്നെ മറ്റുള്ളവര്‍ക്കെതിരെയും ഇത് നിലനില്‍ക്കത്തക്കതല്ല. മാത്രമല്ല പിണറായി വിജയന്‍ ആ കാലയളവില്‍ ചിത്രത്തില്‍ വന്നിട്ടുമില്ല.

ക്യാന്‍സര്‍ സെന്റര്‍ വ്യക്തിപരമായ നേട്ടമോ ?

സിബിഐയുടെ ഒരാരോപണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സംബന്ധിച്ചുള്ളതാണ്. ഇവിടെയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു ഒരു ആശുപത്രി പൊതുതാല്‍പ്പര്യപ്രകാരം സ്ഥാപിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ തീരുമാനമെടുത്തത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ ഒരു നേട്ടവും ഉണ്ടാക്കിയതായി തെളിവില്ലാത്തതിനാലാണ് ജി കാര്‍ത്തികേയന്‍ കുറ്റവിമുക്തനാകുന്നതെന്ന് പറയുന്നുണ്ട്. അതേ മാനദണ്ഡം സ്വീകരിക്കുകയാണെങ്കില്‍ വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കിയതായി ആരോപിച്ചിട്ടില്ലാത്തതിനാല്‍ പിണറായി വിജയനെയും സിബിഐ കുറ്റവിമുക്തനാക്കേണ്ടതായിരുന്നു. മാത്രമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വഞ്ചനാപരമായ പ്രവൃത്തി ചെയ്യുന്നതിന് ഏതെങ്കിലും ഒരു ധാരണയോ തീരുമാനമോ കൈക്കൊണ്ടതായി ആരോപിച്ചിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഒരു കരാര്‍ ഉണ്ടാക്കുന്നതിനുപകരം ധാരണപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതുകൊണ്ട് വാഗ്ദാനംചെയ്തിട്ടുള്ള തുക നല്‍കാതെ ലാവ്ലിന് രക്ഷപ്പെടാനായെന്നും അക്കാരണങ്ങളാല്‍ ഐപിസി 420 വകുപ്പുപ്രകാരമുള്ള കുറ്റംചെയ്തു എന്നുമാണ്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഉണ്ടായ അടിസ്ഥാനധാരണ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് തുക സമാഹരിച്ച് ലാവ്ലിന്‍ നല്‍കുമെന്നതായിരുന്നു. എന്നാല്‍, അത്തരത്തില്‍ സാമ്പത്തികസഹായം നല്‍കുന്ന സ്ഥാപനങ്ങളുമായി വ്യക്തമായ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍മാത്രമേ ലാവ്ലിന് സര്‍ക്കാരുമായി ബാധ്യതപ്പെടുന്ന ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇക്കാരണംകൊണ്ട് മാത്രമാണ് കരാറിനുപകരം ധാരണപത്രം ഒപ്പിടാന്‍ ഇടയായത് എന്ന് രേഖകളില്‍ കാണാവുന്നതാണ്. ഈ സാഹചര്യത്തില്‍ ധാരണപത്രം ഒപ്പിടാന്‍ എടുത്ത തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ധാരണപത്രം നിലവിലുള്ളപ്പോള്‍തന്നെ 12.75 കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ പണി നടത്തിയിട്ടുമുണ്ട്.

