Saturday, August 08, 2009

ലാവ്‌ലിന്‍ - വസ്‌തുതകളെന്ത്‌?

1. എന്താണ്‌ ലാവ്‌ലിന്‍ പ്രശ്‌നം

തിരുവിതാംകൂറില്‍ രാജഭരണം ഉണ്ടായിരുന്ന കാലത്ത്‌ ആരംഭിച്ച ജലവൈദ്യുത നിലയങ്ങള്‍ നവീകരിക്കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനം നടത്താന്‍ 1991-1996 കാലത്തെ യു.ഡി.എഫ്‌ സര്‍ക്കാര്‍ ധനസഹായത്തിനായി കാനഡ സര്‍ക്കാരിനെ സമീപിച്ചു. അതിനായി ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കി. ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായ കാലത്താണ്‌ നവീകരണത്തിനായി ധാരണാപത്രവും കരാറും ഉണ്ടാക്കിയത്‌. കരാറിന്റെ അന്തിമഘട്ടത്തിലാണ്‌ പിണറായി വിജയന്‍ മന്ത്രിയായത്‌. കരാറിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും പണം നല്‍കിയതും വീണ്ടും യു.ഡി.എഫ്‌ അധികാരത്തില്‍ വന്നപ്പോഴാണ്‌. ഇക്കാര്യങ്ങളൊന്നും ആര്‍ക്കും നിഷേധിക്കാനാകാത്തതും വിജിലന്‍സിന്‍േറതടക്കമുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞതുമാണ്‌. രാഷ്‌ട്രീയപ്രേരിതമായി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ച യുഡിഎഫിന്‌ വിജിലന്‍സ്‌ അന്വേഷണംതന്നെ മറുപടി നല്‍കി-പിണറായി ഈ പ്രശ്‌നതില്‍ ഒരുതെറ്റും ചെയ്‌തിട്ടിലെന്ന്‌ യുഡിഎഫ്‌ ഭരണകാലത്തുതന്നെ അന്വേഷിച്ച്‌ വിജിലന്‍സ്‌ വ്യക്തമാക്കി. എന്നിട്ടും സ: പിണറായി വിജയനെതിരെ രാഷ്‌ട്രീയപ്രേരിതമായി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ഈ പ്രശ്‌നം സജീവമായി ഉയര്‍ന്നുവരാന്‍ ഇടയായത്‌.

2. എം.ഒ.യു(ധാരണാപത്രം) റൂട്ടിലുള്ള ഇത്തരം കരാറുകള്‍ രൂപപ്പെടുന്ന രീതി എന്താണ്‌? അത്‌ എപ്രകാരമാണ്‌ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ വന്നിട്ടുള്ളത്‌?

വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ രണ്ട്‌ മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്രം പത്രം അഥവാ എം.ഒ.യു റൂട്ടാണ്‌. ബന്ധപ്പെട്ട കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിന്റെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗമാണ്‌ ആഗോള ടെണ്ടര്‍ വിളിക്കുന്നത്‌.

എം.ഒ.യു റൂട്ടിലുള്ള കരാറിന്‌ മൂന്ന്‌ ഘട്ടമാണ്‌ ഉണ്ടാവുക. ആദ്യത്തേത്‌ ധാരണാപത്രം ഒപ്പുവയ്‌ക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജക്‌ട്‌, ഏത്‌ കമ്പനി, എത്ര തുക, വായ്‌പ എങ്ങനെയാണ്‌ ലഭിക്കുക തുടങ്ങിയ പൊതു കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയിലെത്തുക. രണ്ടാം ഘട്ടത്തില്‍ ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌. കമ്പനി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കമ്പനി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ എന്തെന്നും ഓരോന്നിന്റെയും സവിശേഷതകളും വിലയും ആ ഘട്ടതില്‍ തീരുമാനിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ കണ്‍സള്‍ട്ടന്‍സി കരാറിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നു. അതുകൊണ്ട്‌ ഇതിനെ സപ്ലൈ കരാര്‍ എന്നു വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത്‌ രണ്ടാംഘട്ട കരാറിന്റെ അനുബന്ധ പ്രവര്‍ത്തനം മാത്രമാണ്‌. അതുകൊണ്ടാണ്‌ ഈ ഘട്ടത്തിന്റെ പേര്‌ തന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നു വിളിക്കുന്നത്‌.

ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട്‌ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ യു.ഡി.എഫ്‌ നടപ്പിലാക്കിയത്‌ ഈ മൂന്ന്‌ ഘട്ട കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ഈ നടപടി വള്ളി പുള്ളി വ്യത്യാസമില്ലാതെയാണ്‌ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയിലും സ്വീകരിച്ചത്‌. കുറ്റിയാടി പദ്ധതിയില്‍ മൂന്ന്‌ കരാറുകളും ഒപ്പുവച്ചത്‌ യു.ഡി.എഫാണ്‌. എന്നാല്‍ ശെങ്കുളം-പന്നിയാര്‍ പദ്ധതികളില്‍ ആദ്യത്തെ രണ്ട്‌ കരാര്‍ യു.ഡി.എഫും മൂന്നാമത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാരുമാണ്‌ ഒപ്പുവച്ചത്‌.

3. ആഗോള ടെണ്ടര്‍ വിളിക്കാന്‍ എന്തുകൊണ്ട്‌ എല്‍.ഡി.എഫ്‌ തയ്യാറായില്ല?

ലാവ്‌ലിന്‍ പ്രശ്‌നത്തെ സംബന്ധിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ വന്നപ്പോള്‍ ഈ കരാര്‍ ആദ്യം ഒപ്പിട്ട കാര്‍ത്തികേയനോട്‌ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. മന്ത്രി എന്ന നിലയില്‍ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലൈ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? ജി. കാര്‍ത്തികേയന്‍ നല്‍കിയ ഉത്തരം ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ മുന്നോട്ട്‌ നീങ്ങിയിരുന്നുവെന്നന്നാണ്‌. കരാര്‍ ഒരു പാക്കേജായാണ്‌ നടപ്പിലാക്കുന്നത്‌; കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ല എന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കുകയുണ്ടായി. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെണ്ടറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവ്‌ലിനുമായി പാരീസ്‌ കോടതിയില്‍ കേസ്‌ നടത്തേണ്ടിവരും. നേര്യമംഗലം പവര്‍ പ്രോജക്‌ടില്‍ എ.ബി.ബി കമ്പനിയുമായി യു.ഡി.എഫ്‌ സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചു. എ.ബി.ബി നാല്‌ വര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നാം തോറ്റു. ഈ ദുര്‍ഗതി തന്നെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക്‌ ഉണ്ടാകുമായിരുന്നു. അന്നത്തെ വൈദ്യുതി ക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും യു.ഡി.എഫ്‌ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനിവാര്യമായിട്ടുള്ള തുടര്‍നടപടി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ മന്രലസഭ തീരുമാനിച്ചത്‌

4. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമായിരുന്നില്ലേ?

