Sunday, October 04, 2009

Saturday, August 08, 2009

ലാവ്‌ലിന്‍ - വസ്‌തുതകളെന്ത്‌?

1. എന്താണ്‌ ലാവ്‌ലിന്‍ പ്രശ്‌നം

തിരുവിതാംകൂറില്‍ രാജഭരണം ഉണ്ടായിരുന്ന കാലത്ത്‌ ആരംഭിച്ച ജലവൈദ്യുത നിലയങ്ങള്‍ നവീകരിക്കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനം നടത്താന്‍ 1991-1996 കാലത്തെ യു.ഡി.എഫ്‌ സര്‍ക്കാര്‍ ധനസഹായത്തിനായി കാനഡ സര്‍ക്കാരിനെ സമീപിച്ചു. അതിനായി ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കി. ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായ കാലത്താണ്‌ നവീകരണത്തിനായി ധാരണാപത്രവും കരാറും ഉണ്ടാക്കിയത്‌. കരാറിന്റെ അന്തിമഘട്ടത്തിലാണ്‌ പിണറായി വിജയന്‍ മന്ത്രിയായത്‌. കരാറിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും പണം നല്‍കിയതും വീണ്ടും യു.ഡി.എഫ്‌ അധികാരത്തില്‍ വന്നപ്പോഴാണ്‌. ഇക്കാര്യങ്ങളൊന്നും ആര്‍ക്കും നിഷേധിക്കാനാകാത്തതും വിജിലന്‍സിന്‍േറതടക്കമുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞതുമാണ്‌. രാഷ്‌ട്രീയപ്രേരിതമായി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ച യുഡിഎഫിന്‌ വിജിലന്‍സ്‌ അന്വേഷണംതന്നെ മറുപടി നല്‍കി-പിണറായി ഈ പ്രശ്‌നതില്‍ ഒരുതെറ്റും ചെയ്‌തിട്ടിലെന്ന്‌ യുഡിഎഫ്‌ ഭരണകാലത്തുതന്നെ അന്വേഷിച്ച്‌ വിജിലന്‍സ്‌ വ്യക്തമാക്കി. എന്നിട്ടും സ: പിണറായി വിജയനെതിരെ രാഷ്‌ട്രീയപ്രേരിതമായി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ഈ പ്രശ്‌നം സജീവമായി ഉയര്‍ന്നുവരാന്‍ ഇടയായത്‌.

2. എം.ഒ.യു(ധാരണാപത്രം) റൂട്ടിലുള്ള ഇത്തരം കരാറുകള്‍ രൂപപ്പെടുന്ന രീതി എന്താണ്‌? അത്‌ എപ്രകാരമാണ്‌ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ വന്നിട്ടുള്ളത്‌?

വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ രണ്ട്‌ മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്രം പത്രം അഥവാ എം.ഒ.യു റൂട്ടാണ്‌. ബന്ധപ്പെട്ട കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിന്റെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗമാണ്‌ ആഗോള ടെണ്ടര്‍ വിളിക്കുന്നത്‌.

എം.ഒ.യു റൂട്ടിലുള്ള കരാറിന്‌ മൂന്ന്‌ ഘട്ടമാണ്‌ ഉണ്ടാവുക. ആദ്യത്തേത്‌ ധാരണാപത്രം ഒപ്പുവയ്‌ക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജക്‌ട്‌, ഏത്‌ കമ്പനി, എത്ര തുക, വായ്‌പ എങ്ങനെയാണ്‌ ലഭിക്കുക തുടങ്ങിയ പൊതു കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയിലെത്തുക. രണ്ടാം ഘട്ടത്തില്‍ ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌. കമ്പനി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കമ്പനി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ എന്തെന്നും ഓരോന്നിന്റെയും സവിശേഷതകളും വിലയും ആ ഘട്ടതില്‍ തീരുമാനിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ കണ്‍സള്‍ട്ടന്‍സി കരാറിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നു. അതുകൊണ്ട്‌ ഇതിനെ സപ്ലൈ കരാര്‍ എന്നു വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത്‌ രണ്ടാംഘട്ട കരാറിന്റെ അനുബന്ധ പ്രവര്‍ത്തനം മാത്രമാണ്‌. അതുകൊണ്ടാണ്‌ ഈ ഘട്ടത്തിന്റെ പേര്‌ തന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നു വിളിക്കുന്നത്‌.

ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട്‌ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ യു.ഡി.എഫ്‌ നടപ്പിലാക്കിയത്‌ ഈ മൂന്ന്‌ ഘട്ട കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ഈ നടപടി വള്ളി പുള്ളി വ്യത്യാസമില്ലാതെയാണ്‌ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയിലും സ്വീകരിച്ചത്‌. കുറ്റിയാടി പദ്ധതിയില്‍ മൂന്ന്‌ കരാറുകളും ഒപ്പുവച്ചത്‌ യു.ഡി.എഫാണ്‌. എന്നാല്‍ ശെങ്കുളം-പന്നിയാര്‍ പദ്ധതികളില്‍ ആദ്യത്തെ രണ്ട്‌ കരാര്‍ യു.ഡി.എഫും മൂന്നാമത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാരുമാണ്‌ ഒപ്പുവച്ചത്‌.

3. ആഗോള ടെണ്ടര്‍ വിളിക്കാന്‍ എന്തുകൊണ്ട്‌ എല്‍.ഡി.എഫ്‌ തയ്യാറായില്ല?

ലാവ്‌ലിന്‍ പ്രശ്‌നത്തെ സംബന്ധിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ വന്നപ്പോള്‍ ഈ കരാര്‍ ആദ്യം ഒപ്പിട്ട കാര്‍ത്തികേയനോട്‌ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. മന്ത്രി എന്ന നിലയില്‍ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലൈ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? ജി. കാര്‍ത്തികേയന്‍ നല്‍കിയ ഉത്തരം ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ മുന്നോട്ട്‌ നീങ്ങിയിരുന്നുവെന്നന്നാണ്‌. കരാര്‍ ഒരു പാക്കേജായാണ്‌ നടപ്പിലാക്കുന്നത്‌; കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ല എന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കുകയുണ്ടായി. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെണ്ടറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവ്‌ലിനുമായി പാരീസ്‌ കോടതിയില്‍ കേസ്‌ നടത്തേണ്ടിവരും. നേര്യമംഗലം പവര്‍ പ്രോജക്‌ടില്‍ എ.ബി.ബി കമ്പനിയുമായി യു.ഡി.എഫ്‌ സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചു. എ.ബി.ബി നാല്‌ വര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നാം തോറ്റു. ഈ ദുര്‍ഗതി തന്നെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക്‌ ഉണ്ടാകുമായിരുന്നു. അന്നത്തെ വൈദ്യുതി ക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും യു.ഡി.എഫ്‌ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനിവാര്യമായിട്ടുള്ള തുടര്‍നടപടി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ മന്രലസഭ തീരുമാനിച്ചത്‌

4. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമായിരുന്നില്ലേ?

ആന്റണി സര്‍ക്കാര്‍ 1996 ഫെബ്രുരി 24-ന്‌ ഒപ്പുവെച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ്‌ പ്രകാരം, കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വൈദ്യുതി ബോര്‍ഡ്‌ കമ്പനിക്ക്‌ നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന്‌ കേസ്‌ നടത്താന്‍ പാരീസിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ പോകണം. ആര്‍ബിട്രേഷന്‍ ചെലവും കേരള സര്‍ക്കാര്‍ വഹിക്കണം. അതുമാത്രമല്ല, കരാര്‍ റദ്ദാക്കിയാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നതിന്‌ കാലതാമസമുണ്ടാകുമായിരുന്നു. പുതിയ വായ്‌പാ സ്രോതസ്സും കണ്ടെത്തേണ്ടിവരുമായിരുന്നു. വൈദ്യുത പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തിനാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‌കിയത്‌. നാഷണല്‍ പവര്‍ ഡവലപ്പ്‌മെന്‍റ്‌ കോര്‍പ്പറേഷനെ കൊണ്ട്‌ പരിശോധന നടത്തി യു.ഡി.എഫ്‌ അംഗീകരിച്ച യന്ത്രസാമഗ്രികളുടെ വിലകള്‍ അംഗീകരിക്കാവുന്നതാണെന്ന്‌ ഉറപ്പുവരുത്തി.

5. കരാര്‍ റദ്ദാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതില്‍ ഗുണപരമായ എന്തെങ്കിലും മാറ്റം വരുത്താന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ടോ?


കരാര്‍ റദ്ദാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട്‌ കേരളത്തിന്‌ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. 1996 ഫെബ്രുവരി 24-ന്‌ പ്രാബല്യത്തില്‍ വന്ന കരാറില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇതാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഒപ്പുവെച്ച അനുബന്ധ കരാറിന്റെ ഉള്ളടക്കം. ഈ അനുബന്ധ കരാറിനെ അന്തിമ കരാറായി വ്യാഖ്യാനിച്ച്‌ പഴി മുഴുവന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ്‌ യു.ഡി.എഫ്‌ ശ്രമിക്കുന്നത്‌. താഴെക്കൊടുത്തിരിക്കുന്ന വസ്‌തുതകള്‍ യു.ഡി.എഫ്‌ ഒപ്പുവെച്ച അടിസ്ഥാന കരാര്‍ പ്രകാരം എസ്‌.എന്‍.സി ലാവ്‌ലിന്‌ നല്‍കാമെന്ന്‌ അംഗീകരിച്ചിരുന്ന എന്തെല്ലാം ജനങ്ങളില്‍ കുറവുവരുത്താനായി എന്നത്‌ വ്യക്തമാക്കുന്നുണ്ട്‌.

കരാറില്‍ വരുത്തിയ മാറ്റങ്ങള്‍

ഇനം യു.ഡി.എഫ്‌ ഉണ്ടാക്കിയ എല്‍.ഡി.എഫ്‌
കരാറിലെ വ്യവസ്ഥകള്‍ വരുത്തിയ മാറ്റങ്ങള്‍
സാധന സാമഗ്രികള്‍ 182 കോടി 131 കോടി
കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24 കോടി 17 കോടി
പലിശ 7.8 ശതമാനം 6.8 ശതാനം
കമിന്റ്‌മെന്റ്‌ ചാര്‍ജ്‌ 0.5 ശതമാനം 0.375 ശതമാനം
അഡ്‌മിനിസ്‌ട്രേഷന്‍ ഫീസ്‌ 0.75 ശതമാനം 0.5 ശതമാനം
എക്‌സ്‌പോഷര്‍ ഫീ 6.25% ീേ 5.8% 4.76%
സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ്‌ 46 കോടി 98 കോടി

6. ആഗോള ടെണ്ടര്‍ വിളിക്കുന്ന പ്രശ്‌നം ഉയര്‍ന്നുവന്നല്ലോ. അക്കാര്യത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരും യു.ഡി.എഫ്‌ സര്‍ക്കാരും ഒരേ സമീപനമായിരുന്നോ സ്വീകരിച്ചത്‌?

1991-96 കാലത്ത്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ 13 വൈദ്യുത പദ്ധതികളില്‍ ഒപ്പുവെച്ചു. ഒന്നില്‍ പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ എല്ലാം നേരിട്ട്‌ വിദേശകമ്പനികളുമായി ചര്‍ച്ച ചെയ്‌ത്‌ ധാരണാപത്രം ഒപ്പുവെച്ച്‌ കരാര്‍ ഉണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ഈ രീതിയെയാണ്‌ എം.ഒ.യു റൂട്ട്‌ എന്ന്‌ വിളിക്കുന്നത്‌. യു.ഡി.എഫ്‌ ധാരണാപത്രവും വൈദ്യുതിവാങ്ങല്‍ കരാറുംഒപ്പുവെച്ച പല കമ്പനികളും പിന്നീട്‌ താപനിലയങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റും മുന്നോട്ടുവന്നില്ല. പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍, നേര്യമംഗലം തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ കാര്യത്തിലേ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം മുന്നോട്ടുപോയുളളൂ.

എന്നാല്‍ 1996-2001 കാലത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരൊറ്റ വൈദ്യുത പദ്ധതി പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ കരാര്‍ ഉറപ്പിച്ചിട്ടില്ല. കുറ്റിയാടി അഡീഷണല്‍ എക്‌സ്‌റ്റന്‍ഷന്‍ പദ്ധതി ലാവ്‌ലിന്‍ കമ്പനി പുറകെ നടന്നിട്ടുപോലും ടെണ്ടര്‍ വിളിച്ച്‌ പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെയാണ്‌ ഏല്‍പ്പിച്ചത്‌. ആതിരപ്പള്ളിയും ടെണ്ടര്‍ വിളിച്ചപ്പോള്‍ ഈ പൊതുമേഖലാസ്ഥാപനത്തിന്‌ കിട്ടി. കോഴിക്കോട്‌ ഡീസല്‍ പ്ലാന്‍റും ടെണ്ടര്‍ വിളിച്ചാണ്‌ നിശ്ചയിച്ചത്‌. നേര്യമംഗലം പദ്ധതി ധാരണാപത്രം റദ്ദാക്കി ടെണ്ടര്‍ വിളിക്കാന്‍ ശ്രമിച്ച കാര്യം സൂചിപ്പിച്ചുവല്ലോ. യു.ഡി.എഫ്‌ തിരുത്താനാവാത്ത കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്ന പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി മാത്രമാണ്‌ മുന്നോട്ടുകൊണ്ടുപോയത്‌.

7. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പരിഗണിക്കാതെ കരാറില്‍ ഒപ്പിട്ടു എന്നു പറയുന്നതിന്റെ യാഥാര്‍ത്ഥ്യമെന്താണ്‌?

ബാലാനന്ദന്‍ കമ്മിറ്റി നല്‍കിയ 37 നിര്‍ദ്ദേശങ്ങളില്‍പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ സംബന്ധിച്ചത്‌. മന്ത്രിസഭാ തീരുമാനപ്രകാരം അഡണ്ടം കരാര്‍ ഒപ്പുവെക്കുന്നതിന്റെ ഏഴുദിവസം മുമ്പാണ്‌ ഈ റിപ്പോര്‍ട്ട്‌ ലഭിച്ചത്‌. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്‌ പരിഗണിക്കുക സാധ്യമായിരുന്നില്ല. മാത്രമല്ല, അതിനകം നിലവില്‍ വന്നിരുന്ന കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയുമായിരുന്നില്ല. കരാര്‍ സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളും പാരീസിലെ ഇന്റര്‍നാഷണല്‍� ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ നിയമപ്രകാരം അവിടെവെച്ച്‌ ആര്‍ബിട്രേറ്റ്‌ ചെയ്യണം എന്നായിരുന്നു വ്യവസ്ഥ.

8. പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞു എന്നു പറയുന്നതില്‍ വസ്‌തുതയുണ്ടോ?

ഈ വിഷയത്തെ സംബന്ധിച്ച്‌ 2001 ഒക്‌ടോബര്‍ 23 ന്‌ നിയമസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഈ കാര്യം പറയുന്നുണ്ട്‌. ഭെല്ലില്‍നിന്ന്‌ ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ഓഫര്‍ ലഭിച്ചിരുന്നില്ല. ഭെല്ലിന്റെ ഓഫര്‍ തള്ളി എന്നു പറയുന്നത്‌ യു.ഡി.എഫിന്റെ കാലത്ത്‌ കുറ്റിയാടി പദ്ധതിയിലാണ്‌. ഇതിലല്ല.

9. കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ്‌ ഈ പദ്ധതി നടപ്പിലാക്കിയത്‌ എന്ന വിമര്‍ശനത്തില്‍ വല്ല കഴമ്പുമുണ്ടോ?

നിയമപ്രകാരം 100 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള കരാറുകള്‍ക്ക്‌ കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഇവിടെ മൂന്ന്‌ പദ്ധതികളുടെ നവീകരണത്തിനായി മൂന്ന്‌ കണ്‍സള്‍ട്ടന്‍സി കരാരുകളാണ്‌ കാര്‍ത്തികേയന്റെ കാലത്ത്‌ ഒപ്പിട്ടത്‌. അവ ഓരോന്നും 100 കോടിയുടേത്‌ ആകുന്നില്ല എന്നതുകൊണ്ട്‌ നിയമപരമായി അതോറിറ്റിയുടെ സമ്മതം ആവശ്യമില്ല. കാര്‍ത്തികേയന്‍ മൂന്നാക്കി ഒപ്പിട്ട പദ്ധതി ഒന്നാക്കിയില്ല എന്നാണ്‌ ഇപ്പോഴത്തെ വിമര്‍ശനം. കാര്‍ത്തികേയന്‍ ചെയ്‌ത കുറ്റത്തിന്‌ പിണറായി വിജയനെ കുറ്റവാളിയാക്കുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളത്‌. മാത്രമല്ല, എല്ലാ പദ്ധതികളും ഒന്നാക്കണമെന്ന്‌ പറയുന്നവര്‍ നാളെ കേരളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഒന്നാക്കി ടെണ്ടര്‍ ചെയ്യണമെന്ന്‌ പറഞ്ഞുകൂടായ്‌കയില്ല.
എല്ലാറ്റിനുമുപരി, എല്‍.ഡി.എഫിന്റെ കാലത്ത്‌ അനുബന്ധ കരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ 500 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള പദ്ധതികള്‍ക്ക്‌ അനുമതി മതി എന്ന്‌ കേന്ദ്ര വൈദ്യുതി അതോറിറ്റി ഉത്തരവ്‌ ഇറക്കിയിരുന്നു. അതുകൊണ്ട്‌ കേന്ദ്ര അനുമതി വാദം നിരര്‍ത്ഥകമാണ്‌.

10. നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?

1991-96 കാലത്ത്‌ കൂടുതല്‍ മഴ ലഭിച്ചതുകൊണ്ട്‌ മറ്റു ജലവൈദ്യുതപദ്ധതികളുടെ ഉല്‍പ്പാദനം 6 ശതമാനം മുതല്‍ 9 ശതമാനം വരെ വര്‍ദ്ധിച്ചപ്പോള്‍ പള്ളിവാസലില്‍ 17 ശതമാനവും ശെങ്കുളത്ത്‌ 8 ശതമാനവും പന്നിയാറില്‍ 21 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞു. ഇങ്ങനെ നഷ്‌ടപ്പെട്ട 115 കോടി യൂണിറ്റിന്റെ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 1.15 രൂപ വിലയിട്ടാല്‍പ്പോലും 171 കോടി രൂപ നഷ്‌ടമാണ്‌ കണക്കാക്കിയത്‌. ഈ മൂന്ന്‌ പദ്ധതിയും നവീകരണ പ്രവര്‍ത്തനം തുടങ്ങുംമുമ്പ്‌ 355 മില്യണ്‍ യൂണിറ്റ്‌ (35.9 മെഗാവാട്ട്‌) വൈദ്യുതിയാണ്‌ ഉല്‍പ്പാദിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ നവീകരണത്തിനുശേഷം 589 മില്യണ്‍ യൂണിറ്റാണ്‌ (58.7 മെഗാവാട്ട്‌) ഉല്‍പ്പാദിപ്പിക്കുന്നത്‌. നവീകരണ പ്രവര്‍ത്തനത്തിനായി 253.95 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. നവീകരണത്തിനുശേഷം ഉല്‍പ്പാദിപ്പിച്ച വൈദ്യുതി വിറ്റ ഇനത്തില്‍ 1100 കോടി രൂപ ഇതിനകം ലഭ്യമായിട്ടുണ്ട്‌. നവീകരണ പ്രവര്‍ത്തനത്തിനുശേഷം പണം പാഴായിപ്പോയി എന്നത്‌ അസംബന്ധമാണ്‌.

11. മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച സഹായവാഗ്‌ദാനം എങ്ങനെയുണ്ടായി?

ഇ.കെ. നായനാരുടെ നേതൃത്വത്തില്‍� കാനഡ സ�ര്‍ശിച്ച സ�ര്‍ഭത്തില്‍� കനേഡിയന്‍ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ്‌ കനേഡിയന്‍ അന്താരാഷ്‌ട്ര വികസന ഏജന്‍സിയുടെ ധനസഹായമായി 98 കോടി രൂപ നല്‍കാമെന്നും 105 കോടി രൂപ ചെലവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണമെന്നും തീരുമാനിച്ചത്‌. കനേഡിയന്‍ വിദേശ സഹായമായാണ്‌ ഈ ആശുപത്രി സ്ഥാപിക്കുന്നതിന്‌ ക്യൂബക്‌ പ്രവിശ്യാ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴി എസ്‌.എന്‍.സി. ലാവ്‌ലിന്‍ പണം സമാഹരിച്ച്‌ നല്‍കുമെന്നായിരുന്നു സര്‍ക്കാരുമായി ധാരണാപത്രം ഉണ്ടാക്കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍� തലശ്ശേരിയില്‍� 25 ഏക്കര്‍ സ്ഥലം വിലക്കെടുത്ത്‌ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. യു.ഡി.എഫ്‌. കാലത്ത്‌ 45 കോടി രൂപയുടെ സഹായം നല്‍കാമെന്നായിരുന്നു എസ്‌.എന്‍.സി. ലാവ്‌ലിന്റെ വാഗ്‌ദാനമെങ്കില്‍� അത്‌ 98 കോടിയായി ഉയര്‍ത്തിയത്‌ എല്‍.ഡി.എഫ്‌. ഭരണകാലത്ത്‌ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു. 12 കോടിയോളം രൂപ മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി ചെലവഴിക്കുകയും ചെയ്‌തു. ഇത്‌ എസ്‌.എന്‍.സി ലാവ്‌ലിന്‍ നേരിട്ടാണ്‌ ചെയ്‌തത്‌. ഇതിനായി അവരാണ്‌ ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത്‌. നൂറുകണക്കിന്‌ രോഗികള്‍ ദിവസേന എത്തിച്ചേരുന്ന ഒരു കാന്‍സര്‍ ആശുപത്രിയായി ഇപ്പോള്‍ പ്രവര്‍ത്തനം നടന്നുവരികയാണ്‌.

12. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തിലുണ്ടായ വീഴ്‌ച ആരുടേതാണ്‌?

എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ മാറി യു.ഡി.എഫ്‌. ഗവണ്‍മെന്റ്‌ വന്നതോടുകൂടി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച്‌ യു.ഡി.എഫുകാര്‍ വലിയ തോതില്‍� ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയും 32 കോണ്‍ഗ്രസ്‌ എം.എല്‍.എ.മാര്‍ ഒപ്പിട്ട്‌ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ എസ്‌.എന്‍.സി. ലാവ്‌ലിന്‍ അധികൃതര്‍ ആന്റണി ഗവണ്‍മെന്റിനെ സമീപിക്കുകയും മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി തങ്ങള്‍ 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ബാക്കി തുക തരാന്‍ സന്നദ്ധമാണെന്നും ചെയ്‌തു തന്ന� സഹായങ്ങള്‍ക്ക്‌ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ നല്‍കണമെന്നും ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഒരു കരാറാക്കി മാറ്റണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍� കത്ത്‌ നല്‍കുന്നതിനോ കരാര്‍ ഉണ്ടാക്കുന്നതിനോ തയ്യാറാകാതെ അന്നത്തെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ തുടര്‍ സഹായം നഷ്‌ടപ്പെടുത്തി. 98 കോടി രൂപയുടെ സഹായ വാഗ്‌ദാനത്തില്‍� നിന്ന്‌ 12 കോടി രൂപ കഴിച്ച്‌ ബാക്കി തുക നഷ്‌ടപ്പെട്ടതിന്‌ കാരണം യു.ഡി.എഫ്‌. ഗവണ്‍മെന്റാണ്‌. മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസിപ്പിക്കുകയായിരുന്നില്ല� യു.ഡി.എഫിന്റെ ഉദ്ദേശം; ഇതു സംബന്ധിച്ചുള്ള വിവാദം നിലനിര്‍ത്തി പിണറായി വിജയനെ പ്രതിക്കൂട്ടില്‍� നിര്‍ത്തുക എന്ന ഗൂഢപദ്ധതിയായിരുന്നു.

വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല കാന്‍സര്‍ ആശുപത്രിക്കുള്ള ധനസഹായം. ലാവ്‌ലിന്‍ സമാഹരിച്ചു തരാമെന്നേറ്റ വിദേശ സൗജന്യ സഹായമാണിത്‌. ഇത്‌ സംബന്ധിച്ച്‌ ധാരണാപത്രം ഉണ്ടാക്കിയിരുന്നു. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എഗ്രിമെന്റ്‌ ഉണ്ടാക്കാമെന്നായിരുന്നു ധാരണ. എഗ്രിമെന്റ്‌ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തീരുമാനത്തിന്‌ എത്തിയില്ല എങ്കിലും ധാരണാപത്രം നമ്മുടെ സര്‍ക്കാര്‍ പുതുക്കിക്കൊണ്ടിരുന്നു. പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ധാരണപ്രകാരമുള്ള ധനസഹായം കിട്ടുന്നതിന്‌ ചിലബുദ്ധിമുട്ടുകള്‍ നേരിട്ടു. യു.ഡി.എഫ്‌ അധികാരത്തില്‍ വന്നപ്പോള്‍ കാന്‍സര്‍ ആശുപത്രിക്കായുള്ള ധനസഹായം നേടാനുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിച്ചു. ധാരണാപത്രം ലാപ്‌സാകാന്‍ അനുവദിച്ചു.

ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാതെ പണം നഷ്‌ടപ്പെടുത്തിയ കടവൂര്‍ ശിവദാസന്റെ പേരിലോ 1995 ല്‍� കരാര്‍ ഉണ്ടാക്കിയ ജി. കാര്‍ത്തികേയന്റെ പേരിലോ യാതൊരു കുറ്റവും കാണാത്ത സി.ബി.ഐ പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം രാഷ്‌ട്രീയ ദുരുദ്ദേശത്തോടുകൂടിയാണെന്ന്‌ വ്യക്തമാണ്‌. യു.ഡി.എഫ്‌. ഭരണകാലത്ത്‌ നടപ്പിലാക്കിയ കുറ്റിയാടി വിപുലീകരണ പദ്ധതിയും എസ്‌.എന്‍.സി. ലാവ്‌ലിനാണ്‌ ചെയ്‌തത്‌. ജലവൈദ്യുതപദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവ്‌ലിനുമായി ഒരു സംയുക്ത സംരംഭമായിരുന്നു അവര്‍ വിഭാവനം ചെയ്‌തിരുന്നത്‌. ആദ്യ ബാച്ചായി പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയാണ്‌ ലാവ്‌ലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ അതില്‍ വിഭാവനം ചെയ്‌തിരുന്നു. കുറ്റിയാടി അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡിസല്‍ നിലയവും ഭെല്ലിന്‌ തന്നെയായിരുന്നു ലഭിച്ചത്‌. എല്‍.ഡി.എഫ്‌ എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ കാന്‍സര്‍ സെന്ററിന്‌ ആദ്യം കാണിച്ച ആവേശം ലാവ്‌ലിന്‌ ഇല്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാവട്ടെ ധാരണാപത്രം പോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്തുപോലും അയയ്‌ക്കുന്നതിന്‌ തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യമായി. അതുകൊണ്ട്‌ 86 കോടി രൂപ എവിടെ പോയി എന്ന്‌ യു.ഡി.എഫ്‌ ആണ്‌ വ്യക്തമാക്കേണ്ടത്‌.

12 കോടി രൂപയാണ്‌ തങ്ങള്‍ക്ക്‌ ലഭ്യമായിട്ടുള്ളത്‌ എന്ന്‌ ലാവ്‌ലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആശുപത്രിക്കെന്നു പറഞ്ഞ്‌ ലാവ്‌ലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ എക്‌സിക്യൂട്ടീവ്‌ ഏജന്‍സിക്ക്‌ പണം നല്‍കിയിരുന്നോ എന്നെക്കെ അന്വേഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ ഇത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നോക്കുന്നത്‌ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ലാവ്‌ലിന്റെ പോരായ്‌മയ്‌ക്ക്‌ വക്കാലത്ത്‌ പിടിക്കേണ്ട സ്ഥിതി ഇടതുപക്ഷത്തിന്‌ ഇല്ല. ദേശീയതലത്തില്‍ ലാവ്‌ലിനുമായി ഇപ്പോള്‍ ആണവ സാമഗ്രി കരാറിന്‌ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെപ്പോലെ അവരെ പ്രീണിപ്പിക്കേണ്ട കാര്യവും ഇടതുപക്ഷത്തിനില്ല. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായ വാഗ്‌ദാനം എസ്‌.എന്‍.സി. ലാവ്‌ലിന്‍ പാലിക്കാത്തതിന്റെ പേരില്‍� സ: പിണറായി വിജയനെ പ്രതിചേര്‍ക്കാനുള്ള സി.ബി.ഐ. നടപടി രാഷ്‌ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല.

13. ഈ കരാരിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്‌ പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ?

ഈ കരാറിന്റെ തുടക്കക്കാരന്‍ ജി. കാര്‍ത്തികേയനാണെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയായതിനുശേഷമുള്ള കരാറിന്റെ തീരുമാനമെടുക്കുന്നത്‌ മന്ത്രിസഭയാണ്‌. ആ തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമാണ്‌ പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്‌. ക്യാബിനറ്റ്‌ റൂള്‍സ്‌ ഓഫ്‌ ബിസിനസ്‌ പ്രകാരം മന്ത്രിസഭാ യോഗത്തിലെടുക്കുന്ന തീരുമാനമെന്നത്‌ എല്ലാ മന്ത്രിമാരുടെയും കൂട്ടുത്തരവാദിത്വമാണ്‌. അതില്‍ നിന്ന്‌ ഒരാളെ മാത്രം അടര്‍ത്തിയെടുത്ത്‌ പ്രതിചേര്‍ക്കാന്‍ പറ്റില്ല എന്നതാണ്‌ വസ്‌തുത. നിയമപരമായി നിലനില്‍ക്കുന്ന ഈ കാഴ്‌ചപ്പാടിനെ മറികടന്നുകൊണ്ടാണ്‌ സി.ബി.ഐ രാഷ്‌ട്രീയലക്ഷ്യത്തോടെ ഈ തീരുമാനമെടുത്തത്‌ എന്നു പറഞ്ഞാല്‍ അത്‌ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല.

14. എല്ലാ കാര്യങ്ങളും മന്ത്രിസഭയുടെ മുമ്പില്‍ നിന്ന്‌ മറച്ചുവച്ചു എന്നു പറയുന്നതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?

ഒരു വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുരുക്കി നോട്ടിനകത്ത്‌ ഉണ്ടാകും. ആ നോട്ടിന്റെ വിവരങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും യോഗത്തിനു മുമ്പാകെ വരും. സംശയമുള്ള ഏതെങ്കിലും അംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്ക്‌ ഈ ഫയലുകളെല്ലാം പരിശോധിക്കാവുന്നതുമാണ്‌. വസ്‌തുത ഇതായിരിക്കെ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത്‌ ക്യാബിനറ്റിന്റെ ബാലപാഠം അറിയാവുന്ന ഒരാള്‍ക്കുപോലും അംഗീകരിക്കാനാവില്ല. അന്നത്തെ മന്ത്രിസഭാംഗങ്ങളാരും തന്നെ ഇത്തരമൊരു തെറ്റിദ്ധരിപ്പിക്കല്‍ നടന്നതായി എവിടെയും പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും മൂന്നാമതൊരാള്‍ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്ന വിചിത്രമായ വാദമാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌.

15. സി.ബി.ഐയുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമായി മാറി എന്നു പറയാന്‍ കാരണമെന്താണ്‌?

യു.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തില്‍� വന്ന� ഉടനെ അന്വേഷണം വേണമെന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടിട്ടും അതൊന്നും അന്വേഷണ ഉത്തരവിടാതിരുന്ന എ.കെ.ആന്റണി മുത്തങ്ങ സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ സി.പി.ഐ.(എം) നേതൃത്വത്തില്‍� ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോണ്‌ പ്രതിപക്ഷ നിയമസഭാ നേതാക്കന്മാര്‍ നിരാഹാരസമരം നടത്തുന്ന സ�ര്‍ഭത്തില്‍ എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. രാഷ്‌ട്രീയ ഉദ്ദേശത്തോടുകൂടിയായിരുന്നു വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്‌.