ബാലാനന്ദന്‍, സുബൈദ കമ്മിറ്റികള്‍

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സിബിഐ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത് കേരളത്തിലെ വൈദ്യുതിരംഗത്തെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്. ഈ കമ്മിറ്റി പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണപദ്ധതികളെ സംബന്ധിച്ച് പ്രത്യേകം പഠിക്കാന്‍വേണ്ടി നിയമിച്ചതല്ല. മാത്രമല്ല, 1996 ഫെബ്രുവരി 24ന്റെ കരാര്‍ നിലവില്‍വന്ന ശേഷമാണ് ബാലാനന്ദന്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. ഈ കമ്മിറ്റി വൈദ്യുതി ഉല്‍പ്പാദനരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കൂട്ടത്തിലാണ് ഈ പദ്ധതികളെപ്പറ്റി പരാമര്‍ശിച്ചത്. എന്നാല്‍, കെഎസ്ഇബി ഈ പദ്ധതികളുടെ നവീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ എന്ന നിലയ്ക്കാണ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് പദ്ധതി നിര്‍വഹണവുമായി പ്രത്യേകിച്ച് പ്രസക്തിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ പദ്ധതികളുടെയും ശബരിഗിരി നവീകരണ പദ്ധതിയുടെയും ചെലവുകള്‍ താരതമ്യംചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കെഎസ്ഇബി നിശ്ചയിച്ചതാണ്. എന്നാല്‍, കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎസ്പി പദ്ധതികള്‍ക്കു വേണ്ടിവരുന്ന ചെലവ് ശബരിഗിരി പദ്ധതിക്കു വേണ്ടിവരുന്ന ചെലവിനേക്കാള്‍ കൂടുതലാണെന്ന് പറയുന്നുണ്ടെങ്കിലും ഈ രണ്ട് പദ്ധതിയിലുമുള്ള പ്രവൃത്തിയുടെ സ്വഭാവം താരതമ്യപ്പെടുത്താവുന്നതല്ല എന്നും പറയുന്നു.

തീരുമാനങ്ങള്‍ നേരത്തെ എടുത്തു

പിണറായി വിജയന്‍ കനഡയില്‍ പോയി സാധനസാമഗ്രികളുടെ വില നിശ്ചയിച്ചതായും തുടര്‍ന്ന് സപ്ലൈ കരാര്‍ ഒപ്പിട്ടതായും സിബിഐ ആരോപിക്കുന്നു. എന്നാല്‍, 1996ജനുവരി മൂന്നിന് തന്നെ ലാവ്ലിന്‍ കെഎസ്ഇബിക്ക് അയച്ച കത്തില്‍ ലാവ്ലിനായിരിക്കും സാധനസാമഗ്രികള്‍ സപ്ലൈചെയ്യുക എന്നും അതിന്റെ അടിസ്ഥാനത്തിലാണ് കനഡയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്് 1996 ഫെബ്രുവരിയിലെ കസള്‍ട്ടന്‍സി കരാറിലും ലാവ്ലിന്‍ പ്രൊക്യുര്‍മെന്റ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പിണറായി വിജയന്‍ മന്ത്രിയാകുന്നതിനുമുമ്പും പിന്‍പും കെഎസ്ഇബിയുമായി നടത്തിയിട്ടുള്ള ഒട്ടനവധി കത്തിടപാടുകളിലും വായ്പയെടുക്കുന്നത് സംബന്ധിച്ചും യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നത് സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന് ലാവ്ലിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം കെഎസ്ഇബിയും ലാവ്ലിനും പരസ്പരധാരണയോടുകൂടി കൈക്കൊണ്ടതാണെന്നും ഇതില്‍ പിണറായി വിജയന് പങ്കില്ലെന്നുമാണ്.

അതും സിബിഐ കണ്ടില്ല

243 കോടി ഒട്ടാകെ ചെലവുവരുന്ന പിഎസ്പി നവീകരണ പദ്ധതികള്‍ക്കായി മൂന്ന് പ്രത്യേക കരാറുണ്ടാക്കിയത് സിഇഎയുടെ മാര്‍ഗനിര്‍ദേശം മറികടന്നാണെന്നും സിബിഐ ആരോപിക്കുന്നു. ഒരു പദ്ധതി അടങ്കല്‍ 100 കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ സിഇഎയുടെ അംഗീകാരം വാങ്ങിക്കണമെന്നാണ് മുമ്പുള്ള വ്യവസ്ഥ. ഈ മൂന്ന് പദ്ധതിക്കുംവേണ്ടിയുള്ള സപ്ലൈ കരാര്‍ ഒപ്പുവച്ചത് 10.2.1997ലാണ് എന്നാല്‍, അതിനുമുമ്പ് 9.1.1997ന് കേന്ദ്രസര്‍ക്കാര്‍ 100 കോടി പരിധി 500 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അക്കാരണത്താല്‍ സിബിഐ ആരോപണം നിലനില്‍ക്കുന്നതല്ല.