ആന്റണി സര്‍ക്കാര്‍ 1996 ഫെബ്രുരി 24-ന്‌ ഒപ്പുവെച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ്‌ പ്രകാരം, കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വൈദ്യുതി ബോര്‍ഡ്‌ കമ്പനിക്ക്‌ നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന്‌ കേസ്‌ നടത്താന്‍ പാരീസിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ പോകണം. ആര്‍ബിട്രേഷന്‍ ചെലവും കേരള സര്‍ക്കാര്‍ വഹിക്കണം. അതുമാത്രമല്ല, കരാര്‍ റദ്ദാക്കിയാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നതിന്‌ കാലതാമസമുണ്ടാകുമായിരുന്നു. പുതിയ വായ്‌പാ സ്രോതസ്സും കണ്ടെത്തേണ്ടിവരുമായിരുന്നു. വൈദ്യുത പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തിനാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‌കിയത്‌. നാഷണല്‍ പവര്‍ ഡവലപ്പ്‌മെന്‍റ്‌ കോര്‍പ്പറേഷനെ കൊണ്ട്‌ പരിശോധന നടത്തി യു.ഡി.എഫ്‌ അംഗീകരിച്ച യന്ത്രസാമഗ്രികളുടെ വിലകള്‍ അംഗീകരിക്കാവുന്നതാണെന്ന്‌ ഉറപ്പുവരുത്തി.

5. കരാര്‍ റദ്ദാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതില്‍ ഗുണപരമായ എന്തെങ്കിലും മാറ്റം വരുത്താന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ടോ?


കരാര്‍ റദ്ദാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട്‌ കേരളത്തിന്‌ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. 1996 ഫെബ്രുവരി 24-ന്‌ പ്രാബല്യത്തില്‍ വന്ന കരാറില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇതാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഒപ്പുവെച്ച അനുബന്ധ കരാറിന്റെ ഉള്ളടക്കം. ഈ അനുബന്ധ കരാറിനെ അന്തിമ കരാറായി വ്യാഖ്യാനിച്ച്‌ പഴി മുഴുവന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ്‌ യു.ഡി.എഫ്‌ ശ്രമിക്കുന്നത്‌. താഴെക്കൊടുത്തിരിക്കുന്ന വസ്‌തുതകള്‍ യു.ഡി.എഫ്‌ ഒപ്പുവെച്ച അടിസ്ഥാന കരാര്‍ പ്രകാരം എസ്‌.എന്‍.സി ലാവ്‌ലിന്‌ നല്‍കാമെന്ന്‌ അംഗീകരിച്ചിരുന്ന എന്തെല്ലാം ജനങ്ങളില്‍ കുറവുവരുത്താനായി എന്നത്‌ വ്യക്തമാക്കുന്നുണ്ട്‌.

കരാറില്‍ വരുത്തിയ മാറ്റങ്ങള്‍

ഇനം യു.ഡി.എഫ്‌ ഉണ്ടാക്കിയ എല്‍.ഡി.എഫ്‌
കരാറിലെ വ്യവസ്ഥകള്‍ വരുത്തിയ മാറ്റങ്ങള്‍
സാധന സാമഗ്രികള്‍ 182 കോടി 131 കോടി
കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24 കോടി 17 കോടി
പലിശ 7.8 ശതമാനം 6.8 ശതാനം
കമിന്റ്‌മെന്റ്‌ ചാര്‍ജ്‌ 0.5 ശതമാനം 0.375 ശതമാനം
അഡ്‌മിനിസ്‌ട്രേഷന്‍ ഫീസ്‌ 0.75 ശതമാനം 0.5 ശതമാനം
എക്‌സ്‌പോഷര്‍ ഫീ 6.25% ീേ 5.8% 4.76%
സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ്‌ 46 കോടി 98 കോടി

6. ആഗോള ടെണ്ടര്‍ വിളിക്കുന്ന പ്രശ്‌നം ഉയര്‍ന്നുവന്നല്ലോ. അക്കാര്യത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരും യു.ഡി.എഫ്‌ സര്‍ക്കാരും ഒരേ സമീപനമായിരുന്നോ സ്വീകരിച്ചത്‌?

1991-96 കാലത്ത്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ 13 വൈദ്യുത പദ്ധതികളില്‍ ഒപ്പുവെച്ചു. ഒന്നില്‍ പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ എല്ലാം നേരിട്ട്‌ വിദേശകമ്പനികളുമായി ചര്‍ച്ച ചെയ്‌ത്‌ ധാരണാപത്രം ഒപ്പുവെച്ച്‌ കരാര്‍ ഉണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ഈ രീതിയെയാണ്‌ എം.ഒ.യു റൂട്ട്‌ എന്ന്‌ വിളിക്കുന്നത്‌. യു.ഡി.എഫ്‌ ധാരണാപത്രവും വൈദ്യുതിവാങ്ങല്‍ കരാറുംഒപ്പുവെച്ച പല കമ്പനികളും പിന്നീട്‌ താപനിലയങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റും മുന്നോട്ടുവന്നില്ല. പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍, നേര്യമംഗലം തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ കാര്യത്തിലേ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം മുന്നോട്ടുപോയുളളൂ.