2003 മാര്‍ച്ച്‌ 6-നാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഉയര്‍ന്നു വന്ന�എല്ലാ ആരോപണങ്ങളും വിജിലന്‍സ്‌ പരിശോധിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍�മന്ത്രിമാരുടെ പങ്കാളിത്തം പ്രത്യേകമായി പരിശോധിക്കുകയും സ: പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലും ഉത്തരവാദിയാവുന്നില്ല� എന്ന്‌ 2006 ഫെബ്രുവരി 10ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ ഗവണ്‍മെന്റിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്‌തു. 2006 ഫെബ്രുവരി 27ന്‌ വിജിലന്‍സ്‌ ജഡ്‌ജി മുമ്പാകെ 9 ഉദ്യോഗസ്ഥന്മാരെ പ്രതിചേര്‍ത്ത്‌ എഫ്‌.ഐ.ആര്‍. സമര്‍പ്പിക്കുകയും ചെയ്‌തു. യു.ഡി.എഫ്‌. ഉദ്ദേശിച്ചതുപോലെ വിജിലന്‍സിന്‌ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല� എന്നു വന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസം ചേര്‍ന്ന� ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗം എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐ.ക്ക്‌ വിടാന്‍ തീരുമാനിക്കുകയും വിജിലന്‍സ്‌ ഡയറക്‌ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിക്കുകയുമാണുണ്ടായത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍� കണ്ടുകൊണ്ടുള്ള ഒരു രാഷ്‌ട്രീയ തീരുമാനമായിരുന്നു ഇത്‌. എന്നാല്‍� വിജിലന്‍സ്‌ കേസ്‌ അന്വേഷിച്ചുകൊണ്ടിരിക്കേ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തുതന്നെ� ഈ കേസ്‌ സി.ബി.ഐ.ക്ക്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍� ഒരു സ്വകാര്യ അന്യായം വന്നിരുന്നു. 2006 ഫെബ്രുവരി 7ന്‌ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ കേസ്‌ സി.ബി.ഐ.ക്ക്‌ റഫര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നാണ്‌ ഹൈക്കോടതിയെ അറിയിച്ചത്‌. ഫെബ്രുവരി 7ന്‌ ഈ നിലപാട്‌ സ്വീകരിച്ച ഉമ്മന്‍ചാണ്ടി ഫിബ്രവരി 10ന്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ കണ്ടതോടുകൂടി നിലപാട്‌ മാറ്റുകയായിരുന്നു. നിയമസഭാ പ്രഖ്യാപനം വന്ന മാര്‍ച്ച്‌ 1 ന്‌ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ തീരുമാനിക്കുകയും ചെയ്യുന്നു. 20 ദിവസം കൊണ്ട്‌ ഗവണ്‍മെന്റിന്റെ നിലപാടില്‍�വന്ന മാറ്റത്തിന്‌ രാഷ്‌ ട്രീയ താല്‍പര്യമല്ലാതെ മറ്റ്‌ യാതൊന്നുമുണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്‌ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്‌ വിഷയമായി യു.ഡി.എഫ്‌. ഉയര്‍ത്തിക്കൊണ്ടുവന്നു. തെരഞ്ഞെടുപ്പില്‍� സി.ബി.ഐ. അന്വേഷണം തീരുമാനിച്ച യു.ഡി.എഫ്‌. തോല്‍ക്കുകയും എല്‍.ഡി.എഫ്‌. അധികാരത്തില്‍� വരികയും ചെയ്‌തു.

സി.ബി.ഐ. അന്വേഷണം വേണമെന്നുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യത്തെക്കുറിച്ച്‌ കേന്ദ്ര�ഗവണ്‍മെന്റ്‌ സി.ബി.ഐ.യോട്‌ അഭിപ്രായമാരാഞ്ഞു. സംസ്ഥാന വിജിലന്‍സ്‌ തന്നെ ഇതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും സി.ബി.ഐ. തീരുമാനിച്ച കാര്യം ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച്‌ സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായമെന്തെന്ന്‌ ആരാഞ്ഞപ്പോള്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ്‌ അന്വേഷണം മതിയെന്നുമുള്ള സി.ബി.ഐ.യുടെ നിലപാടിനോട്‌ യോജിച്ചുകൊണ്ട്‌ എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ 2006 ഡിസംബര്‍ 4ന്‌ മന്ത്രിസഭാ യോഗം ചേര്‍ന്ന്‌ തീരുമാനമെടുത്തു. ഈ കാര്യം കേന്ദ്രത്തെ അറിയിച്ചു. ഈ സന്ദര്‍ഭത്തില്‍�ഹെക്കോടതിയില്‍� വന്ന� സ്വകാര്യ അന്യായത്തിന്മേല്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിക്കുകയാണ്‌ ഉണ്ടായത്‌. കഴിഞ്ഞ കുറച്ചു മാസമായി പുറത്തുവന്ന� യു.ഡി.എഫ്‌. അനുകൂലപത്രങ്ങളെല്ലാം പിണറായി വിജയനെ പ്രതിചേര്‍ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. `ഉന്നത സി.പി.ഐ.(എം) നേതാവ്‌ ഒമ്പതാം പ്രതി' എന്ന്‌ ഡിസംബര്‍ 13ന്‌ തന്നെ� ചന്ദ്രിക പത്രം മുഖ്യവാര്‍ത്തയായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ആസന്നമായ സന്ദര്‍ഭത്തിലാണ്‌ ഇപ്പോള്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഇത്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍� കോണ്‍ഗ്രസ്സിന്‌ പ്രചരണായുധമാക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരു നടപടിയാണ്‌.

16. സി.ബി.ഐ ഏതെങ്കിലും കേസുകളില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയ ചരിത്രമുണ്ടോ?

രാഷ്‌ട്രീയപ്രേരിതമായി സി.ബി.ഐ കേസ്‌ നടത്തി എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്‌. മുലായം സിങ്ങിന്റെ പേരില്‍ സി.ബി.ഐ കേസ്‌ ചുമത്തിയിരുന്നു. എന്നാല്‍ വിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയില്‍ യു.പി.എ സര്‍ക്കാരിന്‌ പിന്തുണ നല്‍കിയതിന്റെ പേരില്‍ അത്തരം കേസുകള്‍ മരവിപ്പിക്കുകയായിരുന്നു. മായാവതി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച ഉടനെ മായാവതിയുടെ പേരിലുള്ള കേസ്‌ ഏറ്റെടുക്കുന്നതിന്‌ സി.ബി.ഐ തയ്യാറായി. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ സി.ബി.ഐയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നുണ്ട്‌. 1993 ല്‍ സി.ബി.ഐയുടെ ദുരുപയോഗത്തെക്കുറിച്ച്‌ രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌ ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രി എച്ച്‌.ആര്‍. ഭരദ്വാജ്‌ ആയിരുന്നു. സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ ``അധികാരികള്‍ക്കു മുമ്പില്‍ മുട്ടിട്ടിഴയുന്ന സ്ഥാപനം'' എന്നായിരുന്നു. ഇങ്ങനെ പറഞ്ഞതാവട്ടെ അയോധ്യാ കേസില്‍ അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സി.ബി.ഐ പിന്‍വലിച്ച വേളയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു.

പ്രതിരോധ ഇടപാടിലെ അഴിമതി തെഹല്‍ക പുറത്തുകൊണ്ടുവന്നപ്പോള്‍ ബംഗാരു ലക്ഷ്‌ണനെതിരെ കേസ്സെടുക്കാന്‍ തയ്യാറാകാത്ത സി.ബി.ഐ തെഹല്‍കയുടെ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിനെയും അനുരുദ്ധ ബഹലിനെയും പ്രോസിക്യൂട്ട്‌ ചെയ്‌തത്‌ എടുത്തുകാട്ടി ഇതേ ചര്‍ച്ചയില്‍ ഇന്നത്തെ കേന്ദ്രമന്ത്രി കബില്‍ സിബല്‍ സി.ബി.ഐക്കെതിരെ ആഞ്ഞടിച്ചിരുന്നു. അജിത്‌ ജോഗി ജാതി സര്‍ട്ടിഫിക്കറ്റ്‌ തിരുത്തി എന്ന കേസില്‍ സി.ബി.ഐ അന്വേഷണം നടന്നപ്പോള്‍ കോണ്‍ഗ്രസ്‌ വക്താവ്‌ പറഞ്ഞത്‌ ``രാഷ്‌ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഉപകരണമായി സി.ബി.ഐ മാറുന്നു'' എന്നായിരുന്നു.

2005 ഏപ്രില്‍ 23 ന്‌ ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്‌ലി പ്രസ്‌താവിച്ചത്‌ ``സി.ബി.ഐയെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി യു.പി.എ ഉപയോഗിക്കുന്നു'' എന്നായിരുന്നു. പശ്ചിമ ബംഗാളില്‍ സിംഗൂര്‍-നന്ദിഗ്രാം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നതിലും സി.ബി.ഐ പങ്കുവഹിച്ചു. കൈക്കൂലിപ്പണവുമായി കൈയോടെ പിടിയിലായ സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട്‌ പാര്‍ത്ഥസാരഥി ബോസാണ്‌ സിംഗൂരിലെ തപസി മാലിക്‌ കൊലപാതകക്കേസും റിസ്വാന്‍ റഹ്മാന്‍ കേസും അന്വേഷിച്ചത്‌. ഇത്‌ ഉപയോഗപ്പെടുത്തി ധാരാളം കുപ്രചരണങ്ങള്‍ പാര്‍ട്ടിക്കെതിരെ അവിടെ പ്രചരിപ്പിക്കുകയുണ്ടായി.

വിശ്വാസപ്രമേയ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ ബി.എസ്‌.പിയുടെ ഉപനേതാവ്‌ ബ്രിജേഷ്‌ പഥക്‌ ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി സുപ്രധാനമായ ഒരു വിഷയത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു. താന്‍ സഭയിലേക്ക്‌ വരുന്ന വഴിക്ക്‌ ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ സമീപിച്ച്‌ മായാവതിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ കോപ്പി നല്‍കി ഭീഷണിപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ സി.ബി.ഐ നടത്തിയിട്ടുണ്ടെന്ന്‌ വ്യക്തമാണ്‌.

17. രാഷ്‌ട്രീയപ്രേരിതമായി നടന്ന ഇത്തരം കുറ്റംചാര്‍ത്തലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?

1957 ല്‍ കേരളത്തില്‍ അരിക്ഷാമം രൂപപ്പെട്ടപ്പോള്‍ ആന്ധ്രയില്‍ നിന്ന്‌ അന്നത്തെ ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ്‌ അരി ഇറക്കുമതി ചെയ്യുന്നതിന്‌ നേതൃത്വം കൊടുത്തു. ജസ്റ്റിസ്‌ രാമന്‍നായര്‍ കമ്മീഷന്‍ അന്വേഷണം നടത്തി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒഴിവാക്കാമായിരുന്ന നഷ്‌ടം ഉണ്ടായതായി പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി ഇ.എം.എസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും ഈ കാഴ്‌ചപ്പാടിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇ.എം.എസ്‌ പറഞ്ഞത്‌ ``കേരളത്തെ ഭക്ഷ്യക്ഷാമത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ആന്ധ്രയില്‍ നിന്ന്‌ നേരിട്ട്‌ അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ ഈ തീരുമാനത്തിന്‌ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഈ തീരുമാനം നടപ്പിലാക്കിയതിന്‌ കെ.സി. ജോര്‍ജ്ജിനെ കുറ്റക്കാരനായോ തെറ്റുകാരനായോ സര്‍ക്കാരോ പാര്‍ട്ടിയോ കാണുന്നില്ല'' എന്നായിരുന്നു. ജനങ്ങളെ പട്ടിണിയില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ വേണ്ടി എടുത്ത ഈ നടപടിയെ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.

18. രാഷ്‌ട്രീയ പ്രേരിതമായി ഇത്തരത്തിലുള്ള ഗൂഢാലോചന നടക്കുമ്പോള്‍ സി.പി.ഐ (എം) ന്റെ കേന്ദ്രകമ്മിറ്റി ഇടപെട്ടില്ലേ?

2006 മാര്‍ച്ച്‌ 1-ാം തീയതി നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസമാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടത്‌. അതിനുശേഷം 2006 മാര്‍ച്ച്‌ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഈ തീരുമാനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. മാത്രമല്ല, പിണറായി വിജയനെ കേസില്‍ പെടുത്താനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്നും അസന്ദിഗ്‌ദ്ധമായി അന്ന്‌ കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ചു. ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രകാശ്‌ കാരാട്ട്‌ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഈ പ്രശ്‌നത്തെ പരാമര്‍ശിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: ``ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ഉള്‍പ്പെടുത്താനുള്ള സി.ബി.ഐയുടെ രാഷ്‌ട്രീയ പ്രേരിത ശ്രമം സംഘടിത ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.'' പാര്‍ട്ടിയുടെ മലപ്പുറം, കോട്ടയം സംസ്ഥാന സമ്മേളനങ്ങളും ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച്‌ പിണറായി വിജയനെതിരായുള്ള ആരോപണം ദുരുദ്ദേശപരമാണെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

19. 1991-96 വരെയുള്ള യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വന്‍തോതിലുള്ള വൈദ്യുതിക്ഷാമം കേരളത്തില്‍ അനുഭവപ്പെട്ടിരുന്നല്ലോ. എന്നാല്‍ തുടര്‍ന്നുവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമൊഴിയുമ്പോള്‍ വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തിന്‌ മാറാന്‍ കഴിഞ്ഞതെങ്ങനെ?

1996 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലായിരുന്നു എന്നത്‌ വാസ്‌തവമാണ്‌. മൂന്നര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗും വ്യവസായങ്ങള്‍ക്ക്‌ 100 ശതമാനം പവര്‍ കട്ടുമായിരുന്നു ഉണ്ടായിരുന്നത്‌. 1991 മുതല്‍ 1996 വരെ യു.ഡി.എഫ്‌ ഭരണകാലത്ത്‌ ഉല്‍പ്പാദിപ്പിച്ചതാവട്ടെ 17 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. എന്നാല്‍ എല്‍.ഡി.എഫ്‌ ഭരണത്തില്‍ 1996 മുതല്‍ 2001 വരെയുള്ള കാലത്ത്‌ 1083 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കൂടുതലായി ഉല്‍പ്പാദിപ്പിച്ചത്‌. ഈ കാലയളവില്‍ 12 പദ്ധതി പുതുതായി ആരംഭിച്ചു. ഈ രംഗത്ത്‌ 3200 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. ദക്ഷിണേന്ത്യയില്‍ പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമെന്ന നിലയിലേക്ക്‌ കേരളം മാറുകയും ചെയ്‌തു.

20. കേരളത്തെ വൈദ്യുതരംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഇടയാക്കിയ വൈദ്യുതിമന്ത്രിക്കെതിരെ അധികാരം ഉപയോഗിച്ച്‌ പ്രതിചേര്‍ക്കുമ്പോള്‍ എങ്ങനെ അതിനെ നേരിടണമെന്നാണ്‌ ആലോചിക്കുന്നത്‌?

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപീകൃതമായ കാലത്തുതന്നെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ഗൂഢാലോചനാക്കേസുകള്‍ ഉണ്ടായിട്ടുണ്ട്‌. പെഷവാര്‍ ഗൂഢാലോചനക്കേസ്‌ തൊട്ട്‌ ആരംഭിക്കുന്ന അത്തരം പരമ്പരകള്‍ പാര്‍ട്ടിക്ക്‌ പുത്തരിയല്ല. ഇവയെയെല്ലാം രാഷ്‌ട്രീയമായി തുറന്നുകാട്ടിക്കൊണ്ടാണ്‌ പാര്‍ട്ടി നേരിട്ടത്‌. ഇവിടെയും ഇതിന്റെ പിന്നിലുള്ള രാഷ്‌ട്രീയത്തെ തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകും. നിയമത്തിന്റെ വശങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ തന്നെ നേരിടാനുള്ള നടപടികളും സ്വീകരിക്കും. കേസുകളിലും ഗൂഢാലോചനകളിലും പെടുത്തി പാര്‍ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ മുമ്പും നടന്നിട്ടുണ്ട്‌. അതുകൊണ്ടൊന്നും പാര്‍ടി തകര്‍ന്നില്ല. ഇതിനെയും അതേ അര്‍ത്ഥത്തില്‍ തന്നെ നേരിട്ട്‌ മുന്നോട്ടുപോകും.