ആഗോള ടെന്‍ഡര്‍ എങ്ങനെ?

പിഎസ്പി നവീകരണ പദ്ധതികളുടെ ചെലവ് സംബന്ധിച്ച് പരിശോധിക്കാന്‍ കെഎസ്ഇബി എന്‍എച്ച്പിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ ലാവ്ലിന്‍ മുന്നോട്ടുവച്ച നിരക്ക് അന്തര്‍ദേശീയ നിരക്കുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ശുപാര്‍ശ നല്‍കി. എന്നാല്‍, സിബിഐ ഈ ശുപാര്‍ശ കണക്കിലെടുക്കാതെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളെമാത്രം ആസ്പദമാക്കി ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കനഡയില്‍നിന്ന് വായ്പ ലഭ്യമാകണമെങ്കില്‍ സാധനസാമഗ്രികള്‍ അവിടന്നുതന്നെ വാങ്ങേണ്ടതുണ്ട്. അത്തരമൊരു നിബന്ധന സ്വീകരിച്ച് 1996 ഫെബ്രുവരിയില്‍ത്തന്നെ കരാറിലേര്‍പ്പെട്ടിട്ടുള്ളതിനാല്‍ പിന്നീട് ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധ്യമല്ല. മാത്രമല്ല, പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കെഎസ്ഇബിയും ലാവ്ലിനും കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ രീതി സ്വീകരിക്കാനും തീരുമാനിച്ചു. ഇത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല.

ലിശ: വിചിത്രവാദം

സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പ വാങ്ങിക്കുന്നതിന് പലിശ കൂടുതലാണെന്നും പിഎഫ്സിയില്‍നിന്ന് വായ്പയെടുക്കുന്നതായിരുന്നു കൂടുതല്‍ ലാഭകരമെന്നും പറയുന്നുണ്ട്. ഇതും വസ്തുതാവിരുദ്ധമാണ്. സിബിഐതന്നെ ഹാജരാക്കിയ 96-97 കാലത്തെ പിഎഫ്സി വായ്പനിരക്കുകളും നിബന്ധനകളും സംബന്ധിച്ച രേഖ പരിശോധിച്ചാല്‍ പലിശയും ചെലവും 19 ശതമാനത്തിന് മുകളില്‍ വരും. കൂടാതെ പിഎഫ്സി മുന്നോട്ടുവച്ച പല നിബന്ധനകളും സംസ്ഥാന താല്‍പ്പര്യത്തിന് യോജിക്കുന്നതല്ല. കെഎസ്ഇബിക്ക് ലാഭം ഉറപ്പുവരുത്തണമെന്നും അതിനായി ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ അവര്‍ മുന്നോട്ടുവച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പയ്ക്കെടുക്കുന്നതിന് ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി ബാങ്കുകള്‍വഴി നല്‍കിയതു സംബന്ധിച്ച് പറയുന്നുണ്ട്. ഇഡിസി വായ്പയ്ക്ക് 57 ശതമാനം സംസ്ഥാന സര്‍ക്കാരും 43 ശതമാനം ബാങ്കുകളും വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റിയുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, വിദേശ ധനസ്ഥാപനമായ ഇഡിസിക്ക് നേരിട്ട് ഗ്യാരന്റി നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായി അധികരമില്ലാത്തതിനാല്‍ പൂര്‍ണമായും ബാങ്കുകള്‍വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി നല്‍കാനാണ് തീരുമാനിച്ചത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. മാത്രമല്ല, വാണിജ്യവ്യാപാര ഇടപാടുകളില്‍ ഒരു നിയമാനുസൃത നടപടിക്രമവുമാണ്.