എന്നാല്‍ 1996-2001 കാലത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരൊറ്റ വൈദ്യുത പദ്ധതി പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ കരാര്‍ ഉറപ്പിച്ചിട്ടില്ല. കുറ്റിയാടി അഡീഷണല്‍ എക്‌സ്‌റ്റന്‍ഷന്‍ പദ്ധതി ലാവ്‌ലിന്‍ കമ്പനി പുറകെ നടന്നിട്ടുപോലും ടെണ്ടര്‍ വിളിച്ച്‌ പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെയാണ്‌ ഏല്‍പ്പിച്ചത്‌. ആതിരപ്പള്ളിയും ടെണ്ടര്‍ വിളിച്ചപ്പോള്‍ ഈ പൊതുമേഖലാസ്ഥാപനത്തിന്‌ കിട്ടി. കോഴിക്കോട്‌ ഡീസല്‍ പ്ലാന്‍റും ടെണ്ടര്‍ വിളിച്ചാണ്‌ നിശ്ചയിച്ചത്‌. നേര്യമംഗലം പദ്ധതി ധാരണാപത്രം റദ്ദാക്കി ടെണ്ടര്‍ വിളിക്കാന്‍ ശ്രമിച്ച കാര്യം സൂചിപ്പിച്ചുവല്ലോ. യു.ഡി.എഫ്‌ തിരുത്താനാവാത്ത കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്ന പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി മാത്രമാണ്‌ മുന്നോട്ടുകൊണ്ടുപോയത്‌.

7. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പരിഗണിക്കാതെ കരാറില്‍ ഒപ്പിട്ടു എന്നു പറയുന്നതിന്റെ യാഥാര്‍ത്ഥ്യമെന്താണ്‌?

ബാലാനന്ദന്‍ കമ്മിറ്റി നല്‍കിയ 37 നിര്‍ദ്ദേശങ്ങളില്‍പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ സംബന്ധിച്ചത്‌. മന്ത്രിസഭാ തീരുമാനപ്രകാരം അഡണ്ടം കരാര്‍ ഒപ്പുവെക്കുന്നതിന്റെ ഏഴുദിവസം മുമ്പാണ്‌ ഈ റിപ്പോര്‍ട്ട്‌ ലഭിച്ചത്‌. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്‌ പരിഗണിക്കുക സാധ്യമായിരുന്നില്ല. മാത്രമല്ല, അതിനകം നിലവില്‍ വന്നിരുന്ന കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയുമായിരുന്നില്ല. കരാര്‍ സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളും പാരീസിലെ ഇന്റര്‍നാഷണല്‍� ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ നിയമപ്രകാരം അവിടെവെച്ച്‌ ആര്‍ബിട്രേറ്റ്‌ ചെയ്യണം എന്നായിരുന്നു വ്യവസ്ഥ.

8. പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞു എന്നു പറയുന്നതില്‍ വസ്‌തുതയുണ്ടോ?

ഈ വിഷയത്തെ സംബന്ധിച്ച്‌ 2001 ഒക്‌ടോബര്‍ 23 ന്‌ നിയമസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഈ കാര്യം പറയുന്നുണ്ട്‌. ഭെല്ലില്‍നിന്ന്‌ ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ഓഫര്‍ ലഭിച്ചിരുന്നില്ല. ഭെല്ലിന്റെ ഓഫര്‍ തള്ളി എന്നു പറയുന്നത്‌ യു.ഡി.എഫിന്റെ കാലത്ത്‌ കുറ്റിയാടി പദ്ധതിയിലാണ്‌. ഇതിലല്ല.

9. കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ്‌ ഈ പദ്ധതി നടപ്പിലാക്കിയത്‌ എന്ന വിമര്‍ശനത്തില്‍ വല്ല കഴമ്പുമുണ്ടോ?

നിയമപ്രകാരം 100 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള കരാറുകള്‍ക്ക്‌ കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഇവിടെ മൂന്ന്‌ പദ്ധതികളുടെ നവീകരണത്തിനായി മൂന്ന്‌ കണ്‍സള്‍ട്ടന്‍സി കരാരുകളാണ്‌ കാര്‍ത്തികേയന്റെ കാലത്ത്‌ ഒപ്പിട്ടത്‌. അവ ഓരോന്നും 100 കോടിയുടേത്‌ ആകുന്നില്ല എന്നതുകൊണ്ട്‌ നിയമപരമായി അതോറിറ്റിയുടെ സമ്മതം ആവശ്യമില്ല. കാര്‍ത്തികേയന്‍ മൂന്നാക്കി ഒപ്പിട്ട പദ്ധതി ഒന്നാക്കിയില്ല എന്നാണ്‌ ഇപ്പോഴത്തെ വിമര്‍ശനം. കാര്‍ത്തികേയന്‍ ചെയ്‌ത കുറ്റത്തിന്‌ പിണറായി വിജയനെ കുറ്റവാളിയാക്കുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളത്‌. മാത്രമല്ല, എല്ലാ പദ്ധതികളും ഒന്നാക്കണമെന്ന്‌ പറയുന്നവര്‍ നാളെ കേരളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഒന്നാക്കി ടെണ്ടര്‍ ചെയ്യണമെന്ന്‌ പറഞ്ഞുകൂടായ്‌കയില്ല.
എല്ലാറ്റിനുമുപരി, എല്‍.ഡി.എഫിന്റെ കാലത്ത്‌ അനുബന്ധ കരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ 500 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള പദ്ധതികള്‍ക്ക്‌ അനുമതി മതി എന്ന്‌ കേന്ദ്ര വൈദ്യുതി അതോറിറ്റി ഉത്തരവ്‌ ഇറക്കിയിരുന്നു. അതുകൊണ്ട്‌ കേന്ദ്ര അനുമതി വാദം നിരര്‍ത്ഥകമാണ്‌.

10. നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?