Friday, June 12, 2009

ലാവലിന് കേസ്: അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്ട്ട്: പ്രസക്തഭാഗങ്ങള്

തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ. സംസ്ഥാന മന്ത്രി സഭയുടെ ശുപാർശയെ ധിക്കരിച്ച് കോൺഗ്രസ്സിന്റെ താളത്തിനു തുള്ളിയ ഗവർണർ ആർ എസ് ഗവായ് തട്ടിക്കളഞ്ഞത് ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടിയാണ്. ലാവ്ലിൻ കേസിൽ സി ബി ഐ കെട്ടിപ്പൊക്കിയ വാദമുഖങ്ങൾ യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും നിയമപരമായി നിലനില്പില്ലാത്തതാണെന്നും അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദ് വ്യക്തമാക്കുന്നു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ

ഇടപെട്ടത് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍

കേരളത്തില്‍ കടുത്ത വൈദ്യുതിക്ഷാമം നിലനില്‍ക്കുന്ന കാലത്താണ് 1995 ആഗസ്ത് പത്തിന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനും പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തെ സംബന്ധിച്ച് ധാരണപത്രം ഒപ്പിടുന്നത്. അക്കാലത്ത് രൂക്ഷമായിരുന്ന വൈദ്യുതിക്ഷാമം പരിഹരിക്കേണ്ടത് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും അടിയന്തര ഉത്തരവാദിത്തമായിരുന്നു. ഈ പദ്ധതികള്‍ എസ്എന്‍സി ലാവ്ലിനെ ഏല്‍പ്പിക്കുന്നത് ഇടുക്കി പദ്ധതിപോലെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലാവ്ലിന്റെ മുന്‍പരിചയംകൂടി പരിഗണിച്ചായിരുന്നു. മാത്രമല്ല, അക്കാലത്തുതന്നെ കുറ്റ്യാടി പദ്ധതി നിര്‍വഹണം എംഒയു റൂട്ടിലൂടെ ലാവ്ലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ എസ്എന്‍സി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടെന്ന് ആരോപിക്കാന്‍ സാധിക്കില്ല. 1995 ആഗസ്ത് പത്തിന് ഒപ്പുവച്ച എംഒയു പ്രകാരം 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായി കെഎസ്ഇബി പദ്ധതി നടത്തിപ്പിന് കരാറിലേര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം 181.51 കോടി രൂപ മൂന്ന് പദ്ധതിക്കുമായി കനേഡിയന്‍ സാധന സാമഗ്രികള്‍ക്കായി ചെലവുവരുമെന്ന് കണക്കാക്കിയിരുന്നു. പിണറായി വിജയന്‍ 1996 മേയില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തിനുവേണ്ടി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു കരാര്‍ നിലവിലുണ്ടായിരുന്നു. 24.2.1996ലെ ഈ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. 246 കോടി രൂപ കസള്‍ട്ടന്‍സി ഫീ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നെങ്കില്‍ കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നു. ഇത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നു. മാത്രമല്ല, സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ അപ്രകാരം ഒരു തീരുമാനമെടുക്കുന്നത് യുക്തിരഹിതമാണ്. 1996 ഫെബ്രുവരി 24ന് പിഎസ്പി(പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാര്‍ ഒപ്പിട്ട അന്നുതന്നെയാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുള്ള സപ്ലൈ കരാര്‍ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ടത്. ആ പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ പിന്നീട് മന്ത്രിയായി വന്ന പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കു മാത്രമാണ് 1996 ഒക്ടോബറില്‍ കനഡയിലേക്ക് പോയത്. പിണറായി വിജയന്റെ കനഡയാത്രയുടെ മിനിട്സ് പരിശോധിച്ചാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി വായ്പ ലഭിക്കുന്നതിനായാണ് പോയതെന്നും മറിച്ച് കനഡയില്‍നിന്ന് വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചുറപ്പിക്കാനല്ല എന്നും കാണാവുന്നതാണ്. പിണറായി വിജയന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ 1996 ഫെബ്രുവരി 24ലെ കരാര്‍പ്രകാരം പദ്ധതി നടത്തിപ്പിനായി യന്ത്രസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനും അത് വാങ്ങുന്നതിനുള്ള വായ്പ കനഡയില്‍നിന്ന് വാങ്ങാനും തീരുമാനിച്ചിരുന്നു. ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ലൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തതിനുശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഏതെങ്കിലും രൂപത്തിലുള്ള ദുരുദ്ദേശ്യം കരാര്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നില്ല എന്നതാണ്.

ഗൂഢാലോചന സാങ്കല്‍പ്പികം

അടിസ്ഥാനമായി ഐപിസി 120 ബി, 420 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സിബിഐ ആരോപിക്കുന്നത്. 120 ബി വകുപ്പു പരാമര്‍ശിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രതികള്‍ തമ്മില്‍ ഒരു നിയമ വിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ന്യായമായ പ്രവൃത്തിയെ നിയമവിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതിനുള്ള കൂട്ടായ പരിശ്രമം നടത്തണം. അതിനായി പ്രതികള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഒരു കരാറാണ് യഥാര്‍ഥത്തില്‍ കുറ്റകരമായ ഗൂഢാലോചന. ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധികള്‍ നിരവധിയുണ്ട്. ഈ നിയമ വ്യാഖ്യാനത്തിന്റെകൂടി അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഈ കേസിലെ പ്രതികള്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിയമപരമായോ അല്ലാതെയോ ഒരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി സിബിഐ ആരോപിക്കുന്നുപോലുമില്ല. മുമ്പ് വൈദ്യുതമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്ത് 10 നാണ് പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുമായി ബന്ധപ്പെട്ട് ആദ്യം എംഒയു ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്റെ കാലത്തു തന്നെ 1996 ഫെബ്രുവരി 24ന് വിശദമായ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ പലേടത്തും ജി കാര്‍ത്തികേയനാണ് ഈ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതെന്നും ഇത്തരമൊരു ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതെന്നും ആരോപിക്കുന്നുണ്ടെങ്കിലും കാര്‍ത്തികേയനെതിരായി ഒരു വിധ തെളിവും ഇല്ലെന്നും പറയുന്നു. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒരു ഗൂഢാലോചനക്കുറ്റവും മറ്റു പ്രതികള്‍ക്കെതിരായും നിലനില്‍ക്കുന്നതല്ല. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതുംതുടക്കമിട്ടതുമായ വ്യക്തിക്കെതിരെ തെളിവില്ലെന്ന് സിബിഐ തന്നെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നതിനാല്‍ അവര്‍ ആരോപിക്കുന്ന ഗൂഢാലോചനതന്നെ നിയമപരമായി നിലനില്‍ക്കില്ല. പ്രതികള്‍ കുറ്റക്കാരായ ഒരു ഗൂഢാലോചനയ്ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയോ അതിനായി ഒരു കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തതായി ഒരു ആരോപണംപോലും സിബിഐ ഉന്നയിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഐപിസി 120 ബി പ്രകാരമുള്ള കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഒരു തെളിവുമില്ല. ആരോപണം അടിസ്ഥാനപരമായി നിലനില്‍ക്കുന്നതുമല്ല.

ദുരുദ്ദേശ്യം എവിടെ?

സിബിഐ റിപ്പോര്‍ട്ടിലെ ഒരാരോപണം ഐപിസി 420- ാം വകുപ്പു പ്രകാരമുള്ള വഞ്ചനക്കുറ്റം ചെയ്തുവെന്നതാണ്. ഐപിസി 415-ാം വകുപ്പ് വഞ്ചനക്കുറ്റം നിര്‍വചിക്കുന്നു. അതു പ്രകാരം ഒരു വ്യക്തി കളവായോ വഞ്ചിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ മറ്റൊരു വ്യക്തിയെ സ്വാധീനിച്ച് നഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. വഞ്ചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ ദുരുദ്ദേശ്യത്തോടുകൂടിയ വഞ്ചന നടത്തിയിരിക്കണം. അതുവഴി മറ്റൊരാളെ സ്വാധീനിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്യണം. എന്നാല്‍, സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങളും രേഖകളും പരിശോധിച്ചാല്‍ പ്രതികള്‍ ദുരുദ്ദേശ്യത്തോടെ പദ്ധതിനടത്തിപ്പിന്റെ കാര്യത്തില്‍ ഇടപെട്ടതായി കാണുന്നില്ല. ഐപിസി 420-ാം വകുപ്പുപ്രകാരം ആരോപിക്കുന്ന കുറ്റം ഈ കരാറുകള്‍ക്ക് തുടക്കംകുറിച്ച കാര്‍ത്തികേയനെതിരായി സിബിഐ ആരോപിക്കുന്നില്ല. അക്കാരണത്താല്‍തന്നെ മറ്റുള്ളവര്‍ക്കെതിരെയും ഇത് നിലനില്‍ക്കത്തക്കതല്ല. മാത്രമല്ല പിണറായി വിജയന്‍ ആ കാലയളവില്‍ ചിത്രത്തില്‍ വന്നിട്ടുമില്ല.

ക്യാന്‍സര്‍ സെന്റര്‍ വ്യക്തിപരമായ നേട്ടമോ ?

സിബിഐയുടെ ഒരാരോപണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സംബന്ധിച്ചുള്ളതാണ്. ഇവിടെയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു ഒരു ആശുപത്രി പൊതുതാല്‍പ്പര്യപ്രകാരം സ്ഥാപിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ തീരുമാനമെടുത്തത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ ഒരു നേട്ടവും ഉണ്ടാക്കിയതായി തെളിവില്ലാത്തതിനാലാണ് ജി കാര്‍ത്തികേയന്‍ കുറ്റവിമുക്തനാകുന്നതെന്ന് പറയുന്നുണ്ട്. അതേ മാനദണ്ഡം സ്വീകരിക്കുകയാണെങ്കില്‍ വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കിയതായി ആരോപിച്ചിട്ടില്ലാത്തതിനാല്‍ പിണറായി വിജയനെയും സിബിഐ കുറ്റവിമുക്തനാക്കേണ്ടതായിരുന്നു. മാത്രമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വഞ്ചനാപരമായ പ്രവൃത്തി ചെയ്യുന്നതിന് ഏതെങ്കിലും ഒരു ധാരണയോ തീരുമാനമോ കൈക്കൊണ്ടതായി ആരോപിച്ചിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഒരു കരാര്‍ ഉണ്ടാക്കുന്നതിനുപകരം ധാരണപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതുകൊണ്ട് വാഗ്ദാനംചെയ്തിട്ടുള്ള തുക നല്‍കാതെ ലാവ്ലിന് രക്ഷപ്പെടാനായെന്നും അക്കാരണങ്ങളാല്‍ ഐപിസി 420 വകുപ്പുപ്രകാരമുള്ള കുറ്റംചെയ്തു എന്നുമാണ്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഉണ്ടായ അടിസ്ഥാനധാരണ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് തുക സമാഹരിച്ച് ലാവ്ലിന്‍ നല്‍കുമെന്നതായിരുന്നു. എന്നാല്‍, അത്തരത്തില്‍ സാമ്പത്തികസഹായം നല്‍കുന്ന സ്ഥാപനങ്ങളുമായി വ്യക്തമായ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍മാത്രമേ ലാവ്ലിന് സര്‍ക്കാരുമായി ബാധ്യതപ്പെടുന്ന ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇക്കാരണംകൊണ്ട് മാത്രമാണ് കരാറിനുപകരം ധാരണപത്രം ഒപ്പിടാന്‍ ഇടയായത് എന്ന് രേഖകളില്‍ കാണാവുന്നതാണ്. ഈ സാഹചര്യത്തില്‍ ധാരണപത്രം ഒപ്പിടാന്‍ എടുത്ത തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ധാരണപത്രം നിലവിലുള്ളപ്പോള്‍തന്നെ 12.75 കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ പണി നടത്തിയിട്ടുമുണ്ട്.

ബാലാനന്ദന്‍, സുബൈദ കമ്മിറ്റികള്‍

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സിബിഐ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത് കേരളത്തിലെ വൈദ്യുതിരംഗത്തെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്. ഈ കമ്മിറ്റി പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണപദ്ധതികളെ സംബന്ധിച്ച് പ്രത്യേകം പഠിക്കാന്‍വേണ്ടി നിയമിച്ചതല്ല. മാത്രമല്ല, 1996 ഫെബ്രുവരി 24ന്റെ കരാര്‍ നിലവില്‍വന്ന ശേഷമാണ് ബാലാനന്ദന്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. ഈ കമ്മിറ്റി വൈദ്യുതി ഉല്‍പ്പാദനരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കൂട്ടത്തിലാണ് ഈ പദ്ധതികളെപ്പറ്റി പരാമര്‍ശിച്ചത്. എന്നാല്‍, കെഎസ്ഇബി ഈ പദ്ധതികളുടെ നവീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ എന്ന നിലയ്ക്കാണ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് പദ്ധതി നിര്‍വഹണവുമായി പ്രത്യേകിച്ച് പ്രസക്തിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ പദ്ധതികളുടെയും ശബരിഗിരി നവീകരണ പദ്ധതിയുടെയും ചെലവുകള്‍ താരതമ്യംചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കെഎസ്ഇബി നിശ്ചയിച്ചതാണ്. എന്നാല്‍, കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎസ്പി പദ്ധതികള്‍ക്കു വേണ്ടിവരുന്ന ചെലവ് ശബരിഗിരി പദ്ധതിക്കു വേണ്ടിവരുന്ന ചെലവിനേക്കാള്‍ കൂടുതലാണെന്ന് പറയുന്നുണ്ടെങ്കിലും ഈ രണ്ട് പദ്ധതിയിലുമുള്ള പ്രവൃത്തിയുടെ സ്വഭാവം താരതമ്യപ്പെടുത്താവുന്നതല്ല എന്നും പറയുന്നു.

തീരുമാനങ്ങള്‍ നേരത്തെ എടുത്തു

പിണറായി വിജയന്‍ കനഡയില്‍ പോയി സാധനസാമഗ്രികളുടെ വില നിശ്ചയിച്ചതായും തുടര്‍ന്ന് സപ്ലൈ കരാര്‍ ഒപ്പിട്ടതായും സിബിഐ ആരോപിക്കുന്നു. എന്നാല്‍, 1996ജനുവരി മൂന്നിന് തന്നെ ലാവ്ലിന്‍ കെഎസ്ഇബിക്ക് അയച്ച കത്തില്‍ ലാവ്ലിനായിരിക്കും സാധനസാമഗ്രികള്‍ സപ്ലൈചെയ്യുക എന്നും അതിന്റെ അടിസ്ഥാനത്തിലാണ് കനഡയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്് 1996 ഫെബ്രുവരിയിലെ കസള്‍ട്ടന്‍സി കരാറിലും ലാവ്ലിന്‍ പ്രൊക്യുര്‍മെന്റ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പിണറായി വിജയന്‍ മന്ത്രിയാകുന്നതിനുമുമ്പും പിന്‍പും കെഎസ്ഇബിയുമായി നടത്തിയിട്ടുള്ള ഒട്ടനവധി കത്തിടപാടുകളിലും വായ്പയെടുക്കുന്നത് സംബന്ധിച്ചും യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നത് സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന് ലാവ്ലിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം കെഎസ്ഇബിയും ലാവ്ലിനും പരസ്പരധാരണയോടുകൂടി കൈക്കൊണ്ടതാണെന്നും ഇതില്‍ പിണറായി വിജയന് പങ്കില്ലെന്നുമാണ്.

അതും സിബിഐ കണ്ടില്ല

243 കോടി ഒട്ടാകെ ചെലവുവരുന്ന പിഎസ്പി നവീകരണ പദ്ധതികള്‍ക്കായി മൂന്ന് പ്രത്യേക കരാറുണ്ടാക്കിയത് സിഇഎയുടെ മാര്‍ഗനിര്‍ദേശം മറികടന്നാണെന്നും സിബിഐ ആരോപിക്കുന്നു. ഒരു പദ്ധതി അടങ്കല്‍ 100 കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ സിഇഎയുടെ അംഗീകാരം വാങ്ങിക്കണമെന്നാണ് മുമ്പുള്ള വ്യവസ്ഥ. ഈ മൂന്ന് പദ്ധതിക്കുംവേണ്ടിയുള്ള സപ്ലൈ കരാര്‍ ഒപ്പുവച്ചത് 10.2.1997ലാണ് എന്നാല്‍, അതിനുമുമ്പ് 9.1.1997ന് കേന്ദ്രസര്‍ക്കാര്‍ 100 കോടി പരിധി 500 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അക്കാരണത്താല്‍ സിബിഐ ആരോപണം നിലനില്‍ക്കുന്നതല്ല.

ആഗോള ടെന്‍ഡര്‍ എങ്ങനെ?

പിഎസ്പി നവീകരണ പദ്ധതികളുടെ ചെലവ് സംബന്ധിച്ച് പരിശോധിക്കാന്‍ കെഎസ്ഇബി എന്‍എച്ച്പിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ ലാവ്ലിന്‍ മുന്നോട്ടുവച്ച നിരക്ക് അന്തര്‍ദേശീയ നിരക്കുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ശുപാര്‍ശ നല്‍കി. എന്നാല്‍, സിബിഐ ഈ ശുപാര്‍ശ കണക്കിലെടുക്കാതെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളെമാത്രം ആസ്പദമാക്കി ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കനഡയില്‍നിന്ന് വായ്പ ലഭ്യമാകണമെങ്കില്‍ സാധനസാമഗ്രികള്‍ അവിടന്നുതന്നെ വാങ്ങേണ്ടതുണ്ട്. അത്തരമൊരു നിബന്ധന സ്വീകരിച്ച് 1996 ഫെബ്രുവരിയില്‍ത്തന്നെ കരാറിലേര്‍പ്പെട്ടിട്ടുള്ളതിനാല്‍ പിന്നീട് ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധ്യമല്ല. മാത്രമല്ല, പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കെഎസ്ഇബിയും ലാവ്ലിനും കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ രീതി സ്വീകരിക്കാനും തീരുമാനിച്ചു. ഇത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല.