ആശുപത്രിക്കുവേണ്ടി ഗൂഢാലോചന!

പിണറായി വിജയനെതിരെ മറ്റൊരു ആരോപണം മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സഹായം നേടിയെടുക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ്. പൊതുജനങ്ങളുടെ ആവശ്യത്തിനായാണ് എംസിസി സ്ഥാപിച്ചത് എന്നതിനാല്‍ എന്തെങ്കിലും ദുരുദ്ദേശ്യം അതില്‍ ഉണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ല. പിണറായി വിജയന് എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം ഉണ്ടായതായി സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറ്റൊരു ആരോപണം എംഒയു(ധാരണപത്രം)വിന് പകരം എംഒഎ (കരാര്‍)ഉണ്ടാക്കണമായിരുന്നു എന്നതാണ്. എംഒയുവില്‍തന്നെ പറയുന്നത് പണം ലഭ്യമാക്കാന്‍ മറ്റ് ധനസ്ഥാപനങ്ങളും സംഭാവന നല്‍കാന്‍ തയ്യാറുള്ള മറ്റുള്ളവരുമായി ചര്‍ച്ചചെയ്ത് ഒരു ഫിനാന്‍സിങ് സ്ട്രക്ചര്‍ ഉണ്ടാക്കണമെന്നും അതിനുവേണ്ടി രേഖകള്‍ തയ്യാറാക്കണമെന്നുമാണ്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് സിഐഡിഎയെക്കൂടി പങ്കാളികളാക്കണമെന്ന ധാരണയുണ്ടായത്. അതുകൊണ്ട് എംഒയുവിന്റെ കാലാവധി തുടര്‍ന്ന് നീട്ടാന്‍ ധാരണയായി. 1996ല്‍ പിണറായി വിജയന്‍ കനഡ സന്ദര്‍ശിച്ചപ്പോള്‍ കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആദ്യമായി പരാമര്‍ശം വന്നത്. ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നതെന്ന് എംസിസിയും പിഎസ്പി കരാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ്. എംസിസിക്കുള്ള ഗ്രാന്റ് എസ്എന്‍സി ലാവ്ലിനും കേരളവുമായി ഉണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിനുള്ള സഹായം എസ്എന്‍സി ലാവ്ലിന്‍ മറ്റ് ഏജന്‍സികളില്‍നിന്ന്സമാഹരിച്ച് നല്‍കേണ്ടതായിരുന്നതിനാല്‍ ആ അവസരത്തില്‍ അത്തരം ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പുവരുത്താതെ ഒരു എംഒഎയില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. പ്രോജക്ട് നടപ്പാക്കാന്‍ മന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്‍ കാണിച്ച താല്‍പ്പര്യം ദുരുദ്ദേശ്യപരമോ നിയമവിരുദ്ധമായ എന്തെങ്കിലും താല്‍പ്പര്യം കൊണ്ടാണെന്നോ പറയാന്‍ പറ്റില്ല. മന്ത്രി എന്ന നിലയ്ക്ക് പൊതുജനതാല്‍പ്പര്യത്തിനുവേണ്ടി ചെയ്തതാണ്. തലശേരിയില്‍ എംസിസി സ്ഥാപിക്കാന്‍ പിണറായി വിജയന്‍ താല്‍പ്പര്യം കാണിച്ചത് രാഷ്ട്രീയലാഭത്തിനുവേണ്ടിയാണെന്ന സിബിഐയുടെ നിലപാട് സ്വീകാര്യമല്ല. ഇത് വടക്കന്‍ കേരളത്തിലെ രോഗികള്‍ക്ക് ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ്. ഇതിന്റെ പ്രയോജനം കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുള്ള സമീപ ജില്ലകളിലെ ജനങ്ങള്‍ക്കുകൂടി ലഭിക്കും. തൃശൂരും തിരുവനന്തപുരത്തും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൌകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് പിണറായി വിജയന്‍ എടുത്ത തീരുമാനം തികച്ചും ന്യായീകരിക്കാവുന്നതാണ്. റെയില്‍വേയുടെ സോണല്‍ ഹെഡ് ക്വോര്‍ട്ടേഴ്സ് ബംഗളൂരുവിനുപകരം ഹൂബ്ളിയില്‍ സ്ഥാപിക്കാന്‍ എടുത്ത രാഷ്ട്രീയ തീരുമാനം നിയമപരമായി ദുരുദ്ദേശ്യപരമല്ലെന്നും ഒരു ഭരണാധികാരിക്ക് അത്തരം തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ പിഎസ്പി പ്രോജക്ടിനെ സംബന്ധിച്ച ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച വസ്തുത മറച്ചുവച്ചു എന്ന ആരോപണം ശരിയല്ല.