1991-96 കാലത്ത്‌ കൂടുതല്‍ മഴ ലഭിച്ചതുകൊണ്ട്‌ മറ്റു ജലവൈദ്യുതപദ്ധതികളുടെ ഉല്‍പ്പാദനം 6 ശതമാനം മുതല്‍ 9 ശതമാനം വരെ വര്‍ദ്ധിച്ചപ്പോള്‍ പള്ളിവാസലില്‍ 17 ശതമാനവും ശെങ്കുളത്ത്‌ 8 ശതമാനവും പന്നിയാറില്‍ 21 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞു. ഇങ്ങനെ നഷ്‌ടപ്പെട്ട 115 കോടി യൂണിറ്റിന്റെ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 1.15 രൂപ വിലയിട്ടാല്‍പ്പോലും 171 കോടി രൂപ നഷ്‌ടമാണ്‌ കണക്കാക്കിയത്‌. ഈ മൂന്ന്‌ പദ്ധതിയും നവീകരണ പ്രവര്‍ത്തനം തുടങ്ങുംമുമ്പ്‌ 355 മില്യണ്‍ യൂണിറ്റ്‌ (35.9 മെഗാവാട്ട്‌) വൈദ്യുതിയാണ്‌ ഉല്‍പ്പാദിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ നവീകരണത്തിനുശേഷം 589 മില്യണ്‍ യൂണിറ്റാണ്‌ (58.7 മെഗാവാട്ട്‌) ഉല്‍പ്പാദിപ്പിക്കുന്നത്‌. നവീകരണ പ്രവര്‍ത്തനത്തിനായി 253.95 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. നവീകരണത്തിനുശേഷം ഉല്‍പ്പാദിപ്പിച്ച വൈദ്യുതി വിറ്റ ഇനത്തില്‍ 1100 കോടി രൂപ ഇതിനകം ലഭ്യമായിട്ടുണ്ട്‌. നവീകരണ പ്രവര്‍ത്തനത്തിനുശേഷം പണം പാഴായിപ്പോയി എന്നത്‌ അസംബന്ധമാണ്‌.

11. മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച സഹായവാഗ്‌ദാനം എങ്ങനെയുണ്ടായി?

ഇ.കെ. നായനാരുടെ നേതൃത്വത്തില്‍� കാനഡ സ�ര്‍ശിച്ച സ�ര്‍ഭത്തില്‍� കനേഡിയന്‍ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ്‌ കനേഡിയന്‍ അന്താരാഷ്‌ട്ര വികസന ഏജന്‍സിയുടെ ധനസഹായമായി 98 കോടി രൂപ നല്‍കാമെന്നും 105 കോടി രൂപ ചെലവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണമെന്നും തീരുമാനിച്ചത്‌. കനേഡിയന്‍ വിദേശ സഹായമായാണ്‌ ഈ ആശുപത്രി സ്ഥാപിക്കുന്നതിന്‌ ക്യൂബക്‌ പ്രവിശ്യാ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴി എസ്‌.എന്‍.സി. ലാവ്‌ലിന്‍ പണം സമാഹരിച്ച്‌ നല്‍കുമെന്നായിരുന്നു സര്‍ക്കാരുമായി ധാരണാപത്രം ഉണ്ടാക്കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍� തലശ്ശേരിയില്‍� 25 ഏക്കര്‍ സ്ഥലം വിലക്കെടുത്ത്‌ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. യു.ഡി.എഫ്‌. കാലത്ത്‌ 45 കോടി രൂപയുടെ സഹായം നല്‍കാമെന്നായിരുന്നു എസ്‌.എന്‍.സി. ലാവ്‌ലിന്റെ വാഗ്‌ദാനമെങ്കില്‍� അത്‌ 98 കോടിയായി ഉയര്‍ത്തിയത്‌ എല്‍.ഡി.എഫ്‌. ഭരണകാലത്ത്‌ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു. 12 കോടിയോളം രൂപ മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി ചെലവഴിക്കുകയും ചെയ്‌തു. ഇത്‌ എസ്‌.എന്‍.സി ലാവ്‌ലിന്‍ നേരിട്ടാണ്‌ ചെയ്‌തത്‌. ഇതിനായി അവരാണ്‌ ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത്‌. നൂറുകണക്കിന്‌ രോഗികള്‍ ദിവസേന എത്തിച്ചേരുന്ന ഒരു കാന്‍സര്‍ ആശുപത്രിയായി ഇപ്പോള്‍ പ്രവര്‍ത്തനം നടന്നുവരികയാണ്‌.

12. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തിലുണ്ടായ വീഴ്‌ച ആരുടേതാണ്‌?

എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ മാറി യു.ഡി.എഫ്‌. ഗവണ്‍മെന്റ്‌ വന്നതോടുകൂടി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച്‌ യു.ഡി.എഫുകാര്‍ വലിയ തോതില്‍� ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയും 32 കോണ്‍ഗ്രസ്‌ എം.എല്‍.എ.മാര്‍ ഒപ്പിട്ട്‌ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ എസ്‌.എന്‍.സി. ലാവ്‌ലിന്‍ അധികൃതര്‍ ആന്റണി ഗവണ്‍മെന്റിനെ സമീപിക്കുകയും മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി തങ്ങള്‍ 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ബാക്കി തുക തരാന്‍ സന്നദ്ധമാണെന്നും ചെയ്‌തു തന്ന� സഹായങ്ങള്‍ക്ക്‌ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ നല്‍കണമെന്നും ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഒരു കരാറാക്കി മാറ്റണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍� കത്ത്‌ നല്‍കുന്നതിനോ കരാര്‍ ഉണ്ടാക്കുന്നതിനോ തയ്യാറാകാതെ അന്നത്തെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ തുടര്‍ സഹായം നഷ്‌ടപ്പെടുത്തി. 98 കോടി രൂപയുടെ സഹായ വാഗ്‌ദാനത്തില്‍� നിന്ന്‌ 12 കോടി രൂപ കഴിച്ച്‌ ബാക്കി തുക നഷ്‌ടപ്പെട്ടതിന്‌ കാരണം യു.ഡി.എഫ്‌. ഗവണ്‍മെന്റാണ്‌. മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസിപ്പിക്കുകയായിരുന്നില്ല� യു.ഡി.എഫിന്റെ ഉദ്ദേശം; ഇതു സംബന്ധിച്ചുള്ള വിവാദം നിലനിര്‍ത്തി പിണറായി വിജയനെ പ്രതിക്കൂട്ടില്‍� നിര്‍ത്തുക എന്ന ഗൂഢപദ്ധതിയായിരുന്നു.

വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല കാന്‍സര്‍ ആശുപത്രിക്കുള്ള ധനസഹായം. ലാവ്‌ലിന്‍ സമാഹരിച്ചു തരാമെന്നേറ്റ വിദേശ സൗജന്യ സഹായമാണിത്‌. ഇത്‌ സംബന്ധിച്ച്‌ ധാരണാപത്രം ഉണ്ടാക്കിയിരുന്നു. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എഗ്രിമെന്റ്‌ ഉണ്ടാക്കാമെന്നായിരുന്നു ധാരണ. എഗ്രിമെന്റ്‌ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തീരുമാനത്തിന്‌ എത്തിയില്ല എങ്കിലും ധാരണാപത്രം നമ്മുടെ സര്‍ക്കാര്‍ പുതുക്കിക്കൊണ്ടിരുന്നു. പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ധാരണപ്രകാരമുള്ള ധനസഹായം കിട്ടുന്നതിന്‌ ചിലബുദ്ധിമുട്ടുകള്‍ നേരിട്ടു. യു.ഡി.എഫ്‌ അധികാരത്തില്‍ വന്നപ്പോള്‍ കാന്‍സര്‍ ആശുപത്രിക്കായുള്ള ധനസഹായം നേടാനുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിച്ചു. ധാരണാപത്രം ലാപ്‌സാകാന്‍ അനുവദിച്ചു.

ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാതെ പണം നഷ്‌ടപ്പെടുത്തിയ കടവൂര്‍ ശിവദാസന്റെ പേരിലോ 1995 ല്‍� കരാര്‍ ഉണ്ടാക്കിയ ജി. കാര്‍ത്തികേയന്റെ പേരിലോ യാതൊരു കുറ്റവും കാണാത്ത സി.ബി.ഐ പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം രാഷ്‌ട്രീയ ദുരുദ്ദേശത്തോടുകൂടിയാണെന്ന്‌ വ്യക്തമാണ്‌. യു.ഡി.എഫ്‌. ഭരണകാലത്ത്‌ നടപ്പിലാക്കിയ കുറ്റിയാടി വിപുലീകരണ പദ്ധതിയും എസ്‌.എന്‍.സി. ലാവ്‌ലിനാണ്‌ ചെയ്‌തത്‌. ജലവൈദ്യുതപദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവ്‌ലിനുമായി ഒരു സംയുക്ത സംരംഭമായിരുന്നു അവര്‍ വിഭാവനം ചെയ്‌തിരുന്നത്‌. ആദ്യ ബാച്ചായി പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയാണ്‌ ലാവ്‌ലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ അതില്‍ വിഭാവനം ചെയ്‌തിരുന്നു. കുറ്റിയാടി അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡിസല്‍ നിലയവും ഭെല്ലിന്‌ തന്നെയായിരുന്നു ലഭിച്ചത്‌. എല്‍.ഡി.എഫ്‌ എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ കാന്‍സര്‍ സെന്ററിന്‌ ആദ്യം കാണിച്ച ആവേശം ലാവ്‌ലിന്‌ ഇല്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാവട്ടെ ധാരണാപത്രം പോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്തുപോലും അയയ്‌ക്കുന്നതിന്‌ തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യമായി. അതുകൊണ്ട്‌ 86 കോടി രൂപ എവിടെ പോയി എന്ന്‌ യു.ഡി.എഫ്‌ ആണ്‌ വ്യക്തമാക്കേണ്ടത്‌.

12 കോടി രൂപയാണ്‌ തങ്ങള്‍ക്ക്‌ ലഭ്യമായിട്ടുള്ളത്‌ എന്ന്‌ ലാവ്‌ലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആശുപത്രിക്കെന്നു പറഞ്ഞ്‌ ലാവ്‌ലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ എക്‌സിക്യൂട്ടീവ്‌ ഏജന്‍സിക്ക്‌ പണം നല്‍കിയിരുന്നോ എന്നെക്കെ അന്വേഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ ഇത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നോക്കുന്നത്‌ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ലാവ്‌ലിന്റെ പോരായ്‌മയ്‌ക്ക്‌ വക്കാലത്ത്‌ പിടിക്കേണ്ട സ്ഥിതി ഇടതുപക്ഷത്തിന്‌ ഇല്ല. ദേശീയതലത്തില്‍ ലാവ്‌ലിനുമായി ഇപ്പോള്‍ ആണവ സാമഗ്രി കരാറിന്‌ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെപ്പോലെ അവരെ പ്രീണിപ്പിക്കേണ്ട കാര്യവും ഇടതുപക്ഷത്തിനില്ല. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായ വാഗ്‌ദാനം എസ്‌.എന്‍.സി. ലാവ്‌ലിന്‍ പാലിക്കാത്തതിന്റെ പേരില്‍� സ: പിണറായി വിജയനെ പ്രതിചേര്‍ക്കാനുള്ള സി.ബി.ഐ. നടപടി രാഷ്‌ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല.

13. ഈ കരാരിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്‌ പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ?

ഈ കരാറിന്റെ തുടക്കക്കാരന്‍ ജി. കാര്‍ത്തികേയനാണെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയായതിനുശേഷമുള്ള കരാറിന്റെ തീരുമാനമെടുക്കുന്നത്‌ മന്ത്രിസഭയാണ്‌. ആ തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമാണ്‌ പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്‌. ക്യാബിനറ്റ്‌ റൂള്‍സ്‌ ഓഫ്‌ ബിസിനസ്‌ പ്രകാരം മന്ത്രിസഭാ യോഗത്തിലെടുക്കുന്ന തീരുമാനമെന്നത്‌ എല്ലാ മന്ത്രിമാരുടെയും കൂട്ടുത്തരവാദിത്വമാണ്‌. അതില്‍ നിന്ന്‌ ഒരാളെ മാത്രം അടര്‍ത്തിയെടുത്ത്‌ പ്രതിചേര്‍ക്കാന്‍ പറ്റില്ല എന്നതാണ്‌ വസ്‌തുത. നിയമപരമായി നിലനില്‍ക്കുന്ന ഈ കാഴ്‌ചപ്പാടിനെ മറികടന്നുകൊണ്ടാണ്‌ സി.ബി.ഐ രാഷ്‌ട്രീയലക്ഷ്യത്തോടെ ഈ തീരുമാനമെടുത്തത്‌ എന്നു പറഞ്ഞാല്‍ അത്‌ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല.

14. എല്ലാ കാര്യങ്ങളും മന്ത്രിസഭയുടെ മുമ്പില്‍ നിന്ന്‌ മറച്ചുവച്ചു എന്നു പറയുന്നതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?