ലിശ: വിചിത്രവാദം

സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പ വാങ്ങിക്കുന്നതിന് പലിശ കൂടുതലാണെന്നും പിഎഫ്സിയില്‍നിന്ന് വായ്പയെടുക്കുന്നതായിരുന്നു കൂടുതല്‍ ലാഭകരമെന്നും പറയുന്നുണ്ട്. ഇതും വസ്തുതാവിരുദ്ധമാണ്. സിബിഐതന്നെ ഹാജരാക്കിയ 96-97 കാലത്തെ പിഎഫ്സി വായ്പനിരക്കുകളും നിബന്ധനകളും സംബന്ധിച്ച രേഖ പരിശോധിച്ചാല്‍ പലിശയും ചെലവും 19 ശതമാനത്തിന് മുകളില്‍ വരും. കൂടാതെ പിഎഫ്സി മുന്നോട്ടുവച്ച പല നിബന്ധനകളും സംസ്ഥാന താല്‍പ്പര്യത്തിന് യോജിക്കുന്നതല്ല. കെഎസ്ഇബിക്ക് ലാഭം ഉറപ്പുവരുത്തണമെന്നും അതിനായി ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ അവര്‍ മുന്നോട്ടുവച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പയ്ക്കെടുക്കുന്നതിന് ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി ബാങ്കുകള്‍വഴി നല്‍കിയതു സംബന്ധിച്ച് പറയുന്നുണ്ട്. ഇഡിസി വായ്പയ്ക്ക് 57 ശതമാനം സംസ്ഥാന സര്‍ക്കാരും 43 ശതമാനം ബാങ്കുകളും വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റിയുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, വിദേശ ധനസ്ഥാപനമായ ഇഡിസിക്ക് നേരിട്ട് ഗ്യാരന്റി നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായി അധികരമില്ലാത്തതിനാല്‍ പൂര്‍ണമായും ബാങ്കുകള്‍വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി നല്‍കാനാണ് തീരുമാനിച്ചത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. മാത്രമല്ല, വാണിജ്യവ്യാപാര ഇടപാടുകളില്‍ ഒരു നിയമാനുസൃത നടപടിക്രമവുമാണ്.

ആശുപത്രിക്കുവേണ്ടി ഗൂഢാലോചന!

പിണറായി വിജയനെതിരെ മറ്റൊരു ആരോപണം മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സഹായം നേടിയെടുക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ്. പൊതുജനങ്ങളുടെ ആവശ്യത്തിനായാണ് എംസിസി സ്ഥാപിച്ചത് എന്നതിനാല്‍ എന്തെങ്കിലും ദുരുദ്ദേശ്യം അതില്‍ ഉണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ല. പിണറായി വിജയന് എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം ഉണ്ടായതായി സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറ്റൊരു ആരോപണം എംഒയു(ധാരണപത്രം)വിന് പകരം എംഒഎ (കരാര്‍)ഉണ്ടാക്കണമായിരുന്നു എന്നതാണ്. എംഒയുവില്‍തന്നെ പറയുന്നത് പണം ലഭ്യമാക്കാന്‍ മറ്റ് ധനസ്ഥാപനങ്ങളും സംഭാവന നല്‍കാന്‍ തയ്യാറുള്ള മറ്റുള്ളവരുമായി ചര്‍ച്ചചെയ്ത് ഒരു ഫിനാന്‍സിങ് സ്ട്രക്ചര്‍ ഉണ്ടാക്കണമെന്നും അതിനുവേണ്ടി രേഖകള്‍ തയ്യാറാക്കണമെന്നുമാണ്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് സിഐഡിഎയെക്കൂടി പങ്കാളികളാക്കണമെന്ന ധാരണയുണ്ടായത്. അതുകൊണ്ട് എംഒയുവിന്റെ കാലാവധി തുടര്‍ന്ന് നീട്ടാന്‍ ധാരണയായി. 1996ല്‍ പിണറായി വിജയന്‍ കനഡ സന്ദര്‍ശിച്ചപ്പോള്‍ കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആദ്യമായി പരാമര്‍ശം വന്നത്. ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നതെന്ന് എംസിസിയും പിഎസ്പി കരാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ്. എംസിസിക്കുള്ള ഗ്രാന്റ് എസ്എന്‍സി ലാവ്ലിനും കേരളവുമായി ഉണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിനുള്ള സഹായം എസ്എന്‍സി ലാവ്ലിന്‍ മറ്റ് ഏജന്‍സികളില്‍നിന്ന്സമാഹരിച്ച് നല്‍കേണ്ടതായിരുന്നതിനാല്‍ ആ അവസരത്തില്‍ അത്തരം ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പുവരുത്താതെ ഒരു എംഒഎയില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. പ്രോജക്ട് നടപ്പാക്കാന്‍ മന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്‍ കാണിച്ച താല്‍പ്പര്യം ദുരുദ്ദേശ്യപരമോ നിയമവിരുദ്ധമായ എന്തെങ്കിലും താല്‍പ്പര്യം കൊണ്ടാണെന്നോ പറയാന്‍ പറ്റില്ല. മന്ത്രി എന്ന നിലയ്ക്ക് പൊതുജനതാല്‍പ്പര്യത്തിനുവേണ്ടി ചെയ്തതാണ്. തലശേരിയില്‍ എംസിസി സ്ഥാപിക്കാന്‍ പിണറായി വിജയന്‍ താല്‍പ്പര്യം കാണിച്ചത് രാഷ്ട്രീയലാഭത്തിനുവേണ്ടിയാണെന്ന സിബിഐയുടെ നിലപാട് സ്വീകാര്യമല്ല. ഇത് വടക്കന്‍ കേരളത്തിലെ രോഗികള്‍ക്ക് ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ്. ഇതിന്റെ പ്രയോജനം കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുള്ള സമീപ ജില്ലകളിലെ ജനങ്ങള്‍ക്കുകൂടി ലഭിക്കും. തൃശൂരും തിരുവനന്തപുരത്തും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൌകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് പിണറായി വിജയന്‍ എടുത്ത തീരുമാനം തികച്ചും ന്യായീകരിക്കാവുന്നതാണ്. റെയില്‍വേയുടെ സോണല്‍ ഹെഡ് ക്വോര്‍ട്ടേഴ്സ് ബംഗളൂരുവിനുപകരം ഹൂബ്ളിയില്‍ സ്ഥാപിക്കാന്‍ എടുത്ത രാഷ്ട്രീയ തീരുമാനം നിയമപരമായി ദുരുദ്ദേശ്യപരമല്ലെന്നും ഒരു ഭരണാധികാരിക്ക് അത്തരം തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ പിഎസ്പി പ്രോജക്ടിനെ സംബന്ധിച്ച ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച വസ്തുത മറച്ചുവച്ചു എന്ന ആരോപണം ശരിയല്ല.

മറയില്ലാതെ

പിഎസ്പി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനുള്ള മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പില്‍ 1997ഫെബ്രുവരി പത്തിന്റെ സപ്ലൈ കോട്രാക്ട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മറച്ചുവച്ചെന്ന് സിബിഐ ആരോപിച്ചിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് 1998 ജനുവരി 21ന്റെ കെഎസ്ഇബി സെക്രട്ടറിയുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ കത്തില്‍ 1997 ഫെബ്രുവരി പത്തിന് ഒപ്പുവച്ച സപ്ലൈ കരാറിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ആ സമയത്ത് ഈ വിവരം കെഎസ്ഇബി അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് സിബിഐ ആരോപിക്കുംവിധം ഒരുവിധ മറച്ചുവയ്ക്കലും ഉണ്ടായിട്ടില്ല.

എംഒയുപോലും വായിച്ചില്ല

എംസിസി കെട്ടിടംപണി സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നതിനുപകരം ടെക്നിക്കാലിയ വഴി ലാവ്ലിന്‍ ചെയ്യിച്ചത് തെറ്റാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് എംഒയു ധാരണയ്ക്ക് അനുസൃതമായാണ് ചെയ്തിട്ടുള്ളത്. എംഒയുവിലെ വ്യവസ്ഥകള്‍ പ്രകാരം എസ്എന്‍സി ലാവ്ലിന് ഇതിനുള്ള അധികാരമുണ്ട്. അതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ല. മുന്‍ ധനകാര്യ സെക്രട്ടറി വരദാചാരിക്കെതിരായി പിണറായി വിജയന്‍ ആക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് സിബിഐ റിപ്പോര്‍ട്ടും മൊഴികളും പരിശോധിച്ചാല്‍ വ്യക്തമാകും. ഇതുസംബന്ധിച്ച് സിബിഐ ഹാജരാക്കിയ വരദാചാരിയുടേതടക്കം മൂന്ന് മൊഴിയും പരിശോധനയില്‍ പരസ്പരവിരുദ്ധമാണെന്നു കണ്ടു.