മറയില്ലാതെ

പിഎസ്പി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനുള്ള മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പില്‍ 1997ഫെബ്രുവരി പത്തിന്റെ സപ്ലൈ കോട്രാക്ട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മറച്ചുവച്ചെന്ന് സിബിഐ ആരോപിച്ചിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് 1998 ജനുവരി 21ന്റെ കെഎസ്ഇബി സെക്രട്ടറിയുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ കത്തില്‍ 1997 ഫെബ്രുവരി പത്തിന് ഒപ്പുവച്ച സപ്ലൈ കരാറിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ആ സമയത്ത് ഈ വിവരം കെഎസ്ഇബി അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് സിബിഐ ആരോപിക്കുംവിധം ഒരുവിധ മറച്ചുവയ്ക്കലും ഉണ്ടായിട്ടില്ല.

എംഒയുപോലും വായിച്ചില്ല

എംസിസി കെട്ടിടംപണി സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നതിനുപകരം ടെക്നിക്കാലിയ വഴി ലാവ്ലിന്‍ ചെയ്യിച്ചത് തെറ്റാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് എംഒയു ധാരണയ്ക്ക് അനുസൃതമായാണ് ചെയ്തിട്ടുള്ളത്. എംഒയുവിലെ വ്യവസ്ഥകള്‍ പ്രകാരം എസ്എന്‍സി ലാവ്ലിന് ഇതിനുള്ള അധികാരമുണ്ട്. അതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ല. മുന്‍ ധനകാര്യ സെക്രട്ടറി വരദാചാരിക്കെതിരായി പിണറായി വിജയന്‍ ആക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് സിബിഐ റിപ്പോര്‍ട്ടും മൊഴികളും പരിശോധിച്ചാല്‍ വ്യക്തമാകും. ഇതുസംബന്ധിച്ച് സിബിഐ ഹാജരാക്കിയ വരദാചാരിയുടേതടക്കം മൂന്ന് മൊഴിയും പരിശോധനയില്‍ പരസ്പരവിരുദ്ധമാണെന്നു കണ്ടു.

കടപ്പാട്: ദേശാഭിമാനി


2 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് പിണറായി നഷ്ട്ടം ഉണ്ടാക്കി എന്ന് മാത്രമല്ല...
ഒരു ഗൂഡാലോചനയുടെ ഫലമായി കാന്‍സര്‍ സെന്റര്‍ ഇന് കൊടുത്ത 90 കോടി യോളം രൂപ പല കൈകളിലേക്കും പോയിട്ടുണ്ട്. പാര്‍ട്ടി ക്കും കുറെ നേതാക്കന്മാര്‍ക്കും. സമരം നടത്തിയ , ബ്ലോഗ്‌ എഴുതിയ സാധാരണ സഖാക്കള്‍ മണ്ടന്മാരാകും.

സന്തോഷ് said...

Shut your eyes to the facts. let your "beliefs" save you.