ഒരു വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുരുക്കി നോട്ടിനകത്ത്‌ ഉണ്ടാകും. ആ നോട്ടിന്റെ വിവരങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും യോഗത്തിനു മുമ്പാകെ വരും. സംശയമുള്ള ഏതെങ്കിലും അംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്ക്‌ ഈ ഫയലുകളെല്ലാം പരിശോധിക്കാവുന്നതുമാണ്‌. വസ്‌തുത ഇതായിരിക്കെ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത്‌ ക്യാബിനറ്റിന്റെ ബാലപാഠം അറിയാവുന്ന ഒരാള്‍ക്കുപോലും അംഗീകരിക്കാനാവില്ല. അന്നത്തെ മന്ത്രിസഭാംഗങ്ങളാരും തന്നെ ഇത്തരമൊരു തെറ്റിദ്ധരിപ്പിക്കല്‍ നടന്നതായി എവിടെയും പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും മൂന്നാമതൊരാള്‍ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്ന വിചിത്രമായ വാദമാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌.

15. സി.ബി.ഐയുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമായി മാറി എന്നു പറയാന്‍ കാരണമെന്താണ്‌?

യു.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തില്‍� വന്ന� ഉടനെ അന്വേഷണം വേണമെന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടിട്ടും അതൊന്നും അന്വേഷണ ഉത്തരവിടാതിരുന്ന എ.കെ.ആന്റണി മുത്തങ്ങ സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ സി.പി.ഐ.(എം) നേതൃത്വത്തില്‍� ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോണ്‌ പ്രതിപക്ഷ നിയമസഭാ നേതാക്കന്മാര്‍ നിരാഹാരസമരം നടത്തുന്ന സ�ര്‍ഭത്തില്‍ എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. രാഷ്‌ട്രീയ ഉദ്ദേശത്തോടുകൂടിയായിരുന്നു വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്‌.

2003 മാര്‍ച്ച്‌ 6-നാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഉയര്‍ന്നു വന്ന�എല്ലാ ആരോപണങ്ങളും വിജിലന്‍സ്‌ പരിശോധിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍�മന്ത്രിമാരുടെ പങ്കാളിത്തം പ്രത്യേകമായി പരിശോധിക്കുകയും സ: പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലും ഉത്തരവാദിയാവുന്നില്ല� എന്ന്‌ 2006 ഫെബ്രുവരി 10ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ ഗവണ്‍മെന്റിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്‌തു. 2006 ഫെബ്രുവരി 27ന്‌ വിജിലന്‍സ്‌ ജഡ്‌ജി മുമ്പാകെ 9 ഉദ്യോഗസ്ഥന്മാരെ പ്രതിചേര്‍ത്ത്‌ എഫ്‌.ഐ.ആര്‍. സമര്‍പ്പിക്കുകയും ചെയ്‌തു. യു.ഡി.എഫ്‌. ഉദ്ദേശിച്ചതുപോലെ വിജിലന്‍സിന്‌ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല� എന്നു വന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസം ചേര്‍ന്ന� ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗം എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐ.ക്ക്‌ വിടാന്‍ തീരുമാനിക്കുകയും വിജിലന്‍സ്‌ ഡയറക്‌ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിക്കുകയുമാണുണ്ടായത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍� കണ്ടുകൊണ്ടുള്ള ഒരു രാഷ്‌ട്രീയ തീരുമാനമായിരുന്നു ഇത്‌. എന്നാല്‍� വിജിലന്‍സ്‌ കേസ്‌ അന്വേഷിച്ചുകൊണ്ടിരിക്കേ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തുതന്നെ� ഈ കേസ്‌ സി.ബി.ഐ.ക്ക്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍� ഒരു സ്വകാര്യ അന്യായം വന്നിരുന്നു. 2006 ഫെബ്രുവരി 7ന്‌ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ കേസ്‌ സി.ബി.ഐ.ക്ക്‌ റഫര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നാണ്‌ ഹൈക്കോടതിയെ അറിയിച്ചത്‌. ഫെബ്രുവരി 7ന്‌ ഈ നിലപാട്‌ സ്വീകരിച്ച ഉമ്മന്‍ചാണ്ടി ഫിബ്രവരി 10ന്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ കണ്ടതോടുകൂടി നിലപാട്‌ മാറ്റുകയായിരുന്നു. നിയമസഭാ പ്രഖ്യാപനം വന്ന മാര്‍ച്ച്‌ 1 ന്‌ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ തീരുമാനിക്കുകയും ചെയ്യുന്നു. 20 ദിവസം കൊണ്ട്‌ ഗവണ്‍മെന്റിന്റെ നിലപാടില്‍�വന്ന മാറ്റത്തിന്‌ രാഷ്‌ ട്രീയ താല്‍പര്യമല്ലാതെ മറ്റ്‌ യാതൊന്നുമുണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്‌ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്‌ വിഷയമായി യു.ഡി.എഫ്‌. ഉയര്‍ത്തിക്കൊണ്ടുവന്നു. തെരഞ്ഞെടുപ്പില്‍� സി.ബി.ഐ. അന്വേഷണം തീരുമാനിച്ച യു.ഡി.എഫ്‌. തോല്‍ക്കുകയും എല്‍.ഡി.എഫ്‌. അധികാരത്തില്‍� വരികയും ചെയ്‌തു.