കടപ്പാട്: ദേശാഭിമാനി


Wednesday, June 10, 2009

എസ്.എന്‍ .സി. ലാവ്ലിന്‍ വിവാദം - ചില വസ്തുതകള്‍

1995 ഓഗസ്റ് 10 ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതികളുടെ നവീകരണം സംബന്ധിച്ച് എസ്.എന്‍ .സി. ലാവ്ലിനുമായി എം.ഒ.യു ഒപ്പുവെച്ചത്. എം.ഒ.യു റൂട്ടുവഴി വൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കുക എന്നത് അക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നയമായിരുന്നു. കാനഡയില്‍നിന്ന് വായ്പയെടുത്തു പദ്ധതി നടപ്പാക്കുക എന്ന പക്കേജിന്റെ ഭാഗമായാണ് അന്നത്തെ സര്‍ക്കാര്‍ എസ്.എന്‍ .സി. ലാവ്ലിനുമായി ധരണാപത്രം അംഗീകരിച്ചത്. തുടര്‍ന്ന് 1996 ഫെബ്രുവരി 24 ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഇതിന്റെ തുടര്‍ച്ചയായി കരാറിലും ഏര്‍പ്പെട്ടു. കേവലം കണ്‍സള്‍ട്ടന്‍സി കരാര്‍ എന്ന നിലക്ക് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും കാനഡയില്‍ നിന്നു വാങ്ങുന്ന സാധനസാമഗ്രികളുടെയും യന്ത്രോപകരണങ്ങളുടെയും അളവും വിലയുമെല്ലാം കരാറില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത.
1996 മേയില്‍ അധികാരിത്തിലെത്തിയ LDF ഗവണ്‍മെന്റ് മുന്‍ഗവണ്‍മെന്റ് ഒപ്പുവച്ച MOU കള്‍ പൊതുവില്‍ മുന്നോട്ടു കൊണ്ടുപോയില്ല. എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ ബാധ്യതയുളള കരാറുകളായിക്കഴിഞ്ഞവ പരമാവധി സംസ്ഥാന താല്പര്യത്തിനനുയോജ്യമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. UDF ഒപ്പുവച്ച പതിമൂന്ന് MOU കളില്‍ പതിനൊന്നും റദ്ദാക്കാന്‍ LDF തീരുമാനിച്ചു. എന്നാല്‍ കരാറായി ക്കഴിഞ്ഞ രണ്ടെണ്ണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കുറ്റ്യാടി എക്സറ്റന്‍ഷന്‍ പദ്ധതിയുടെയും പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണത്തിന്റെയും കരാറുകളാണ് തുടരേണ്ടി വന്നത്.
ഈ നിലയ്ക്ക് 1996 ഫെബ്രുവരിയിലെ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണ കരാറിന് ഒരു അനുബന്ധ കരാര്‍ 1997 ഫെബ്രുവരിയില്‍ ഒപ്പ് വയ്ക്കുകയുണ്ടായി. ഇതു പ്രകാരം കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന യന്ത്രോപകരണങ്ങളുടെ അളവിലും ആകെ വിലയിലും ഏകദേശം 50 കോടിയോളം കണ്ട് കുറവ് വരുത്തി. കണ്‍സള്‍ട്ടന്‍സി ഫീസിനത്തിലും വായ്പയുടെ പലിശ തുടങ്ങിയുളള മേഖലകളിലും ഇളവ് നേടിയെടുത്തു.കൂടാതെ 1994 മുതല്‍ SNC മുന്നോട്ടു വച്ചിരുന്ന ഒരു വാഗ്ദാനം (കേരളത്തിലെ ഏതെങ്കിലും സാമൂഹികക്ഷേമ പദ്ധതിക്ക് കാനഡയിലെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നും സഹായധനം ലഭ്യമാക്കാമെന്ന വാഗ്ദാനം) വ്യക്തമായ പദ്ധതി രൂപരേഖ തയ്യാറാക്കിയും MOU വില്‍ ഏര്‍പ്പെട്ടും നടപ്പാക്കാന്‍ കഴിയുന്ന നിലയിലേക്ക് എത്തിച്ചു.
103 കോടി രൂപ ചെലവില്‍ തലശ്ശേരിയില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുന്നതിന് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അതിന് 98 കോടി രൂപ കാനഡയില്‍ നിന്ന് ധനസഹായം സമാഹരിച്ച് നല്‍കുന്നതിനും എസ്.എന്‍ .സി. ലാവ്ലിനുമായി ധാരണയുണ്ടാക്കുന്നതും അങ്ങിനെയാണ്. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിതമാകുന്നത്.
1994-ല്‍ ശ്രി. സി.വി. പത്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കുറ്റ്യാടി വിപുലീകരണ പദ്ധതി നടപ്പാക്കുന്നതിന് SNC യുമായി MOU യില്‍ ഏര്‍പ്പെട്ട ഘട്ടത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയുളള ഏതെങ്കിലും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കാനഡയില്‍ നിന്നും സഹായധനം ലഭിക്കാനുളള സാധ്യത ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ അക്കാലത്ത് ഇതിന് കൃത്യമായ രൂപരേഖ ഒരുക്കുന്നതിനുളള യാതൊരു നടപടികളും സ്വീകരിക്കുകയുണ്ടായില്ല.
കുറ്റ്യാടി വിപുലീകരണ പദ്ധതിയാകട്ടെ UDF ഗവണ്‍മെന്റിന്റെ കാലത്ത് എല്ലാ കരാറുകളും ഒപ്പുവച്ചു കഴിഞ്ഞതായിരുന്നു. 1994 ല്‍ MOU ഉം, 1995 ല്‍ അടിസ്ഥാന കരാറും, 1996 ഫെബ്രുവരിയില്‍ അനുബന്ധകരാറും ഡഉഎ ഗവണ്‍മെന്റ് ഒപ്പുവച്ചു. കേരളത്തിന് ഏതെങ്കിലും നിലയ്ക്ക് സാങ്കേതിക സഹായം ആവശ്യമുണ്ടായിരുന്ന പദ്ധതിയല്ല കുറ്റ്യാടി വിപുലീകരണ പദ്ധതി. നിലവിലുളള 75 MW ന്റെ പദ്ധതിയോടൊപ്പം ഒരു 50 MW ന്റെ ജനറേറ്റര്‍ കൂടി സ്ഥാപിക്കുക എന്ന പ്രവര്‍ത്തിമാത്രമേ അവിടെ ആവശ്യമുണ്ടായിരുന്നുളളൂ. സാധാരണ നിലയ്ക്ക് ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പാക്കാനുളള എല്ലാ സാങ്കേതിക പരിജ്ഞാനവും KSEB യ്ക്കുള്ളില്‍ തന്നെ ലഭ്യമായിരുന്നു.
എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തി ഇന്ത്യയില്‍ തന്നെ ആദ്യമായി നടത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത അനുഭവ സമ്പത്തോ പരിജ്ഞാനമോ ഇന്ത്യയില്‍ വേണ്ടത്രയുണ്ടായിരുന്നില്ല.
1995-96 കാലയളവിലെ വൈദ്യുതി പ്രതിസന്ധി കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. 100% പവര്‍ക്കട്ട് സൃഷ്ടിച്ച വ്യവസായിക പ്രതിസന്ധി (വര്‍ഷം 6000 കോടിയുടെ ഉല്പാദന നഷ്ടം), മൂന്നര മണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗ് ഇവ മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലും നവീകരണ പദ്ധതികളുടെ കരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NHPC യെ കൊണ്ട് പരിശോധിപ്പിച്ച് കരാര്‍ ഗുണകരമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് LDF ഗവണ്‍മെന്റ് പദ്ധതിയുമായി മുന്നോട്ട് പോയത്.
ഈ നിലയ്ക്ക് പരിശോധിക്കുമ്പോള്‍ ടെണ്ടര്‍ നടപടികള്‍ കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച MOU റൂട്ട് വഴി പദ്ധതി നടത്തിപ്പിനുളള നടപടികളാകെ സ്വീകരിച്ചിട്ടുളളത് UDF ഗവണ്‍മെന്റാണ് എന്നും MOU വിനെ തുടര്‍ന്ന് നിയമപരമായ കരാറായികഴിഞ്ഞ പദ്ധതികള്‍ പോലും സൂഷ്മമായ വിശകലനത്തിന് ശേഷം സംസ്ഥാനത്തിന് ഗുണകരമായ വ്യവസ്ഥകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മാത്രമേ LDF ഗവണ്‍മെന്റ് മുന്നോട്ട് പോയിട്ടുളളൂ എന്നും കാണാന്‍ കഴിയും.
UDF ഗവണ്‍മെന്റ് MOU വയ്ക്കുകയും തുടര്‍ന്ന് അടിസ്ഥാന കരാറിലേര്‍പ്പെടുകയും ചെയ്ത നേരിയമംഗലം നവീകരണ പദ്ധതിയുടെ അനുഭവവും ഇവിടെ പ്രസക്തമാണ്. ഈ കരാര്‍ പ്രകാരം സംസ്ഥാനത്തിന് യാതൊരു വിധ സഹായവും ലഭിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കരാര്‍ LDF റദ്ദാക്കിയിരുന്നു. എന്നാല്‍ കരാര്‍ വെച്ച ABB കമ്പനി ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുകയും സുപ്രീം കോടതി അടക്കമുളള എല്ലാ കോടതികളും അവര്‍ക്കനുകൂലമായി വിധി പ്രസ്താവിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് ABB തന്നെ ആ നവീകരണ ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു.
എസ്.എന്‍ .സി.യുമായുള്ള കരാറുമായി മുന്നോട്ടുപോയിരുന്നില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന അനുഭവം ഇതില്‍ നിന്നുതന്നെ വ്യക്തമാണ്.
ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ 1996 മേയ് മാസം മുതല്‍ കേവലം 2 വര്‍ഷക്കാലം മാത്രം അധികാരത്തിലിരുന്ന വൈദ്യുതി മന്ത്രിയെ പ്രതി ചേര്‍ക്കാനുളള നീക്കം കേവലം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്. കരാറിന്റെ തുടക്കത്തിലും അത് നടപ്പിലാക്കുന്ന വിവിധ ഘട്ടങ്ങളിലും മന്ത്രിമാരായിരുന്ന എല്ലാവരെയും ഒഴിവാക്കി ഒരാളെ മാത്രം പ്രതിയാക്കുന്നതിന്റെ സാംഗത്യം സംശയിക്കേണ്ടതാണ്. SNC യുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലാത്ത മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. സിദ്ധാര്‍ത്ഥമേനോനെ പ്രതിചെര്‍ത്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.
ചില ചോദ്യങ്ങള്‍1. നവീകരണം വഴി എന്തെങ്കിലും നേട്ടം ഉണ്ടോ? ഉല്പാദനശേഷി വര്‍ദ്ധിച്ചോ?1940 കളില്‍, കേരളവും KSEB യും രൂപം കൊള്ളുന്നതിന് മുന്‍പ് സ്ഥാപിക്കപ്പെട്ടതാണ് 37.5 MW ന്റെ പളളിവാസല്‍ പദ്ധതി. നാം ഇന്ന് ഉപയോഗിക്കുന്ന ഏതെങ്കിലും യന്ത്രങ്ങള്‍ (ഫാന്‍ , സ്കൂട്ടര്‍, കാര്‍ ....) ഇത്ര കാലപ്പഴക്കമുളളവയുണ്ടോ. ആയുസ്സറ്റു കഴിഞ്ഞിരുന്ന പഴയ പദ്ധതികള്‍ പുനരുദ്ധാരണം വഴി ഏകദേശം 30 ലധികം വര്‍ഷം കൂടി കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കുകയാണ് പുനരുദ്ധാരണം വഴി ലക്ഷ്യമിടുന്നത്. ഇന്ന് പഴയ എല്ലാ ജല - താപ വൈദ്യുതി പദ്ധതികളിലും നവീകരണം നടപ്പാക്കുന്നുണ്ട്. കേന്ദ്ര വൈദ്യുതി അതോറിട്ടി തന്നെ പുനരുദ്ധാരണം ഒരു മുഖ്യകര്‍മ്മ പരിപാടിയായി മുന്നോട്ടുവച്ചിട്ടുണ്ട്. കാലഹരണപ്പെട്ട യന്ത്രോപകരണങ്ങള്‍ മാറ്റിസ്ഥാപിച്ചും ആധുനിക നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിച്ചും ചുരുങ്ങിയ ചിലവില്‍ ഒരു പുതിയ പദ്ധതി ആരംഭിക്കുന്ന പ്രയോജനമാണ് പുനരുദ്ധാരണം വഴി ലഭിക്കുന്നത്.
1991-94 കാലയളവിലെ CAG റിപ്പോര്‍ട്ടുകളില്‍ പള്ളിവാസല്‍ തുടങ്ങിയുള്ള പദ്ധതികളിലെ കാലഹരണപ്പെട്ട യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതുവഴി കോടിക്കണക്കിന് രൂപയുടെ മൂല്യമുളള ജലം സംഭരണികള്‍ കവിഞ്ഞൊഴുകി പാഴായി പോകുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുനരുദ്ധാരണത്തിന് ശേഷമാകട്ടെ ഈ നിലയ്ക്ക് യാതൊരു നഷ്ടവും ഇപ്പോള്‍ സംഭവിക്കുന്നില്ല.
പുനരുദ്ധാരണം വഴി ചില പദ്ധതികളില്‍ ശേഷി വര്‍ദ്ധിനവിനുളള സാധ്യത ഉണ്ടാകാറുണ്ട്. ജലസംഭരണിയില്‍ നിന്നും ഉല്പാദന നിലയത്തിലേക്ക് വെളളമെത്തിക്കുന്ന പൈപ്പുകളുടെ ശേഷിയുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള സാധ്യത നിലനില്ക്കുന്നത്. പളളിവാസല്‍ പദ്ധതിയുടെ പൈപ്പുകള്‍ (Penstock) പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇങ്ങിനെ മാറ്റി സ്ഥാപിക്കുമ്പോള്‍ ജലസംഭരണിയുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗിപ്പെടുത്താന്‍ 60 MW ന്റെ മറ്റൊരു പദ്ധതി കൂടി സ്ഥാപിക്കുന്നതാകും ഉചിതം എന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ 60 MW ന്റെ പളളിവാസല്‍ എക്സ്റന്‍ഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടി എറ്റെടുക്കാനാണ് LDF സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും തുടര്‍ന്ന് വന്ന UDF സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. 2006 ല്‍ വീണ്ടും LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാത്രമാണ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്.
2. ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശകള്‍ തളളിക്കളഞ്ഞ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തത് ശരിയാണോ?
LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ബാലാനന്ദന്‍ കമ്മറ്റിയ്ക്ക് രൂപംകൊടുക്കുന്നത്. അതിന് മുന്‍പ് തന്നെ UDF സര്‍ക്കാര്‍ പുനരുദ്ധാരണത്തിനുളള കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നുവല്ലോ. നേരിയ മംഗലം കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നുളള കോടതി ഇടപെടലിന്റെ അനുഭവവും കണ്ടു കഴിഞ്ഞു. കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതാകട്ടെ 1997 ലും.
ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. കേവലം പളളിവാസല്‍ പുനരുദ്ധാരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഒരു കമ്മറ്റിയല്ല ബാലാനന്ദന്‍ കമ്മിറ്റി. മറിച്ച് കേരളത്തിന്റെ വൈദ്യുതി മേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നയരൂപീകരണത്തിനുളള നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുളള കമ്മിറ്റിയായിരുന്നു അത്.
അതിന് പര്യാപ്തമായ മുപ്പതിലധികം നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി സമര്‍പ്പിച്ചത്. സ്പോട്ട് ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തല്‍, കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിക്കല്‍ തുടങ്ങി ഒട്ടനവധി നടപടികള്‍ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയവയാണ്. ഇപ്രകാരമുളള നിര്‍ദ്ദേശങ്ങളോടൊപ്പം ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും കേരളത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികള്‍ചൂണ്ടിക്കാട്ടാനുംകമ്മറ്റി ശ്രദ്ധിച്ചിട്ടുണ്ട്. അവയോടൊപ്പമാണ് പഴക്കംചെന്ന പദ്ധതികള്‍ നവീകരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചത്. പദ്ധതികള്‍ നവീകരിക്കണമെന്ന കാര്യത്തില്‍ കമ്മറ്റിക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. നിര്‍വ്വഹണ രീതി സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശമാകട്ടെ നിലവില്‍ വന്നു കഴിഞ്ഞിരുന്ന കരാറുകളുടെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച വിവാദത്തില്‍ കഴമ്പൊന്നുമില്ല.
3. ക്യാന്‍സര്‍ ആശുപത്രിക്ക് പണം ലഭിക്കാതിരുന്നത് എന്തുകൊണ്ട്?LDF ഗവണ്‍മെന്റിന്റെ എന്തെങ്കിലും വീഴ്ചകൊണ്ടല്ല പണം ലഭിക്കാതിരുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല LDF ഗവണ്‍മെന്റ് അധികാരത്തിലിരുന്ന കാലയളവില്‍ ക്യാന്‍സര്‍ ആശുപത്രിയുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിക്കുകയും ആദ്യഘട്ടം പൂര്‍ത്തീകരിച്ച് ഉത്ഘാടനം ചെയ്യുകയും ചെയ്തു.
2001 ല്‍ UDF സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ബ്ളഡ് ബാങ്കിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത് അന്ന്മുഖ്യമന്ത്രിയായിരുന്ന ശ്രീ. AK. ആന്റണിയാണ്. രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിപ്പിച്ച് ക്യാന്‍സര്‍ ആശുപത്രി വികസനം പൂര്‍ത്തിയാക്കണമെന്ന് മനോരമ അന്ന് മുഖപ്രസംഗവുമെഴുതി.
എന്നാല്‍ ആശുപത്രി സ്ഥാപിക്കുന്നതിന് വേണ്ടി LDF സര്‍ക്കാര്‍ SNC യുമായി ഏര്‍പ്പെട്ട ങഛഡ 2002 ന് ശേഷം പുതുക്കാന്‍ UDF സര്‍ക്കാര്‍ എന്തുകൊണ്ടോ തയ്യാറായില്ല. ഇനിയും ബന്ധപ്പെട്ടവര്‍ ഉത്തരം നല്കാത്ത ചോദ്യമാണത്. MOU തുടന്ന് കരാറായി മാറ്റുന്നതിനുളള ചര്‍ച്ചകള്‍ LDF ഗവണ്‍മെന്റിന്റെ കാലത്ത് അവസാനഘട്ടത്തിലായിരുന്നു. കരാര്‍ പൂര്‍ണ്ണമായി രൂപപ്പെട്ടിരുന്നില്ലെങ്കിലും MOU വിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്തു. കരാറിലേര്‍പ്പെടുകയോ MOU പുതുക്കുകയോ ചെയ്യാതെ നിര്‍മ്മാണം അവതാളത്തിലാക്കിയത് UDF സര്‍ക്കാരാണ്. MOU അടിസ്ഥാനമാക്കിയുളള ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറാണെന്ന് SNC വ്യക്തമാക്കിയ ശേഷവും ഈ സ്ഥിതി വിശേഷത്തിന് ഇടയാക്കിയവര്‍ ഉത്തരം നല്കേണ്ടതുണ്ട്.2001 - 2004 കാലയളവിലാണ് പളളിവാസല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ സിംഹഭാഗവും നടന്നതും SNCയ്ക്ക് അതിന്റെ അടിസ്ഥാനത്തിലുളള പണം നല്കിയതും. ഈ ഘട്ടത്തിലൊന്നും ആശുപത്രി നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോകാന്‍ UDF സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.
കേരളത്തിന്റെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയ ഒരു കാലഘട്ടമാണ് 1996 - 2001. അതുവഴി 1088 MW ആണ് കേരളത്തില്‍ കൂട്ടിച്ചേര്‍ത്തത്. രാജ്യനന്മ കണക്കിലെടുത്ത് വികസനത്തിന് അനുകൂലമായി എടുക്കുന്ന തീരുമാനങ്ങള്‍ കേവലം രാഷ്ട്രീയ പ്രേരിതമായി വിവാദമാകുന്നതും ദുഷ്ടലാക്കോടെ CBI യെ ഉപയോഗിച്ച് കേസിന്റെ പുകമറ സൃഷ്ടിക്കുന്നതും രാജ്യത്തിന് ഗുണകരമല്ല. പദ്ധതികള്‍ നടപ്പാക്കുന്നതിന് ധീരതയോടെ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്നതിന് കഴിയാത്ത അന്തരീക്ഷമാണ് അത് സൃഷ്ടിക്കുക. കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെയും ഗവണ്‍മെന്റിന്റെയും ആത്മവീര്യം തകര്‍ക്കാനിടയാകുന്ന ഇപ്പോഴത്തെ വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തിന് സഹായകരമല്ല.
സര്‍ഗ്ഗാത്മക സംവാദങ്ങളെക്കാള്‍ വിവാദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനമാണ് പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ എസ്.എന്‍.സി ലാവ്ലിന്‍ പ്രശ്നത്തിലും ഇതുതന്നെയാണ് കാണുന്നത്. ഇത്തരം അനാവശ്യ വിവാദങ്ങള്‍ രാജ്യനന്മ കാംക്ഷിക്കുന്നവര്‍ തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
കടപ്പാട്: സ. ബി പ്രദീപ്, കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍

ലാവ്‌ലിന്‍ കേസ് ഗൂഢാലോചകരുടെ തിരക്കഥ

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ വൈദ്യുതിപദ്ധതികളുടെ നവീകരണം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ടെന്ന പേരില്‍ ഒരു രേഖ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളും ചാനലുകളും ഒരേ ദിവസം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമാവുകയായിരുന്നു. നവീകരണ ജോലിയിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് സിഎജിയുടെ കണ്ടെത്തല്‍ എന്നും നവീകരണക്കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് കൊടുത്തത് എല്‍ഡിഎഫ് ഭരണകാലത്തായിരുന്നുവെന്നും മാധ്യമങ്ങള്‍ എഴുതി.ടിവി ചാനലുകളിലും പത്രങ്ങളിലും അനുദിനം നിറഞ്ഞുകവിഞ്ഞ വാര്‍ത്തകള്‍, വിശകലനങ്ങള്‍, ചര്‍ച്ചകള്‍. അരുതാത്തതെന്തോ നടന്നിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ടിന്റെ അകമ്പടിയോടെ സംസ്ഥാനത്തിന് വന്‍നഷ്ടം വരുത്തിവച്ചുവെന്ന ആരോപണം. എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥയിലെന്നപോലെയാണ് കാര്യങ്ങള്‍ നടന്നത്.ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തില്‍ ആദ്യവും തുടര്‍ന്ന് ഏതാനും മലയാളപത്രങ്ങളിലും നവീകരണകരാറിനെക്കുറിച്ച് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് 'തിരക്കഥ'യുടെ തുടക്കം. കോണ്‍ഗ്രസിലെ പിളര്‍പ്പ്, ഒമ്പത് എംഎല്‍എമാരുടെ രാജി, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, വിദ്യാര്‍ഥിപ്രക്ഷോഭം, സ്‌മാര്‍ട് സിറ്റി അടക്കമുള്ള ആരോപണങ്ങള്‍- ഇങ്ങനെ യുഡിഎഫ് നിലയില്ലാക്കയത്തിലാണന്ന്. നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നു എന്ന വിവരവും പുറത്തുവന്നു.ആ സമയത്താണ് ഒരേ ദിവസം, വിവിധ പത്രങ്ങളിലും ടിവി ചാനലുകളിലും പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ നവീകരണപ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി എന്ന വന്‍ വാര്‍ത്ത അവതരിച്ചത്. ബൊഫോഴ്സിനേക്കാള്‍ വലിയ അഴിമതി നടന്നെന്നുവരെ ചിലര്‍ പറഞ്ഞുവച്ചു. സംഘടിതമായ പ്രചാരണം. ഇ കെ നായനാര്‍ നയിച്ച മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ, സിപിഐഎമ്മിനെതിരെ, ഒടുവില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ. കേട്ടപാതി, കേള്‍ക്കാത്തപാതി രോഷപ്രകടനവുമായി ചിലര്‍ ഇളകിയാടി. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാതെ, ആരോപണങ്ങളുടെയും അബദ്ധങ്ങളുടെയും പെരുമഴ പെയ്യിച്ചു. നിയമസഭയില്‍ അവിശ്വാസപ്രമേയചര്‍ച്ച അതിജീവിക്കാനുള്ള ആയുധമായി യുഡിഎഫ് അത് മുതലെടുത്തു. ആര്യാടന്‍ മുഹമ്മദിനെപ്പോലെ കേരള രാഷ്ട്രീയത്തിലെ പ്രഖ്യാപിതകുബുദ്ധികള്‍ തന്ത്രപൂര്‍വം കാര്യങ്ങള്‍ മെനഞ്ഞു.സിഎജി റിപ്പോര്‍ടുകള്‍ ഇതിനുമുമ്പും നിരവധി വന്നിട്ടുണ്ട്. തങ്ങള്‍ക്കുമുന്നില്‍ കിട്ടുന്ന വിവരങ്ങളും കണക്കുകളും വച്ചാണ് ആ റിപ്പോര്‍ട് തയാറാക്കുക. കരടു തയാറായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയക്കും. വന്ന പിശകുകളും പോരായ്മകളും അവര്‍ ചുണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്തി അവസാന റിപ്പോര്‍ട് തയാറാക്കുകയാണ് പതിവ്. ഇവിടെ, ഈ കേസില്‍ ചില ഓഡിറ്റര്‍മാരെയടക്കം സ്വാധീനിച്ച് തെറ്റായ നിഗമനങ്ങളിലെത്താന്‍ ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.ഒരു വൈദ്യുതി പദ്ധതിയുടെ നിര്‍മാണം പോലെതന്നെ അങ്ങേയറ്റം സങ്കീര്‍ണമാണ് അതിനുള്ള കരാറുകളും. സാങ്കേതിക വൈദഗ്ധ്യമില്ലാത്തവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഒന്നും ഗ്രഹിക്കാനാവില്ല. അങ്ങനെയുള്ള സ്വാഭാവികമായ ദുര്‍ഗ്രാഹ്യത ഈ പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനൊരുങ്ങിയവര്‍ക്ക് സഹായകമായി എന്നു പറയാതെ വയ്യ. ഇന്നും അവര്‍ പ്രചരിപ്പിക്കുന്നത് 374 കോടി രൂപയുടെ പദ്ധതിയാണതെന്നാണ്. ആകെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപ മാത്രമാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്‌മിനിസ്ട്രേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപയാണ്.ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-മറിച്ച് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ആ പദ്ധതികളില്‍നിന്ന് നവീകരണത്തിനു ശേഷം 1100 കോടി രൂപയുടെ വൈദ്യുതി (യൂണിറ്റൊന്നിന് മൂന്നുരൂപ വച്ച്) ഇതിനകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അതായത്, കാലപ്പഴക്കംകൊണ്ട് ഞെങ്ങിഞെരുങ്ങി നീങ്ങിയ യന്ത്രങ്ങള്‍ മുഴുവന്‍ മാറ്റി പുതിയ മൂന്നു പദ്ധതികളായാണ് ഇന്നവ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ മാറ്റിയതിന്റെ ഗുണം ഉല്‍പ്പാദനത്തിലുമുണ്ട്-വര്‍ധന ഇരുപതു ശതമാനത്തോളമാണ്.സിഎജി ഓഡിറ്റ് ചെയ്യാനെടുത്ത രണ്ടുവര്‍ഷങ്ങള്‍ മഴ ഏറ്റവും കുറഞ്ഞവയാണ്. ആ വര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ എല്ലാ ജലപദ്ധതികളിലും ഉല്‍പ്പാദനം കുറഞ്ഞു. അതിനനുസരിച്ച് ഈ മൂന്നു നിലയങ്ങളിലും. ജലവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കുന്നത് സ്ഥാപിത ശേഷി നോക്കിയല്ല. വെള്ളമുണ്ടെങ്കിലേ ടര്‍ബൈന്‍ കറങ്ങൂ. മഴ കുറഞ്ഞാല്‍ വെള്ളം കുറയും; ഉല്‍പ്പാദനവും കുറയും. കഴിഞ്ഞ വര്‍ഷം ഇത്രയുണ്ടായില്ലേ, ഇക്കൊല്ലം എന്തേ കുറഞ്ഞുപോയത് എന്ന് ചോദിക്കുമ്പോള്‍ രണ്ടുവര്‍ഷത്തെയും മഴയുടെ ലഭ്യതയും സംസ്ഥാനത്താകെയുള്ള ഉല്‍പ്പാദന ശരാശരിയും നോക്കേണ്ടിവരുമെന്നര്‍ഥം. അതു നോക്കാതെയായിരുന്ന സിഎജിയുടെ റിപ്പോര്‍ട്. വൈദ്യുതി ബോര്‍ഡ് അക്കാര്യം പിന്നീട് വിശദമായി രേഖപ്പെടുത്തി സിഎജിക്ക് മറുപടി നല്‍കിയിട്ടുമുണ്ട്.കേരളത്തിലെ ആദ്യത്തെ വൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. തൊട്ടു പിന്നില്‍ വന്നവയാണ് ശെങ്കുളവും പന്നിയാറും. മൂന്നും കാലപ്പഴക്കം നിമിത്തം ഇഴഞ്ഞുനീങ്ങുന്നവയായിരുന്നു-40-50 വര്‍ഷം പഴക്കമുള്ളവ. മൂന്നു പദ്ധതികളുടെയും ജനറേറ്റര്‍ ഉള്‍പടെയുള്ള യന്ത്രങ്ങളുടെ ആയുസ്സ് മുപ്പത്തിയഞ്ചു വര്‍ഷമായിരുന്നു. അതു കഴിഞ്ഞതിനാല്‍ നവീകരണം അനിവാര്യമായിരുന്നു. പഴകിയ യന്ത്രങ്ങള്‍ക്ക് ഇടക്കിടെയുണ്ടാകുന്ന തകരാറ് കാരണം ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നത് ബോര്‍ഡിനു വലിയ നഷ്ടമുണ്ടാക്കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് നവീകരണത്തിന് ബോര്‍ഡ് തീരുമാനിച്ചത്.ലാവ്‌ലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാര്‍ ഉണ്ടാക്കിയത് അവരായിരുന്നു. ഈ കരാര്‍പ്രകാരം പദ്ധതിയുടെ രൂപരേഖയുടെയും നടത്തിപ്പിന്റെയും സാധനസാമഗ്രികള്‍ വാങ്ങുന്നതിന്റെയും ഉപദേശ-മേല്‍നോട്ടം എസ്എന്‍സി ലാവ്‌ലിനായിരുന്നു. കണ്‍സള്‍ട്ടന്‍സി ഫീസായി 24.4 കോടി രൂപയ്ക്ക് എസ്എന്‍സി ലാവ്‌ലിന് നിശ്ചയിച്ചു. ഈ ഒറിജിനല്‍ കരാറിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ 1997 ഫെബ്രുവരിയിലും 1998 ജൂലൈയിലും രണ്ട് അനുബന്ധകരാറുകള്‍ കൂടി ഒപ്പുവച്ചു. ഈ കരാറുകള്‍ യന്ത്രസാമഗ്രികളും സ്പെയര്‍പാര്‍ട്കളും വാങ്ങുന്നത് സംബന്ധിച്ചുള്ളതാണ്. ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച് വൈദ്യുതിബോര്‍ഡ് നിയമസഭയുടെ ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ടില്‍ യുഡിഎഫ് ഉണ്ടാക്കിയ കരാറിന്റെ തുടര്‍ച്ചയും കൂട്ടിച്ചേര്‍ക്കലുമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയ കരാര്‍ എന്നത് സമ്മതിച്ചിട്ടുള്ളതാണ്. "24.2.1996ലെ കണ്‍സള്‍ട്ടന്‍സി കരാറിന്റെ തുടര്‍ച്ചയായും കൂട്ടിച്ചേര്‍ക്കലുമാണ് 10.2.1997ലെ രണ്ടാമത്തെയും 6.7.1998ലെ മൂന്നാമത്തെയും കരാറുകള്‍. ഇതുമൂലമാണ് 24.2.96ലെ കരാറിനെ ഒറിജിനല്‍ എഗ്രിമെന്റ് എന്നു പറഞ്ഞിരിക്കുന്നത്.''കേരളം നേരിട്ട ഗുരുതരമായ വൈദ്യുതിപ്രതിസന്ധി തരണംചെയ്യാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശം അവഗണിച്ച് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കാന്‍ 1995-ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ജൂലൈ 19ന് നിയമസഭയില്‍ വ്യക്തമാക്കിയത്. നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കാര്‍ത്തികേയന്റെ വിശദീകരണം. അതോടെ, ഈ പ്രശനം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ വൈരനിര്യാതന കുബുദ്ധികള്‍ അടങ്ങിയിരുന്നില്ല.ആഗോള ടെന്‍ഡര്‍ വിളിക്കാത്തതെന്തുകൊണ്ട് ?കനേഡിയന്‍ സ്ഥാപനങ്ങളായ ഇഡിസിയുടെയും സിഐഡിഎയുടെയും വായ്പ കാനഡയില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വാങ്ങാമെന്ന വ്യവസ്ഥയിന്മേലാണ്. 1996 ഫെബ്രുവരി 24 ന്റെ കരാറിലെ വ്യവസ്ഥയാണത്. കാനഡയിലെ നിര്‍മാതാക്കളുടെ വിലകള്‍ വാങ്ങി അതിന്റെ പട്ടിക ആ കരാറിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കാനഡയില്‍നിന്നുതന്നെ സാധനങ്ങള്‍ വാങ്ങേണ്ടതുകൊണ്ട് 'ഗ്ളോബല്‍' ടെന്‍ഡര്‍ വിളിക്കാനാവില്ല. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെയുള്ള വഴിയാണ് ധാരണാപത്രത്തിലൂടെ ജി കാര്‍ത്തികേയന്റെ കാലത്ത് തുറന്നത്. ആ ധാരണാപത്രത്തില്‍ മുറുകെപിടിച്ചാണ് 96ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ നയം തന്നെയായിരുന്നു. കാനഡയുടെ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ കിട്ടുന്നത്, അവരുടെ രാജ്യത്ത് നിന്നുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍തന്നെയാണ്. ആ പണം ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാവില്ല.1997ല്‍ അനുബന്ധ കരാര്‍ ഒപ്പിട്ടശേഷം സാധനങ്ങളുടെ വില അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷ (എന്‍എച്ച്പിസി) നോട് ചോദിച്ചു. ഉറപ്പുവരുത്താനാണ് ചോദിച്ചത്. അതുസംബന്ധിച്ച് വൈദ്യുതിബോര്‍ഡിന്റെ മിനിട്സ് ഉണ്ട്. അത് ഇപ്രകാരം; "എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് പരിശോധിക്കലാണ്. എല്ലാ രേഖകളും സമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് എടുത്തുപറയേണ്ടതാണ്''. പൊതുവില്‍ വിലകള്‍ കൂടുതലാണെന്ന് എന്‍എച്ച്പിസി പറയുന്നില്ല. "പൊരുത്തപ്പെടുന്നത്'' എന്നാണ് പറയുന്നത്. ചിലതിന്റെ വില കൃത്യമായി കണക്കാക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും എന്‍എച്ച്പിസിക്ക് കിട്ടിയിരുന്നില്ല. എന്നിട്ടും, വിലകള്‍ അസ്വീകാര്യമാണെന്നോ, അംഗീകരിക്കരുതെന്നോ അവര്‍ ശുപാര്‍ശ ചെയ്തിട്ടില്ല.ആഗോള ടെന്‍ഡറിലൂടെയല്ലാതെ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനിച്ചുവെന്നും എന്നാല്‍, കാനഡയില്‍നിന്ന് കിട്ടിയ വിലനിലവാരം പരിശോധിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവരുടെ റിപ്പോര്‍ടിന്റെ വെളിച്ചത്തിലാണ് തുടര്‍നടപടിയുണ്ടായതെന്നും ഇവിടെ വ്യക്തമാകുന്നു.ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് കരാറുകളില്‍ ഏര്‍പ്പെട്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. ആഗോളടെന്‍ഡര്‍ വിളിക്കാതെ ധാരണാപത്രം ഒപ്പിട്ട് കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ച ജി കാര്‍ത്തികേയനാണ് ഇതിന് മറുപടി പറയേണ്ടത്. 1996 വരെ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല എന്നതും പ്രസ്താവിക്കേണ്ടതുണ്ട്. ധാരണാപത്രം അഥവാ എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്ന് കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു.കടവൂര്‍ ശിവദാസന്‍ 25-6-2002ല്‍ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ക്ക് നിയമസഭയില്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു."ചോദ്യം: മേല്‍പറഞ്ഞ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നുവോ? ഇല്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഇങ്ങനെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വിദേശ കമ്പനിക്ക് നല്‍കുന്നത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് ഗവണ്‍മെന്റ് കരുതുന്നുണ്ടോ?''"ഉത്തരം: "ഇല്ല'. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന കീഴ്വഴക്കമുണ്ട്.''ധാരണാപത്രമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിന് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കാനഡ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ ഉപയോഗിച്ചുകൊണ്ടാണല്ലോ യന്ത്രസാമഗ്രികള്‍ വാങ്ങേണ്ടത്. കാനഡയില്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ വാങ്ങുന്നതിനേ ഈ പണം ഉപയോഗിക്കാന്‍ പാടുള്ളൂ. കാനഡയില്‍ നിന്നുള്ള കയറ്റുമതി സഹായവായ്പ ഉപയോഗപ്പെടുത്തി മറ്റു രാജ്യങ്ങളില്‍നിന്ന് ചരക്കുകള്‍ വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് വാദിക്കുന്നത് വിചിത്രംതന്നെ.ആഗോള ടെന്‍ഡര്‍ വിളിക്കാതെ യന്ത്രസാമഗ്രികള്‍ വാങ്ങിയതിന്റെ ഫലമായി അമിതവില നല്‍കേണ്ടിവന്നു എന്നും സംസ്ഥാനത്തിന് ധനനഷ്ടമുണ്ടായി എന്നുമുള്ളതാണ് അടുത്തവിമര്‍ശനം. ഒരു മെഗാവാട്ട് വൈദ്യുതിക്കു നേര്യമംഗലം, ശബരിഗിരി പദ്ധതികളുടെ നവീകരണത്തിന് വേണ്ടിവന്നതിനേക്കാള്‍ ചെലവ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് വേണ്ടിവന്നു എന്നാണ് വാദം. ഇത്തരം താരതമ്യകണക്കുകളുടെ പരിമിതികള്‍ മനസ്സിലാക്കിയിരിക്കുന്നതും നന്ന്. ഏതാണ്ടെല്ലാ യന്ത്രസാമഗ്രികളും പഴക്കം ചെന്നിരുന്നതിനാല്‍ പള്ളിവാസലില്‍ എല്ലാം മാറ്റിവയ്ക്കപ്പെട്ടു. താരതമ്യം ചെയ്യുന്ന മറ്റു പല പദ്ധതികളിലും ഇത്തരത്തില്‍ സമൂലമായ മാറ്റം നടത്തിയിട്ടില്ലായെന്നത് അവഗണിച്ചുകൊണ്ടാണ് താരതമ്യകണക്കുകള്‍ നിരത്തുന്നത്. മാത്രമല്ല ഓരോ ജലവൈദ്യുത പദ്ധതിക്ക് തനതായ സവിശേഷതകള്‍ ഉള്ളതുമൂലം സാര്‍വത്രികമായ ഒരു നിരക്ക് സാധ്യമല്ല.ഇതിനേക്കാളേറെ പ്രധാനപ്പെട്ട അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്. യന്ത്രസാമഗ്രികളുടെ വിലകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തല്ല നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇവ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചത് 1995ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ചീഫ് എന്‍ജിനിയര്‍ര ാധാകൃഷ്ണപിള്ളയാണ്. മാത്രവുമല്ല 1996 ഫെബ്രുവരിയില്‍ യുഡിഎഫ് ഉണ്ടാക്കിയ കള്‍സള്‍ട്ടന്‍സി കരാറില്‍ യന്ത്രസാമഗ്രികളുടെ വാങ്ങലിന്റെ മേല്‍നോട്ടത്തിന് ലാവ്‌ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുകയും കരാറിന്റെ അനുബന്ധമായി ഓരോയിനം യന്ത്രത്തിനുമുള്ള വില ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് ഇപ്രകാരം 1995ല്‍ നിശ്ചയിച്ച് 1996ല്‍ കരാറില്‍ ഉള്‍പ്പെടുത്തിയ വിലയ്ക്ക് യന്ത്രസാമഗ്രികള്‍ സപ്ളൈ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമായിരുന്നു.