സി.ബി.ഐ. അന്വേഷണം വേണമെന്നുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യത്തെക്കുറിച്ച്‌ കേന്ദ്ര�ഗവണ്‍മെന്റ്‌ സി.ബി.ഐ.യോട്‌ അഭിപ്രായമാരാഞ്ഞു. സംസ്ഥാന വിജിലന്‍സ്‌ തന്നെ ഇതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും സി.ബി.ഐ. തീരുമാനിച്ച കാര്യം ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച്‌ സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായമെന്തെന്ന്‌ ആരാഞ്ഞപ്പോള്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ്‌ അന്വേഷണം മതിയെന്നുമുള്ള സി.ബി.ഐ.യുടെ നിലപാടിനോട്‌ യോജിച്ചുകൊണ്ട്‌ എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ 2006 ഡിസംബര്‍ 4ന്‌ മന്ത്രിസഭാ യോഗം ചേര്‍ന്ന്‌ തീരുമാനമെടുത്തു. ഈ കാര്യം കേന്ദ്രത്തെ അറിയിച്ചു. ഈ സന്ദര്‍ഭത്തില്‍�ഹെക്കോടതിയില്‍� വന്ന� സ്വകാര്യ അന്യായത്തിന്മേല്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിക്കുകയാണ്‌ ഉണ്ടായത്‌. കഴിഞ്ഞ കുറച്ചു മാസമായി പുറത്തുവന്ന� യു.ഡി.എഫ്‌. അനുകൂലപത്രങ്ങളെല്ലാം പിണറായി വിജയനെ പ്രതിചേര്‍ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. `ഉന്നത സി.പി.ഐ.(എം) നേതാവ്‌ ഒമ്പതാം പ്രതി' എന്ന്‌ ഡിസംബര്‍ 13ന്‌ തന്നെ� ചന്ദ്രിക പത്രം മുഖ്യവാര്‍ത്തയായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ആസന്നമായ സന്ദര്‍ഭത്തിലാണ്‌ ഇപ്പോള്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഇത്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍� കോണ്‍ഗ്രസ്സിന്‌ പ്രചരണായുധമാക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരു നടപടിയാണ്‌.

16. സി.ബി.ഐ ഏതെങ്കിലും കേസുകളില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയ ചരിത്രമുണ്ടോ?

രാഷ്‌ട്രീയപ്രേരിതമായി സി.ബി.ഐ കേസ്‌ നടത്തി എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്‌. മുലായം സിങ്ങിന്റെ പേരില്‍ സി.ബി.ഐ കേസ്‌ ചുമത്തിയിരുന്നു. എന്നാല്‍ വിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയില്‍ യു.പി.എ സര്‍ക്കാരിന്‌ പിന്തുണ നല്‍കിയതിന്റെ പേരില്‍ അത്തരം കേസുകള്‍ മരവിപ്പിക്കുകയായിരുന്നു. മായാവതി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച ഉടനെ മായാവതിയുടെ പേരിലുള്ള കേസ്‌ ഏറ്റെടുക്കുന്നതിന്‌ സി.ബി.ഐ തയ്യാറായി. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ സി.ബി.ഐയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നുണ്ട്‌. 1993 ല്‍ സി.ബി.ഐയുടെ ദുരുപയോഗത്തെക്കുറിച്ച്‌ രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌ ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രി എച്ച്‌.ആര്‍. ഭരദ്വാജ്‌ ആയിരുന്നു. സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ ``അധികാരികള്‍ക്കു മുമ്പില്‍ മുട്ടിട്ടിഴയുന്ന സ്ഥാപനം'' എന്നായിരുന്നു. ഇങ്ങനെ പറഞ്ഞതാവട്ടെ അയോധ്യാ കേസില്‍ അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സി.ബി.ഐ പിന്‍വലിച്ച വേളയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു.

പ്രതിരോധ ഇടപാടിലെ അഴിമതി തെഹല്‍ക പുറത്തുകൊണ്ടുവന്നപ്പോള്‍ ബംഗാരു ലക്ഷ്‌ണനെതിരെ കേസ്സെടുക്കാന്‍ തയ്യാറാകാത്ത സി.ബി.ഐ തെഹല്‍കയുടെ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിനെയും അനുരുദ്ധ ബഹലിനെയും പ്രോസിക്യൂട്ട്‌ ചെയ്‌തത്‌ എടുത്തുകാട്ടി ഇതേ ചര്‍ച്ചയില്‍ ഇന്നത്തെ കേന്ദ്രമന്ത്രി കബില്‍ സിബല്‍ സി.ബി.ഐക്കെതിരെ ആഞ്ഞടിച്ചിരുന്നു. അജിത്‌ ജോഗി ജാതി സര്‍ട്ടിഫിക്കറ്റ്‌ തിരുത്തി എന്ന കേസില്‍ സി.ബി.ഐ അന്വേഷണം നടന്നപ്പോള്‍ കോണ്‍ഗ്രസ്‌ വക്താവ്‌ പറഞ്ഞത്‌ ``രാഷ്‌ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഉപകരണമായി സി.ബി.ഐ മാറുന്നു'' എന്നായിരുന്നു.

2005 ഏപ്രില്‍ 23 ന്‌ ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്‌ലി പ്രസ്‌താവിച്ചത്‌ ``സി.ബി.ഐയെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി യു.പി.എ ഉപയോഗിക്കുന്നു'' എന്നായിരുന്നു. പശ്ചിമ ബംഗാളില്‍ സിംഗൂര്‍-നന്ദിഗ്രാം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നതിലും സി.ബി.ഐ പങ്കുവഹിച്ചു. കൈക്കൂലിപ്പണവുമായി കൈയോടെ പിടിയിലായ സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട്‌ പാര്‍ത്ഥസാരഥി ബോസാണ്‌ സിംഗൂരിലെ തപസി മാലിക്‌ കൊലപാതകക്കേസും റിസ്വാന്‍ റഹ്മാന്‍ കേസും അന്വേഷിച്ചത്‌. ഇത്‌ ഉപയോഗപ്പെടുത്തി ധാരാളം കുപ്രചരണങ്ങള്‍ പാര്‍ട്ടിക്കെതിരെ അവിടെ പ്രചരിപ്പിക്കുകയുണ്ടായി.

വിശ്വാസപ്രമേയ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ ബി.എസ്‌.പിയുടെ ഉപനേതാവ്‌ ബ്രിജേഷ്‌ പഥക്‌ ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി സുപ്രധാനമായ ഒരു വിഷയത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു. താന്‍ സഭയിലേക്ക്‌ വരുന്ന വഴിക്ക്‌ ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ സമീപിച്ച്‌ മായാവതിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ കോപ്പി നല്‍കി ഭീഷണിപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ സി.ബി.ഐ നടത്തിയിട്ടുണ്ടെന്ന്‌ വ്യക്തമാണ്‌.

17. രാഷ്‌ട്രീയപ്രേരിതമായി നടന്ന ഇത്തരം കുറ്റംചാര്‍ത്തലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?