അന്താരാഷ്ട്ര വിലകളും ഭെല്ലിന്റെ ഓഫറുംയുഡിഎഫ് നിശ്ചയിച്ച ഈ വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് നാഷണല്‍ ഹൈഡല്‍ പവ്വര്‍ കോര്‍പറേഷനെക്കൊണ്ട് ഒരന്വേഷണവും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുകയുണ്ടായി. എന്‍എച്ച്പിസി എത്തിച്ചേര്‍ന്ന നിഗമനം സാധനസാമഗ്രികള്‍ക്കു നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്ര നിലവാരവുമായി ഒത്തുപോകുന്നതാണ് എന്നാണ്. ഇതു സംബന്ധിച്ച് 1998 ജനുവരി 13 ന്റെ വൈദ്യുതിബോര്‍ഡിന്റെ യോഗ മിനിറ്റ്സില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്:"എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്നു പരിശോധിക്കലാണ്. എല്ലാ രേഖകളുംസമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്''.ഭെല്‍ 100 കോടി രൂപയ്ക്ക് ചെയ്യാമെന്നു പറഞ്ഞ പദ്ധതിയാണ് ഇരട്ടിയിലേറെ പണച്ചെലവുണ്ടാക്കി ലാവ്‌ലിന്‍ കമ്പനി വഴി നടത്തിയത് എന്ന് നേരത്തെ യുഡിഎഫും ഇപ്പോള്‍ സിബിഐയും പറയുന്നുണ്ട്. ഭെല്ലിന് പദ്ധതിയുടെ ചുമതലയേല്‍പ്പിക്കാന്‍ കഴിയാത്തവിധം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞതായി നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇവിടെ ഭെല്‍ അല്ല മറ്റൊരു കമ്പനിയും ഒരു നിര്‍ദേശവും സമര്‍പ്പിച്ചിരുന്നില്ല എന്നാണ് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ തന്നെ നിയമസഭയില്‍, ചോദ്യത്തിനുത്തരമായി ബി വിജയകുമാര്‍ തുടങ്ങിയവര്‍ക്ക് 16-10-2001ല്‍ നല്‍കിയത്.വൈദ്യുതിബോര്‍ഡും ക്യാന്‍സര്‍ ചികില്‍സയും തമ്മില്‍ എന്തു ബന്ധമെന്ന് സാമാന്യയുക്തിയില്‍ ഉദിക്കാവുന്ന ചോദ്യമാണ്. ഇക്കഴിഞ്ഞ ദിവസം ടിവിആര്‍ ഷേണായി ഇങ്ങനെയൊരു ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇന്നത്തെ ആഗോളവായ്പാ കച്ചവട സംരംഭങ്ങളുടെ സങ്കീര്‍ണ പശ്ചാത്തലത്തിലേ ഇത് മനസ്സിലാക്കാനാവൂ.പല വികസിത രാജ്യങ്ങളും തങ്ങളുടെ ബജറ്റിന്റെ ഒരു നിശ്ചിത വിഹിതമോ തുകയോ അവികസിതരാജ്യങ്ങള്‍ക്ക് ആതുരശുശ്രൂഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഗ്രാന്റായി നല്‍കാറുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികള്‍ അധികാരത്തിലിരുന്ന സമയത്ത് ചില സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഗ്രാന്റുകള്‍ നല്‍കണമെന്നത് നിയമവ്യവസ്ഥപോലുമാക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഇത്തരം സഹായങ്ങള്‍ കുറഞ്ഞുവരികയാണ്. കാനഡപോലുള്ള രാജ്യങ്ങളാവട്ടെ ഇത്തരം സഹായങ്ങളെ തങ്ങളുടെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിന് കരുവായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.കാനഡയില്‍നിന്ന് ചരക്കുകളും മറ്റും വാങ്ങുന്നതിന് പ്രോല്‍സാഹനമായി വായ്പകള്‍ മാത്രമല്ല ഈ വ്യാപാരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും വിദ്യാഭ്യാസം/ ആരോഗ്യം/ ദാരിദ്യ്രനിര്‍മാര്‍ജനമേഖലകളില്‍ ഗ്രാന്റുകൂടി നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുന്നു. അവികസിത രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഗ്രാന്റുകള്‍ വ്യാപാര പ്രോല്‍സാഹനാര്‍ഥം ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം ഗ്രാന്റുകള്‍ വ്യാപാരകരാറില്‍ സാധാരണഗതിയില്‍ ഉള്‍പ്പെടില്ല. പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ല എന്ന നാട്യത്തില്‍ പ്രത്യേക ധാരണാപത്രം തയ്യാറാക്കുകയാണ് പതിവ്.പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണ പദ്ധതിയുടെ തുടക്കം മുതലുള്ള ചര്‍ച്ചയില്‍ ഗ്രാന്റിന്റെ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. അധികാരത്തിലേറിയയുടന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാല്‍ നല്‍കിയ കത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞതിനാല്‍ പദ്ധതി പ്രായോഗികമാകുന്നതിനുള്ള നടപടികളെ കുറിച്ചാണ് കത്തില്‍ പ്രതിപാദിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുകയുണ്ടായി.ഈ സന്ദര്‍ശനവേളയില്‍ ലാവ്‌ലിന്‍ കമ്പനിയുമായി യുഡിഎഫ് ഉണ്ടാക്കിയ വ്യവസ്ഥകളില്‍ മൂന്ന് നേട്ടങ്ങളുണ്ടായി.ഒന്നാമത്തേത് 182 കോടി രൂപയുടെ വിദേശസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം 149 കോടി രൂപയുടെതുമതി എന്നു തീരുമാനിച്ചു.രണ്ട്, 7.81 ശതമാനത്തിലധികമാണ് പലിശ ലാവ്‌ലിന്‍ ആവശ്യപ്പെട്ടത്. അത് 6.8 ശതമാനമാക്കി കുറച്ചു.മൂന്നാമതായി 45 കോടി ഗ്രാന്റായി നല്‍കാം എന്നുള്ളത് 98 കോടി രൂപയായി വര്‍ധിപ്പിച്ചു. ഈ പണംകൊണ്ട് മലബാറില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും ധാരണയായി. ഇവയാണ് യുഡിഎഫ് ധാരണയില്‍നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം.ക്യാന്‍സര്‍ സെന്ററിനുള്ള 98 കോടി രൂപ സംബന്ധിച്ച് ഒരു ധാരണാപത്രം പിന്നീട് ഒപ്പുവച്ചു. അതുപ്രകാരം ക്യാന്‍സര്‍ ആശുപത്രിക്കുള്ള വിശദമായ പ്രൊജക്ട് ലാവ്‌ലിന്‍ കമ്പനിതന്നെ തയ്യാറാക്കുമെന്നും ആശുപത്രി സംയുക്ത മേല്‍നോട്ടത്തില്‍ ലാവ്‌ലിന്‍ കമ്പനി മുഖേന സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുമെന്നുമാണ് കരാര്‍. ഇതു വൈദ്യുതിബോര്‍ഡിന്റെ പൂര്‍ണയോഗം അംഗീകരിക്കുകയും ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.ക്യാന്‍സര്‍ ആശുപത്രിയുടെ ആദ്യഘട്ടം 12 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കി. ഇത്രയുംപോലും വിദേശധനസഹായം ലഭിച്ചോ എന്ന് തര്‍ക്കം ഉന്നയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് പരിശോധിക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ക്യാന്‍സര്‍ ആശുപത്രിയുടെ പുരോഗതിയും മന്ദീഭവിച്ചു. പിന്നീടാകെ നടന്ന പ്രവര്‍ത്തനം ഒരുകോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉല്‍ഘാടനം ചെയ്ത ബ്ളഡ്ബാങ്കാണ്. ധാരണയനുസരിച്ച് ഔപചാരിക കരാറിലേര്‍പ്പെടണമെന്ന് ലാവ്‌ലിന്‍ കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. ധാരണാപത്രം പുതുക്കണമെന്ന് എല്ലാവരും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എസ്എന്‍സി പല തവണ മുഖ്യമന്ത്രിക്കും മന്ത്രിക്കും കത്ത് അയച്ചതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നിട്ടും എംഒയു പുതുക്കിയില്ല. അത് താനേ കാലഹരണപ്പെടട്ടേ എന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. രണ്ടുവര്‍ഷത്തോളം കരടുകരാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ പൂഴ്ത്തിവച്ചു. തങ്ങള്‍ പണം സമാഹരിച്ച് തരാം അതിന് സഹായകമായി ഒരു അപ്രിസിയേഷന്‍ ലെറ്റര്‍ തരണം, ധാരണാപത്രത്തിന് പകരമായ കരാറില്‍ ഒപ്പിടണം എന്ന് എസ്എന്‍സി ആവശ്യപ്പെടുന്ന കത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ക്രിമിനല്‍ നിഷ്ക്രിയത്വവും നിഷേധാത്മകതയും മൂലമാണ് ധാരണാപത്രം കാലഹരണപ്പെട്ടത്.കേരളത്തിന് ലഭിക്കേണ്ടുന്ന 98 കോടി ഗ്രാന്റില്ലാതാക്കിയവര്‍ എല്‍ഡിഎഫിനുനേരെ അഴിമതിയായി ആരോപിക്കുകയാണ്. 98 കോടിയില്‍ 12 കോടിയുടേതിനേ കണക്കുള്ളൂ. ബാക്കിയുള്ളത് എവിടെപ്പോയി എന്നാണ് ചോദ്യം! ആ ചോദ്യം ഇപ്പോള്‍ സിബിഐയും ആവര്‍ത്തിക്കുകയാണ്. യുഡിഎഫ് നേതാക്കളുടെ പ്രസംഗം അന്വേഷണ റിപ്പോര്‍ടായി എഴുതിവയ്ക്കലാണോ സിബിഐയുടെ ജോലി? എസ്എന്‍സി ലാവ്‌ലിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുക്കേണ്ട തുക കൃത്യമായി കൊടുത്ത് തീര്‍ത്ത യുഡിഎഫ് സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലേക്കുള്ള ഗ്രാന്റ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിന് കേരളത്തിലെ ജനങ്ങളോട് അവര്‍ മറുപടി പറഞ്ഞേ തീരൂ.ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള പണം യഥാര്‍്ഥത്തില്‍ പണമായിട്ടല്ല കിട്ടുന്നത്. ആശുപത്രിയുടെ പണി ചെയ്യുന്ന ഏജന്‍സിക്ക് എസ്എന്‍സി നേരിട്ട് പേയ്മെന്റ് നടത്തുകയാണ്. ആശുപത്രി നിര്‍മാണത്തില്‍ പ്രാഗല്‍ഭ്യമുള്ള ടെക്നിക്കാലിയ എന്ന കമ്പനിക്കാണ് നിര്‍മാണക്കരാര്‍ നല്‍കിയത്. അത് ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരമാണ്. പതിനേഴ് കൊല്ലമായി ആശുപത്രി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെയും വിദേശത്തെയും കൂറ്റന്‍ ആശുപത്രികള്‍ നിര്‍മിച്ച് പരിചയമുള്ള സ്ഥാപനമാണ് ടെക്നിക്കാലിയ. ആ സ്ഥാപനത്തെക്കുറിച്ച് ദുരാരോപണങ്ങളുന്നയിച്ചും ദുരൂഹത വളര്‍ത്തിയും വിവാദം സൃഷ്ടിക്കാനുള്ള ശ്രമവും 'ലാവ്‌ലിന്‍ കേസി'നോടനുബന്ധിച്ചുണ്ടായി.2001 ഒക്ടോബര്‍ മുതല്‍ 2003 ഫെബ്രുവരി വരെയുള്ള കാലത്താണ് നവീകരിച്ച പദ്ധതികള്‍ കമീഷന്‍ ചെയ്തത്. ആ സമയത്ത് ആശുപത്രിക്കുള്ള പണം വാങ്ങിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. നാട്ടിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ ചികില്‍സക്കായി സ്ഥാപിച്ച ആതുരാലയത്തിന്റെ വികസനം മുടക്കിയാണ് യുഡിഎഫ് രാഷ്ട്രീയം കളിച്ചത്. 2001നുശേഷം 101 കോടി രൂപ എസ്എന്‍സി ലാവ്‌ലിന് കരാര്‍ തുക നല്‍കിയിട്ടുണ്ട്.ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്പ്രശ്നങ്ങള്‍ പഠിച്ച് കേരളത്തിന്റെ വൈദ്യുതിവികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഇ ബാലാനന്ദന്‍ അധ്യക്ഷനായി 'പവര്‍ ഡെവലപ്മെന്റ് കമ്മിറ്റിയെ എല്‍ഡിഎഫ് ഗവണ്‍മെന്റ് '96 സെപ്തംബര്‍ 19ന് നിയോഗിക്കുന്നത്. നാലുമാസത്തെ വിശദമായ പഠനത്തിനുശേഷം 39 നിര്‍ദേശങ്ങളാണ് ആ കമ്മിറ്റി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. മൂന്നിനങ്ങളാണ് കമ്മിറ്റിയുടെ പഠനത്തിനായി ഗവണ്‍മെന്റ് നിശ്ചയിച്ചത്.1. ആവശ്യമനുസരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ കെഎസ്ഇബിക്ക് ഉണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തല്‍, ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി മാറ്റണോ എന്ന് നിര്‍ദേശിക്കല്‍.2. വരുംവര്‍ഷങ്ങളിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലയിലെ പ്രവര്‍ത്തനം വേഗംകൂട്ടാനുള്ള നടപടികള്‍ നിര്‍ദേശിക്കല്‍.3. അധികരിച്ച ആവശ്യത്തിന് അനുസരിച്ച് ഫണ്ട് എങ്ങനെ സ്വരൂപിക്കാം എന്നത്.പൊതുവായ ഈ വിഷയങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിനമായി കമ്മിറ്റി ഉള്‍പ്പെടുത്തി.1997 ഫെബ്രുവരി രണ്ടിനാണ് ബാലാനന്ദന്‍ റിപ്പോര്‍ട് നല്‍കുന്നത്. അതിന് രണ്ടുവര്‍ഷംമുമ്പുതന്നെ കരാറായ ഒന്ന് ആ ഘട്ടത്തില്‍ പുനഃപരിശോധിക്കുക അസാധ്യമായിരുന്നു. അക്കാര്യം ബാലാനന്ദന്‍തന്നെ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതാണ്.എല്‍ഡിഎഫ് ഗവണ്‍മെന്റ് ഒരു ബഹുരാഷ്ട്ര കുത്തകയെയും കേരളത്തിന്റെ വൈദ്യുതിമേഖലയിലേക്ക് കൊണ്ടുവന്നിട്ടില്ല. പിണറായി വിജയന്‍ വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച് അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കിയ ഒന്നാണ് കോഴിക്കോട്ടെ ഡീസല്‍ വൈദ്യുതിനിലയം. നിശ്ചിത കാലത്തിനുമുമ്പ് പണി പൂര്‍ത്തിയാക്കി റെക്കോഡ് സൃഷ്ടിച്ച പദ്ധതിയാണ് ഇത്. അതിന്റെ പൂര്‍ണമായ കരാര്‍ നല്‍കിയത് ഭെല്ലിനാണ്. നിര്‍മാണ മേല്‍നോട്ടച്ചുമതല പൊതുമേഖലാസ്ഥാപനം തന്നെയായ എന്‍ടിപിസിക്കാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കിയ മറ്റൊരു പദ്ധതി കായംകുളം താപനിലയമാണ്. അതും പൊതുമേഖലയിലാണ്. വൈദ്യുതിമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട 13 ധാരണാപത്രങ്ങളിലൊന്നാണ് മഞ്ചേശ്വരത്തേത്. അതാണ് കെ പി പി നമ്പ്യാര്‍ ഏറ്റെടുത്ത് കണ്ണൂര്‍ പവര്‍ പ്രോജക്ടാക്കി എന്‍റോണ്‍ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ മുതിര്‍ന്നത്. ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടത് യുഡിഎഫ് അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ്.ബോർഡ് പറഞ്ഞത്പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉദ്ദേശിച്ചപോലെ അതിന്റെ പ്രയോജനം കേരളത്തിനു ലഭിക്കുന്നുണ്ടെന്നും ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് അക്കൌണ്ടന്റ് ജനറലിന് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നു. ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി എം മനോഹരനാണ് റിപ്പോര്‍ട് നല്‍കിയത്.ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ഇതുവരെ യുഡിഎഫ് പറഞ്ഞുനടന്നതും ഇപ്പോള്‍ അവര്‍ സിബിഐയെക്കൊണ്ട് പറയിച്ചതുമായ ആരോപണങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് എന്നാണ്.1.നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്‌ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്.2.യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്.3.മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം മുടക്കിയത് എസ്എന്‍സി ലാവ്‌ലിനുമായുള്ള ധാരണാപത്രം കാലഹരണപ്പെടുത്തിയ യുഡിഎഫ് ആണ്.4.ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട് നല്‍കുന്നതിനുമുമ്പുതന്നെ യുഡിഎഫ് വച്ച കരാര്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നു.5.ഭെല്ലില്‍നിന്ന് ഗവണ്‍മെന്റിന് ഓഫര്‍ കിട്ടിയിരുന്നില്ല. വൈദ്യുതിബോര്‍ഡില്‍ലഭിച്ച കത്താകട്ടെ, എസ്എന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടശേഷമായിരുന്നു.6.മൂന്നു പദ്ധതികളുടെ നവീകരണംമൂലം സംസ്ഥാനത്തിന് നഷ്ടമല്ല, വന്‍തോതിലുള്ള ലാഭമാണുണ്ടായത്.7. നവീകരണ കരാറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലാണ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും നടത്തിയത്.8. പദ്ധതിക്കായി 374 കോടി രൂപ ചെലവിട്ടെന്നും അത് പാഴായെന്നുമുള്ള ആരോപണം അജ്ഞതമൂലമാണ്.ഇതാണ് ലാവ്‌ലിന്‍ കേസിന്റെ കഥ. ഇതിലെവിടെ അഴിമതി? എവിടെ ഗൂഢാലോചന? സിബിഐക്ക് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.