1957 ല്‍ കേരളത്തില്‍ അരിക്ഷാമം രൂപപ്പെട്ടപ്പോള്‍ ആന്ധ്രയില്‍ നിന്ന്‌ അന്നത്തെ ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ്‌ അരി ഇറക്കുമതി ചെയ്യുന്നതിന്‌ നേതൃത്വം കൊടുത്തു. ജസ്റ്റിസ്‌ രാമന്‍നായര്‍ കമ്മീഷന്‍ അന്വേഷണം നടത്തി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒഴിവാക്കാമായിരുന്ന നഷ്‌ടം ഉണ്ടായതായി പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി ഇ.എം.എസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും ഈ കാഴ്‌ചപ്പാടിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇ.എം.എസ്‌ പറഞ്ഞത്‌ ``കേരളത്തെ ഭക്ഷ്യക്ഷാമത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ആന്ധ്രയില്‍ നിന്ന്‌ നേരിട്ട്‌ അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ ഈ തീരുമാനത്തിന്‌ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഈ തീരുമാനം നടപ്പിലാക്കിയതിന്‌ കെ.സി. ജോര്‍ജ്ജിനെ കുറ്റക്കാരനായോ തെറ്റുകാരനായോ സര്‍ക്കാരോ പാര്‍ട്ടിയോ കാണുന്നില്ല'' എന്നായിരുന്നു. ജനങ്ങളെ പട്ടിണിയില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ വേണ്ടി എടുത്ത ഈ നടപടിയെ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.

18. രാഷ്‌ട്രീയ പ്രേരിതമായി ഇത്തരത്തിലുള്ള ഗൂഢാലോചന നടക്കുമ്പോള്‍ സി.പി.ഐ (എം) ന്റെ കേന്ദ്രകമ്മിറ്റി ഇടപെട്ടില്ലേ?

2006 മാര്‍ച്ച്‌ 1-ാം തീയതി നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസമാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടത്‌. അതിനുശേഷം 2006 മാര്‍ച്ച്‌ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഈ തീരുമാനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. മാത്രമല്ല, പിണറായി വിജയനെ കേസില്‍ പെടുത്താനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്നും അസന്ദിഗ്‌ദ്ധമായി അന്ന്‌ കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ചു. ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രകാശ്‌ കാരാട്ട്‌ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഈ പ്രശ്‌നത്തെ പരാമര്‍ശിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: ``ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ഉള്‍പ്പെടുത്താനുള്ള സി.ബി.ഐയുടെ രാഷ്‌ട്രീയ പ്രേരിത ശ്രമം സംഘടിത ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.'' പാര്‍ട്ടിയുടെ മലപ്പുറം, കോട്ടയം സംസ്ഥാന സമ്മേളനങ്ങളും ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച്‌ പിണറായി വിജയനെതിരായുള്ള ആരോപണം ദുരുദ്ദേശപരമാണെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

19. 1991-96 വരെയുള്ള യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വന്‍തോതിലുള്ള വൈദ്യുതിക്ഷാമം കേരളത്തില്‍ അനുഭവപ്പെട്ടിരുന്നല്ലോ. എന്നാല്‍ തുടര്‍ന്നുവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമൊഴിയുമ്പോള്‍ വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തിന്‌ മാറാന്‍ കഴിഞ്ഞതെങ്ങനെ?

1996 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലായിരുന്നു എന്നത്‌ വാസ്‌തവമാണ്‌. മൂന്നര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗും വ്യവസായങ്ങള്‍ക്ക്‌ 100 ശതമാനം പവര്‍ കട്ടുമായിരുന്നു ഉണ്ടായിരുന്നത്‌. 1991 മുതല്‍ 1996 വരെ യു.ഡി.എഫ്‌ ഭരണകാലത്ത്‌ ഉല്‍പ്പാദിപ്പിച്ചതാവട്ടെ 17 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. എന്നാല്‍ എല്‍.ഡി.എഫ്‌ ഭരണത്തില്‍ 1996 മുതല്‍ 2001 വരെയുള്ള കാലത്ത്‌ 1083 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കൂടുതലായി ഉല്‍പ്പാദിപ്പിച്ചത്‌. ഈ കാലയളവില്‍ 12 പദ്ധതി പുതുതായി ആരംഭിച്ചു. ഈ രംഗത്ത്‌ 3200 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. ദക്ഷിണേന്ത്യയില്‍ പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമെന്ന നിലയിലേക്ക്‌ കേരളം മാറുകയും ചെയ്‌തു.

20. കേരളത്തെ വൈദ്യുതരംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഇടയാക്കിയ വൈദ്യുതിമന്ത്രിക്കെതിരെ അധികാരം ഉപയോഗിച്ച്‌ പ്രതിചേര്‍ക്കുമ്പോള്‍ എങ്ങനെ അതിനെ നേരിടണമെന്നാണ്‌ ആലോചിക്കുന്നത്‌?

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപീകൃതമായ കാലത്തുതന്നെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ഗൂഢാലോചനാക്കേസുകള്‍ ഉണ്ടായിട്ടുണ്ട്‌. പെഷവാര്‍ ഗൂഢാലോചനക്കേസ്‌ തൊട്ട്‌ ആരംഭിക്കുന്ന അത്തരം പരമ്പരകള്‍ പാര്‍ട്ടിക്ക്‌ പുത്തരിയല്ല. ഇവയെയെല്ലാം രാഷ്‌ട്രീയമായി തുറന്നുകാട്ടിക്കൊണ്ടാണ്‌ പാര്‍ട്ടി നേരിട്ടത്‌. ഇവിടെയും ഇതിന്റെ പിന്നിലുള്ള രാഷ്‌ട്രീയത്തെ തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകും. നിയമത്തിന്റെ വശങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ തന്നെ നേരിടാനുള്ള നടപടികളും സ്വീകരിക്കും. കേസുകളിലും ഗൂഢാലോചനകളിലും പെടുത്തി പാര്‍ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ മുമ്പും നടന്നിട്ടുണ്ട്‌. അതുകൊണ്ടൊന്നും പാര്‍ടി തകര്‍ന്നില്ല. ഇതിനെയും അതേ അര്‍ത്ഥത്തില്‍ തന്നെ നേരിട്ട്‌ മുന്നോട്ടുപോകും.